Sorry, you need to enable JavaScript to visit this website.

കോട്ടയത്തെ ബ്ലേഡ് മാഫിയാ തലവന്  വിനയായതും രാഷ്ട്രീയ വിവാദം

കോട്ടയം - സ്വർണ കള്ളക്കടത്തടക്കം തലസ്ഥാനത്തെ രാഷ്ട്രീയ വിവാദക്കൊടുങ്കാറ്റാണ് കോടികൾ മറിയുന്ന കോട്ടയത്തെ ബ്ലേഡ് മാഫിയാ തലവന്റെ സംരക്ഷണ കവചത്തിലും വിള്ളൽ വീഴ്ത്തിയത്. ഭരണ നേതൃത്വവുമായി അടുത്ത ബന്ധമുള്ള മതപുരോഹിതനും എ.ഡി.ജി.പിയുമായിരുന്നു കോട്ടയം മുതൽ തമിഴ്‌നാട് വരെ നീളുന്ന സംഘത്തിന്റെ ചൂതാട്ട കേന്ദ്രങ്ങളുടെയും ഇടപാടുകൾക്കും തണലൊരുക്കിയതെന്നാണ് പരാതി. കോവിഡിനൊപ്പം രാഷ്ട്രീയ വിവാദം ഉലച്ചതോടെ സംഘത്തിന്റെ പിടി അയഞ്ഞു. ഇതോടെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം തുടർ നടപടികളിലേക്ക് നീങ്ങിയത്. 
ഭരണ കക്ഷിയിലെ ഒരു പ്രമുഖന്റെ മകളുടെ കല്യാണത്തിന് പത്തു ലക്ഷം രൂപയുടെ സ്വർണാഭരണമാണ് മാഫിയ കാഴ്ചെവച്ചതെന്ന് സംസാരമുണ്ട്. സ്വർണാഭരണം സഭാ നേതാവിന് നൽകിയാണ് കൈമാറിയതത്രേ. ഇതോടെ താൻ ഉന്നതന്റെ സ്വന്തം ആളാണെന്ന് ഇയാൾ കഥ മെനഞ്ഞു. ലോക്കൽ പോലീസ് ഇതോടെ വിറച്ചു. 


മണർകാട് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരെ ഈ പേരും പറഞ്ഞ് ഭയപ്പെടുത്തിയും പണം നൽകിയുമാണ് സ്വാധീനിച്ചിരുന്നതും. മുഖ്യമന്ത്രിയുമായി വ്യക്തിപരമായ അടുപ്പമുണ്ടെന്നും ഇയാൾ പ്രചരിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർ ഇയാളെ ഭയന്നാണ് കഴിഞ്ഞിരുന്നത്.
ഇതോടെ കോട്ടയത്തെ മാഫിയ പ്രവർത്തനം ഇയാൾ ശക്തിപ്പെടുത്തി. മണർകാട് ക്ലബ് തുടങ്ങി പരസ്യമായി തന്നെ പണം വെച്ചു ചീട്ടുകളിച്ചു. ലോക്കൽ പോലീസിലെ ഒരു വിഭാഗം കുട ചൂടി നിന്നു. പക്ഷേ സംഘത്തിന്റെ അതിരുവിട്ട പ്രവർത്തനങ്ങളുടെ ചിത്രം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതോടെ കഷ്ടകാലമായി. സ്ഥലം റെയ്ഡ് ചെയ്യാൻ തന്നെ യുവ ഐ.പി.എസ് ഉദ്യോഗസ്ഥൻ തീരുമാനിച്ചു. ഇതോടെയാണ് അപസർപ്പക നോവലെന്ന പോലെ മാഫിയയുടെ കഥകൾ പുറത്തു വന്നുതുടങ്ങിയത്. 


കോടികൾ മറിയുന്ന മണർകാട്ടെ ചീട്ടുകളി നടത്തിപ്പുകാരനു പിന്നിൽ തണലായത് ഈ മതനേതാവാണ്. മത സ്ഥാപനങ്ങളെ കച്ചവടവൽക്കരിക്കുന്നതിൽ എന്നും മിടുക്കു കാട്ടിയ ഇദ്ദേഹം പലപ്പോഴും വിവാദത്തിലായിട്ടുണ്ട്. ബ്ലേഡ് പണമിടപാടിനും വിവിധയിടങ്ങളിൽ വസ്തുക്കൾ വാങ്ങിക്കൂട്ടാനും കെട്ടിടങ്ങൾ പണിയുന്നതിനുമായി കണക്കിൽ പെടാത്ത പണം കൈമാറിയിട്ടുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.
തമിഴ്‌നാട്ടിൽനിന്നുള്ള മതനേതാവ് ഇടയ്ക്കിടെ ചീട്ടുകളി നടക്കുന്ന മണർകാട്ടെ വീട്ടിലെത്താറുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് കണക്കിൽ പെടാത്ത പണം കൈമാറാനാണെന്ന തരത്തിൽ സൂചന ലഭിച്ചതോടെ ഇതുസംബന്ധിച്ചും അന്വേഷണം തുടങ്ങി. ജില്ലയിലെ മുതിർന്ന ഒരു മതനേതാവിന്റെ പണമിടപാട് നടത്തുന്നതിന് ചീട്ടുകളി നടക്കുന്ന കെട്ടിടത്തിൽ പ്രത്യേകം ആളെ നിയോഗിച്ചിരുന്നു. 


ചീട്ടുകളി കേന്ദ്രത്തിൽ റെയ്ഡ് നടത്തിയ ശേഷം മണർകാട് പോലീസ് ഇൻസ്‌പെക്ടർ നടത്തിപ്പുകാരനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകുമെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാകും ഇൻസ്‌പെക്ടർക്കെതിരേ നടപടി സ്വീകരിക്കുക. കോട്ടയം സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി അനീഷ് വി. കോരയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഫോൺ സംഭാഷണത്തിൽ തന്നെ ചതിക്കരുതെന്നും സഹോദരനെ പോലെയാണ് കാണുന്നതെന്നും മണർകാട് ഇൻസ്‌പെക്ടർ പറയുന്നുണ്ടെങ്കിലും നടത്തിപ്പുകാരൻ സംഭാഷണം പുറത്തു വിട്ടതോടെ ഉദ്യോഗസ്ഥൻ വെട്ടിലായി.
മണർകാട് പാലമുറിക്ക് സമീപമുള്ള നടത്തിപ്പുകാരന്റെ വീട്ടിൽ റെയ്ഡിനായി മണർകാട് ഇൻസ്‌പെക്ടർ എത്തിയെങ്കിലും വീട്ടിൽ കയറാതെ മടങ്ങിയെന്നും പിന്നീട് റെയ്ഡ് നടത്തിയെന്ന് പറഞ്ഞ് ഉന്നത ഉദ്യോഗസ്ഥരെ കബളിപ്പിക്കുകയായിരുന്നുവെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. റെയ്ഡിനെ തുടർന്ന് മണർകാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാർ അന്വേഷണം തുടങ്ങി. 


 

Latest News