മലപ്പുറം- ചോക്കാട് പഞ്ചായത്തില്‍ കോവിഡ് ഭേദഗമായ ശേഷം ദുബായില്‍ നിന്ന് നാട്ടിലെത്തി ക്വാറന്റൈനിലിരുന്ന പ്രവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.മാളിയേക്കല്‍ തട്ടാന്‍പടിയിലെ പാലോട്ടില്‍ അബ്ദുല്‍ ഗഫൂറിന്റെ മകന്‍ ഇര്‍ഷാദലി (26)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ജൂലൈ 4ന് ദുബായില്‍ നിന്നെത്തിയ ഇര്‍ഷാദലി വീടിന് സമീപം നിര്‍മിച്ച പുതിയ വീടിന്റെ ഒന്നാംനിലയിലാണ് ക്വാറന്റൈനിലിരുന്നത്. വീട്ടുകാരുമായി മൊബൈല്‍ ഫോണില്‍ സംസാരിക്കാറാണ് പതിവ്.
ചൊവ്വാഴ്ച രാത്രിയും ഫോണില്‍ സംസാരിക്കുകയും കൂട്ടുകാരോട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബുധനാഴ്ച ഉച്ചഭക്ഷണം എത്തിച്ച് നല്‍കിയപ്പോള്‍ പ്രഭാത ഭക്ഷണവും കഴിക്കാതെ വെച്ചിരിക്കുന്നത് കണ്ടു. ഈ സാഹചര്യത്തിലാണ് വീട്ടുകാര്‍ അന്വേഷിച്ചത്. മൂക്കിലൂടെ രക്തം ഒഴുകുകയും ദേഹത്തിന് നിറംമാറ്റം സംഭവിക്കുകയും ചെയ്ത നിലയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.