Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ നിര്‍വഹിക്കാന്‍ നിര്‍ദേശം

അബുദാബി- യു.എ.ഇയിലെ പള്ളികളില്‍ ഓഗസ്റ്റ് മൂന്ന് മുതല്‍ 50 ശതമാനം വിശ്വാസികളെ ജമാഅത്ത് നമസ്‌കാരം നിര്‍വഹിക്കാന്‍ അനുവദിക്കുമെങ്കിലും ഈദുല്‍ അദ്ഹാ നമസ്‌കാരം വീടുകളില്‍തന്നെ നിര്‍വഹിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.

ജൂലൈ ഒന്നിന് വീണ്ടും തുറന്ന ശേഷം യു.എ.ഇയിലെ പള്ളികളില്‍ നിലവില്‍ 30 ശതമാനം പേര്‍ക്കാണ് പ്രവേശനം അനുവദിക്കുന്നത്.

ബന്ധപ്പെട്ട വകുപ്പുകളുമായി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ഇത്തവണ പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍  നടത്തണമെന്ന തീരുമാനം കൈക്കൊണ്ടതെന്ന്  ദേശീയ എമര്‍ജന്‍സി, പ്രതിസന്ധി, ദുരന്തനിവാരണ മാനേജ്‌മെന്റ് അതോറിറ്റി വക്താവ് ഡോ. സെയ്ഫ് അല്‍ ധാഹിരി അറിയിച്ചു. തക്ബീറുകള്‍ വിഷ്വല്‍, ഓഡിയോ മാര്‍ഗങ്ങളിലൂടെ പ്രക്ഷേപണം ചെയ്യും.
ബലിദാനവും സംഭാവനകളും ഔദ്യോഗിക ചാരിറ്റി സ്ഥാപനങ്ങള്‍ വഴി മാത്രമായിരിക്കണമെന്ന് എമിറേറ്റ്‌സ് ഫത് വ കൗണ്‍സില്‍ ശുപാര്‍ശ ചെയ്തതായും അദ്ദേഹം പറഞ്ഞു.

ബലിദാനവും സംഭാവനകളും സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ വഴിയോ അല്ലെങ്കില്‍ മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ നടപ്പാക്കുമെന്ന് ഉറപ്പുനല്‍കുന്നതും വിദൂര സേവനങ്ങള്‍ നല്‍കുന്നതുമായ അറവുശാലകള്‍ വഴിയോ ആയിരിക്കണം. കന്നുകാലി വിപണികളിലോ അറവുശാലകളിലോ പ്രവേശിക്കാതെ തന്നെ സേവനങ്ങള്‍ നല്‍കുന്നതായി പ്രാദേശിക അധികൃതര്‍ അംഗീകരിച്ച അറവുശാലകളായിരിക്കണം.
കുടുംബ സന്ദര്‍ശനങ്ങളും ഒത്തുചേരലുകളും ഒഴിവാക്കണമെന്നും  ഇലക്ട്രോണിക് ആശയവിനിമയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ആശംസ നേരണമെന്നും കുട്ടികള്‍ക്കും മറ്റും  ഈദ് സമ്മാനങ്ങളും പണവും നല്‍കുന്നതിന് ഇലക്ട്രോണിക് മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ഡോ. സെയ്ഫ് അല്‍ ധാഹിരി പറഞ്ഞു.

ഗര്‍ഭിണികള്‍, കുട്ടികള്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ എന്നിവരെ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും കോവിഡ് ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ള ഇവരെ വീടുകളില്‍നിന്ന്  പുറത്തുപോകാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

 

Latest News