കോഴിക്കോട്- കേരളത്തിനെതിരെ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് വാട്‌സാപ്പില്‍ വിദ്വേഷ പ്രചാരണം. കേരളത്തില്‍ ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന ബംഗാളികള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്നാണ് പ്രചാരണം.
കോഴിക്കോട് മിഠായി തെരുവിലെ ഹോട്ടല്‍ ഉടമ പശ്ചിമ ബംഗാള്‍ സ്വദേശിയായ തൊഴിലാളിയെ അടിച്ചുകൊന്ന് കെട്ടിത്തൂക്കിയെന്ന ശബ്ദ സന്ദേശമാണ് പ്രചരിക്കുന്നത്. ഇങ്ങനെ ഒരു സംഭവം കേരളത്തില്‍ നടന്നിട്ടില്ല. ഇവിടെ തൊഴിലെടുക്കുന്ന ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കിടയില്‍ ആശങ്കപരത്തുന്ന രീതിയിലാണ് വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം നടക്കുന്നത്.
ഈ കള്ളപ്രചരാണത്തെ തുടര്‍ന്ന് ആശങ്കയിലായ നാനൂറിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ച് നാടുകളിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഉത്തരേന്ത്യയിലെ ഗോരക്ഷാ ഗുണ്ടാ ആക്രമണത്തിന്റേയും ആള്‍ക്കൂട്ട ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ചും കേരളത്തിനെതിരെ വലിയ വിദ്വേഷ പ്രചാരണം നടക്കുന്നു.
ഇവ വ്യാജ സന്ദേശങ്ങളാണെന്ന് ഇതരസംസ്ഥാന തൊഴിലാളികളില്‍ വലിയൊരു വിഭാഗവും സമ്മതിക്കുന്നുണ്ടെങ്കിലും അവര്‍ കൂട്ടത്തോടെ തിരിച്ചു പോകുന്നത് തുടരുകയാണ്. കോഴിക്കോട്ടെ ഹോട്ടല്‍ വ്യവസായ രംഗത്ത് ഇത് തൊഴിലാളി ക്ഷാമം രൂക്ഷമാക്കിയിരിക്കുകയാണ്. രണ്ട് ഹോട്ടലുകള്‍ ഇതിനകം അടച്ചു പൂട്ടേണ്ടി വന്നു. വ്യാജ പ്രചാരണത്തിനെതിരെ ജില്ലാ കലക്ടര്‍ക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും ഹോട്ടലുടമകള്‍ പരാതി നല്‍കിയിട്ടുണ്ട്.