മസ്‌കത്ത്- കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന റിപ്പോര്‍ട്ട് ചെയ്തതോടെ ജൂലൈ 25 മുതല്‍ ഓഗസ്റ്റ് എട്ടു വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഒമാന്‍. ബലിപെരുന്നാള്‍കൂടി ഉള്‍ക്കൊള്ളുന്ന ഇക്കാലയളവില്‍ ഗവര്‍ണറേറ്റുകളിലേക്കുള്ള യാത്രകളും നിരോധിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഒ.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു.
വൈകിട്ട് ഏഴു മുതല്‍ രാവിലെ ആറു മണിവരെ ഇക്കാലയളവില്‍ കര്‍ഫ്യൂ ആയിരിക്കും. നിരോധനാജ്ഞാ സമയത്ത് എല്ലാ കടകളും പൊതു ഇടങ്ങളും അടക്കും. 47 ലക്ഷം ജനസംഖ്യയുടെ രാജ്യത്ത് ചൊവ്വാഴ്ച മാത്രം 1458 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 11 പേര്‍ മരിച്ചു. ഇതുവരെ 337 മരണവും 69,887 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.
നേരത്തെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മസ്‌കത്ത്, ദോഫര്‍, ദുഖ്മ് തുടങ്ങിയ നഗരങ്ങളില്‍ മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ചില ടൂറിസ്റ്റ് നഗരങ്ങളും സമ്പൂര്‍ണമായി അടച്ചിട്ടിരുന്നു. ഏപ്രില്‍ മുതലാണ് നിയന്ത്രണങ്ങള്‍ നീക്കിയത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതോടെ നിയന്ത്രിത രീതിയില്‍ മാത്രമാകും രാജ്യത്തെ ഈദ് ആഘോഷങ്ങള്‍ നടക്കുക. പരമ്പരാഗത പെരുന്നാള്‍ കമ്പോളങ്ങളും പ്രവര്‍ത്തിക്കില്ല. ജൂലൈ 31നാണ് പെരുന്നാള്‍.