കാസർക്കോട്- പള്ളിക്കമ്മറ്റികൾക്ക് കീഴിൽ പ്രവർത്തിക്കുന്ന മദ്രസകളിൽ അധ്യാപകരെ നിയമിക്കുമ്പോൾ ക്രിമിനൽ പശ്ചാത്തലം അന്വേഷിച്ച് ഉറപ്പുവരുത്തണമെന്ന് കാസർക്കോട് പോലീസ്. പൂർവകാല ക്രിമിനൽ സാമൂഹിക പശ്ചാത്തലം പശിശോധിച്ചു മാത്രമേ മദ്രസകളിൽ അധ്യാപകരടക്കമുള്ളവരെ നിയമിക്കുവാൻ പാടുള്ളൂവെന്നും സ്ഥാപനത്തിൽ അത്തരം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഏതെങ്കിലും ജീവനക്കാരുണ്ടെങ്കിൽ ഉടൻ പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.
ഇത്തരത്തിലല്ലാതെ ഏതെങ്കിലും പള്ളിക്കമ്മിറ്റികൾ നിയമനം നടത്തിയാൽ ആ കമ്മിറ്റി അംഗങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നുണ്ട്. ചീമേനി, ബേക്കൽ പോലിസ് സ്റ്റേഷൻ ഹൗസ് ഓഫിസർമാരാണ് നോട്ടിസ് പുറപ്പെടുവിച്ചിട്ടുള്ളത്.