തിരുവനന്തപുരം- സ്വര്‍ണക്കടത്തിന് യുഎഇ കോണ്‍സുലേറ്റിന്റേത് അടക്കമുള്ള വ്യാജരേഖകളും സീലുകളും നിര്‍മിച്ചത് സരിത്താണെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. എംബസി ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് സരിത്ത് സ്റ്റാച്യൂവിലെ സ്ഥാപനത്തില്‍ സീല്‍ നിര്‍മിച്ച് വാങ്ങിയത്.
കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന സമയത്ത് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയാണ് സ്റ്റാമ്പ് നിര്‍മിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരെ കബളിപ്പിച്ചത്. ലെറ്റര്‍ഹെഡ് ഉള്‍പ്പെടെയുള്ള പല രേഖകളും സരിത്ത് നേരത്തെ തന്നെ കടത്തിയിരുന്നു. ഇതില്‍ പലതും പാച്ചല്ലൂരിലെ സരിത്തിന്റെ കുടുംബവീട്ടില്‍ നിന്ന് അന്വേഷണസംഘം കണ്ടെത്തി.
നയതന്ത്ര പാഴ്‌സല്‍ വാങ്ങാന്‍ സരിത്തിനെ ചുമതലപ്പെടുത്തി കസ്റ്റംസിന് കൈമാറഇയ കത്ത് വ്യാജമാണ്. സരിത്ത് സ്വന്തമായാണ് ഈ കത്ത് തയ്യാറാക്കിയിരുന്നത്. മുമ്പ് കോണ്‍സുലേറ്റില്‍ സ്വപ്‌ന സുരേഷ് ജോലി ചെയ്യുന്ന സമയത്ത് നയതന്ത്ര പാഴ്‌സല്‍ വാങ്ങാന്‍ സരിത്തിനെ അയച്ചിരുന്നു.
ഈ സമയത്ത് ഉപയോഗിച്ചിരുന്ന ഔദ്യോഗിക കത്തുകളുടെ മാതൃക സരിത്തും സ്വപ്‌നയും പിന്നീട് സ്വന്തമാക്കി ഉപയോഗിച്ചുവെന്നും കണ്ടെത്തി. സ്വര്‍ണം കടത്താന്‍ ഫൈസല്‍ ഫരീദ് ഉപയോഗിച്ച കത്തും സീലുമൊക്കെ വ്യാജമായിരുന്നു. വ്യാജരേഖകള്‍ ഉപയോഗിച്ച് സരിത്താണ് ഇതൊക്കെ തയ്യാറാക്കി നല്‍കിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.