കോഴിക്കോട്- ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ രാഷ്ട്രീയം എന്താണെന്ന് പൊതുജനങ്ങള്‍ക്ക് അറിയാമെന്ന് സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം എംബി രാജേഷ്. ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ചാനലാണ് ഏഷ്യാനെറ്റ്. ഈ ചാനല്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തെ ജനങ്ങള്‍ പോസിറ്റീവായാണ് സ്വീകരിച്ചത്.പുതിയ കാലത്ത് ടെലിവിഷന്‍ മാത്രമല്ല ജനങ്ങളുമായി സംവദിക്കാനുള്ള ഇടം. ചോദ്യങ്ങളെ ഭയന്നിട്ടല്ല പ്രതിനിധികളെ അവഹേളിച്ചതിനാലാണ് ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കാന്‍ സിപിഐഎം തീരുമാനിച്ചതെന്നും എംബി രാജേഷ് പറഞ്ഞു.
ജൂലൈ 19ന് ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ചക്കിടെ സംസാരിക്കുന്നതില്‍ നിന്ന് പതിനെട്ട് തവണയാണ് അവതാരകന്‍ വിലക്കിയത്. എം സ്വരാജിനും തന്റെ അതേ അവസ്ഥയാണ് നേരിട്ടതെന്നും എംബി രാജേഷ് പറഞ്ഞു.സര്‍ക്കാരിനെ വിമര്‍ശിക്കുന്നതും ചോദ്യം ചെയ്യുന്നതുമല്ല ചാനലിനെ ബഹിഷ്‌കരിക്കാന്‍ കാരണം. തങ്ങളുടെ നേതാക്കളെ വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുകയും അപമാനിക്കുകയുമാണ്.
സ്വരാജ് സംസാരിക്കുന്നതിനിടെ മൈക്ക് ഓഫ് ചെയ്ത സംഭവവുമുണ്ടായി. നിഷ്പക്ഷമല്ലാത്ത ചാനലുകളില്‍ പോലും തങ്ങള്‍ ഇപ്പോഴും ചര്‍ച്ചയ്ക്ക് പോകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സിപിഐഎം ഉന്നയിക്കുന്ന വാദത്തിന് യാതൊരു പ്രസക്തിയുമില്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ പ്രതികരിച്ചത്.