കുവൈത്ത്‌സിറ്റി- ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് 500 കോടി കുവൈത്ത് ദിനാറിന്റെ (1600 കോടി യു.എസ് ഡോളര്‍) കടപത്രം പുറപ്പെടുവിക്കാന്‍ കുവൈത്ത്. പാര്‍ലമെന്റിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ കടപത്രം ഇഷ്യൂ ചെയ്യുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് മഹാമാരി, എണ്ണവിലയിടിവ് എന്നിവ മൂലം ജനറല്‍ റിസര്‍വ് ഫണ്ടില്‍ (ജി.ആര്‍.എഫ്) വന്‍ ഇടിവാണ് ഈ സാമ്പത്തിക വര്‍ഷമുണ്ടായത്. ഇതു മറികടക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. 30 വര്‍ഷത്തേക്ക് 2000 കോടി കുവൈത്ത് ദിനാര്‍ കടമെടുക്കാനുള്ള നിയമഭേദഗതി കഴിഞ്ഞയാഴ്ച പാര്‍ലമെന്ററി കമ്മിറ്റി ചര്‍ച്ച ചെയ്തിരുന്നു. പാര്‍ലമെന്റിന്റെ അനുമതി കിട്ടിയാലും കടപത്ര വില്‍പ്പനക്കായി മൂന്നു നാലു മാസമെടുക്കും.
ജി.ആര്‍.എഫിലെ സ്ഥിതി മോശമായ സാഹചര്യത്തില്‍ ഇത് രാജ്യത്തിന്റെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കും. ജി.ആര്‍.എഫിന്റെ ആസ്തിയില്‍ നിന്ന് 220 കോടി കുവൈത്ത് ദിനാര്‍ വില്‍പ്പനക്ക് വെക്കാനാണ് ധനമന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്. രാജ്യത്തെ മറ്റ് ഫണ്ടുകളായ സോവറീന്‍ ഫണ്ട്, ഫ്യൂച്ചര്‍ ജനറേഷന്‍ ഫണ്ട് എന്നിവക്കാണ് ഇതു വില്‍ക്കുന്നത്.