ജിദ്ദ-കണ്ണൂര്‍ ജില്ലയിലെ പാലത്തായിയില്‍ പതിനൊന്നുകാരിയെ അധ്യാപകന്‍ ക്രൂരമായി പീഡിപ്പിച്ച സംഭവം ലോകമെങ്ങമുള്ള മലയാളികളെ നടുക്കിയ സംഭവമാണ്. കശ്മീരിലെ കത്‌വ പീഡനത്തില്‍ സാംസ്‌കാരിക നായകരും ബുദ്ധിജീവികളും ശക്തമായി പ്രതികരിച്ച നാടാണ് കേരളം. അതുകൊണ്ട് തന്നെ പീഡകനായ അധ്യാപകനെ മാതൃകാപരമായി ശിക്ഷിക്കുമെന്ന് എല്ലാവരും കണക്കുകൂട്ടി. ബി.ജെ.പി നേതാവായ പത്മരാജന്‍ മാസ്റ്റര്‍ക്ക് തലശ്ശേരി കോടതി ജാമ്യം അനുവദിക്കില്ലെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്. സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ മണ്ഡലമായ കൂത്തുപറമ്പിലാണ് പാലത്തായി ഉള്‍പ്പെടുന്നത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നിന്ന് ഏതാനും കിലോ മീറ്ററുകള്‍ മാത്രം അകലെ. ഇടതുപക്ഷത്തിന്റെ കേരളത്തിലെ ശക്തിദുര്‍ഗമായ നാട്. വാപ്പയില്ലാത്ത കുട്ടിക്ക് നീതി ലഭിക്കുമെന്ന എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് തലശ്ശേരി കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഇതിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം ഒരു വശത്ത് മുറുകുകയാണ്. അതിനിടയ്ക്കാണ് വിധി വന്ന ദിവസം ജിദ്ദയിലെ കെ.എം.സി.സി പ്രവര്‍ത്തകനും കൂത്തുപറമ്പ് മണ്ഡലത്തിലെ മേക്കുന്ന് സ്വദേശിയുമായ ഷംസുദ്ദീന്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിക്കാന്‍ തീരുമാനിച്ചത്. വിഷയം ആസ്പദമാക്കി ഷംസു തയാറാക്കിയ പ്ലക്കാര്‍ഡ് മകന്‍ ഐഹാമിന് നല്‍കി ഫോട്ടോ ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും അപ്‌ലോഡ് ചെയ്യുകയായിരുന്നു. മണിക്കൂറുകള്‍ക്കം ആയിരക്കണക്കിനാളുകളാണ് ഇത് ഷെയര്‍ ചെയ്തത്. ഐഹാം ജിദ്ദ ഇന്ത്യന്‍ എംബസി സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ജിദ്ദയിലെ വേദിയിലെ വേദികളില്‍ ഈ കൊച്ചു മിടുക്കന്‍ മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ ആലപിക്കാറുണ്ട്. ജിദ്ദ എക്‌സ്ട്രാ ഷോറൂമിലെ ഉദ്യോഗസ്ഥനാണ് ഷംസുദ്ദീന്‍. ഷംസുദ്ദീന്‍-ഷാക്കിറ ദമ്പതികള്‍ക്ക് ഐഹാമിന് പുറമെ ഐദീന്‍, ഖദീജ എന്നീ രണ്ട് ചെറിയ മക്കള്‍ കൂടിയുണ്ട്. പാലത്തായിയിലെ കുരുന്നിന് നീതി ലഭിച്ചില്ലെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ ശക്തമായ ബോധവല്‍ക്കരണം നടത്താനായതിന്റെ ആഹ്ലാദത്തിലാണ് ഈ കുടുംബം.