Sorry, you need to enable JavaScript to visit this website.

ഹാദിയ വിഷയത്തിൽ കൊമ്പുകോർത്ത് ലീഗും പോപ്പുലർ ഫ്രണ്ടും; വിശദീകരണവുമായി രാഹുൽ ഈശ്വർ

കൊച്ചി- ഹാദിയ വിഷയത്തിൽ എസ്.ഡി.പി.ഐയും യൂത്ത് ലീഗും കൊമ്പുകോർക്കുന്നു. ഒരു ദേശീയ ചാനലിൽ നടത്തിയ ചർച്ചയിലെ പരാമർശത്തിൽ പിടിച്ചാണ് വാക്‌പോര്. ഹാദിയ വിഷയം ലൗ ജിഹാദാണെന്ന് പറയാൻ അവർ നിർബന്ധിച്ചുവെന്ന രാഹുൽ ഈശ്വറിന്റെ പരാമർശത്തിൽ പിടിച്ചാണ് വിവാദം. 
വ്യാജപ്രചരണം സംബന്ധിച്ച് പി.കെ ഫിറോസും രാഹുൽ ഈശ്വറും ഫെയ്‌സ്ബുക്കിലൂടെ നിലപാട് വ്യക്തമാക്കി.
അഖില@ഹാദിയ കേസിൽ എസ്.ഡി.പി.ഐ നടത്തിയ കള്ളത്തരങ്ങൾ ഓരോന്നും പുറത്ത് വരാൻ തുടങ്ങിയപ്പോൾ പുതിയ പ്രചരണവുമായി രംഗത്തിറങ്ങിയിരിക്കുകായാണെന്ന് ഫിറോസ് ആരോപിച്ചു. 

പോസ്റ്റിൽനിന്ന്: രാഹുൽ ഈശ്വറിന്റെ ഒരു ടെലിവിഷൻ ചർച്ചയിലെ വോയ്‌സും പൊക്കിപ്പിടിച്ചാണ് ഇപ്പോഴത്തെ വരവ്. മുനവ്വറലി തങ്ങളും ഞാനും ലവ് ജിഹാദാണെന്ന് പറയിപ്പിക്കാൻ രാഹുൽ ഈശ്വറിനെ നിർബന്ധിച്ചു എന്ന് രാഹുൽ ഈശ്വർ പറഞ്ഞതായാണ് പ്രചരണം.
എന്നാൽ വാസ്തവം എന്താണ്?. ഒരു ടെലിവിഷൻ ചർച്ചയിൽ ഈ വിഷയം സംസാരിച്ചു കൊണ്ടിരിക്കെ രാഹുൽ ഈശ്വർ പറയുന്നത് ഇപ്രകാരമാണ്.

'ഒരു ജഡ്ജിയുടെ മേൽ നോട്ടത്തിലല്ലാതെ എൻ.ഐ.എ ഈ കേസ് അന്വേഷിക്കരുത്. മാത്രമല്ല മുനവ്വറലി തങ്ങളോട്, ശ്രീ. പി. കെ ഫിറോസിനോട് അടക്കം ഈ വിഷയം സംസാരിച്ചു. ദേശീയ ചാനലിലിരുന്നപ്പോ അവരെന്നെക്കൊണ്ട് (ആര്? ദേശീയ ചാനലുകാര്) ലവ് ജിഹാദാണെന്ന് പറയിപ്പിക്കാൻ നിർബന്ധിച്ചു. ഞാൻ പറഞ്ഞു വേണമെങ്കിൽ നിർബന്ധിത മതപരിവർത്തനം എന്ന് ആരോപിക്കാം.

'പച്ച നുണകൾ പ്രചരിപ്പിക്കുക എന്നത് സുഡുക്കളുടെ കൂടപ്പിറപ്പാണ്. പക്ഷേ നിങ്ങൾക്ക് എത്ര കുരു പൊട്ടി ഒലിച്ചാലും നിങ്ങളുടെ എല്ലാ ഉടായിപ്പുകളും ഞങ്ങൾ പൊളിക്കും. എന്നിട്ട് വലിച്ച് കീറി ചുമരിലും ഒട്ടിക്കും. നിങ്ങൾ അത്ര മാത്രം വലിയ സംഭവമായിട്ടൊന്നുമല്ല. 'നഞെന്തിന് നാനാഴി' എന്നാണല്ലോ ചൊല്ല്. ഇത്തിരിയെ ഉള്ളുവെങ്കിലും നിങ്ങൾ വിഷമാണ്. വർഗ്ഗീയ വിഷം. അത് ചെറുക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തവും. 

ഈ വിഷയത്തിൽ പ്രതികരണവുമായി പിന്നീട് രാഹുൽ ഈശ്വറും രംഗത്തെത്തി. നല്ല മുസ്‌ലിം സംഘടനകളെ കരിവാരിതേക്കാൻ വേണ്ടി പോപ്പുലർ ഫ്രണ്ട് വ്യാജ പ്രചരണം നടത്തുകയാണെന്ന് രാഹുൽ ഈശ്വർ ആരോപിച്ചു. മുസ്‌ലിം സമുദായത്തിലെ സാധ്വി പ്രാച്ചിമാരാണ് പോപ്പുലർ ഫ്രണ്ടെന്ന് അഖില ഹാദിയക്കു ലഭിക്കുന്ന പിന്തുണയും സഹതാപവും  ദുരുപയോഗം ചെയ്തു എൻ.ഐ.എ അന്വേഷണത്തിൽ നിന്ന് രക്ഷപെടാനാണ് പോപ്പുലർ ഫ്രണ്ട് ശ്രമിക്കുന്നതെന്നും രാഹുൽ ഈശ്വർ ആരോപിച്ചു. മറ്റ് മുസ്‌ലിം സംഘടനകളെ ആശയപരമായി ആക്രമിക്കുന്നത് പോപ്പുലർ ഫ്രണ്ടിന്റെ തീവ്ര സ്വഭാവം കാരണമാണെന്നും രാഹുൽ പറഞ്ഞു. 

ഒരു ദേശീയ ചാനലിൽ ഇരുന്നപ്പോൾ ചാനലുകാർ ലൗ ജിഹാദ് എന്ന പദ പ്രയോഗം അഖില ഹാദിയ കേസുമായി ബന്ധപ്പെട്ടു നടത്തിക്കാൻ വീണ്ടും വീണ്ടും ശ്രമിച്ചെന്നും എന്നാൽ 'നിർബന്ധിത മത പരിവർത്തനം' എന്ന പദമാണ്  ഉപയോഗിക്കേണ്ടത് എന്ന് ഞാൻ പറഞ്ഞെന്നും രാഹുൽ വ്യക്തമാക്കി. 
ഇതിനെ ലൗ ജിഹാദ് എന്ന് പറയാൻ മുനവറലി തങ്ങൾ, പി.കെ ഫിറോസ് എന്നിവർ ആവശ്യപ്പെട്ടു  എന്ന രീതിയിൽ ദുർവ്യാഖ്യാനം നടത്തി മുസ്‌ലിം ലീഗിനെ കടന്നാക്രമിക്കാൻ ശ്രമിക്കുകയാണ്. 

മുസ്‌ലിം ലീഗിനോട് പല വിഷയങ്ങളിൽ വിയോജിപ്പുണ്ടാകാം, പക്ഷെ കേരളത്തിന്റെ ബഹുസ്വരതയെയും മത സൗഹാർദത്തെയും ലീഗ് ഉയർത്തിപ്പിടിച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. 
കാന്തപുരം, ജമാഅത്തെ ഇസ്‌ലാമി, വ്യത്യസ്ത സൂഫി വിഭാഗങ്ങൾ ഇവരൊക്കെ നമ്മുടെ നാടിന്റെ മഹത്തരമായ ബഹുസ്വതയുടെ ഭാഗങ്ങൾ ആണ്.
ഇന്ത്യയെ 'ഇസ്ലാമിസ്‌റ് സ്‌റ്റേറ്റ് ആകാൻ ഒരു തീവ്ര പക്ഷവും, ഹിന്ദു പാകിസ്ഥാൻ ആക്കാൻ മറു തീവ്ര പക്ഷവും ശ്രമിക്കുന്നുണ്ട്. ഇതു രണ്ടും അപകടമാണ്. ഈ തീവ്ര സ്വരക്കാർക്കു മതമോ, ആത്മീയതയോ, ദൈവമോ അല്ല.. അധികാര രാഷ്ട്രീയമാണ് വലുത്. അധികാരത്തിന് വേണ്ടി  ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിൽ തല്ലിക്കാൻ ആണ് ഇവർ ശ്രമിക്കുന്നത്. ആ ധ്രുവീകരണത്തിൽ നിന്ന് രാഷ്ട്രീയ ലാഭമാണ് ഇവർ പ്രതീക്ഷിക്കുന്നത്. 
അഖില ഹാദിയ എന്ന ഒരു പെൺകുട്ടിയെ വച്ച് നമ്മൾ രാഷ്ട്രീയ വടം വലി നടത്തിയാൽ ദൈവം നമ്മളോട് പൊറുക്കില്ലെന്നും രാഹുൽ പറഞ്ഞു. 


 

Latest News