ദുബായ്- കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടമായ ആയിരക്കണക്കിന് പ്രവാസികള്‍ ഒരു മാസത്തിനകം യു.എ.ഇ വിടണം. പുതിയ ഒരു ജോലി കണ്ടെത്താനും താമസം നിയമവിധേയമാക്കാനമുള്ള നെട്ടോട്ടത്തിലാണ് മലയാളികളടക്കമുളളവര്‍.
ഒരു മാസത്തിനകം ജോലി കണ്ടെത്താനായില്ലെങ്കില്‍ യു.എ.ഇ വിടേണ്ടിവരുമെന്ന്
പാക്കിസ്ഥാന്‍ സ്വദേശിയായ ഗ്രാഫിക് ആര്‍ട്ടിസ്്റ്റ് മുസ്തഫ എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
എണ്ണ സമ്പന്നമായ അബുദാബിയും ടൂറിസ്റ്റ് കേന്ദ്രമായ ദുബായിയും ഉള്‍ക്കൊള്ളുന്ന യു.എ.ഇ ഇതുവരെ വിവിധ രാജ്യങ്ങളിലുള്ള പ്രവാസി തൊഴിലാളികള്‍ക്ക് ഇതുവരെ വലിയ ആശ്രയമായിരുന്നുവെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ അടിച്ചടലും അതു വരുത്തിയ സാമ്പത്തിക ആഘാതവും കാരണം പ്രവാസികളുടെ തിരിച്ചുപോക്കിനാണ് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.
ഒരു കോടിയില്‍ താഴെ ജനസംഖ്യയുള്ള യു.എ.ഇയില്‍ ഒമ്പത് ലക്ഷത്തോളം
തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുമെന്നും പ്രവാസികളില്‍ പത്ത് ശമാനമെങ്കിലും തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങേണ്ടി വരുമെന്നുമാണ് പഠനം വ്യക്തമാക്കുന്നത്.
ഉള്ളതൊക്കെ വിറ്റൊഴിവാക്കി കഴിയുംവേഗം നാടുപിടിക്കാന്‍ നിര്‍ബന്ധിതരായിരിക്കയാണ് ധാരാളം പേര്‍.
യു.എ.ഇ ഒരു താല്‍ക്കാലിക ഇടമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ഒരു ദിവസം നാട്ടിലേക്കോ മറ്റെവിടെയെങ്കിലുമോ മടങ്ങിപ്പോകണമെന്ന കാര്യം ഉറപ്പാണെന്നും കോവിഡ് പ്രതിസന്ധിക്ക് മുമ്പ് ഒരു സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിംഗ് സ്ഥാപനത്തില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന മുസ്തഫ പറഞ്ഞു.
തൊഴിലവസരങ്ങള്‍ കുറഞ്ഞതും അപേക്ഷകര്‍ വര്‍ധിച്ചതും കാരണം ഇനിയൊരു തൊഴില്‍ കണ്ടെത്തുക പ്രയാസമാണെന്നും പാക്കിസ്ഥാനിലേക്ക് മടങ്ങുമെന്നും 30 കാരനായ മുസ്തഫ പറഞ്ഞു.
നിലവിലുള്ള തൊഴില്‍ പരിചയം വെച്ച് പാക്കിസ്ഥാനില്‍ ഒരു ജോലി കണ്ടെത്തിയാലും ദുബായില്‍ ലഭിച്ചതിന്റെ പകുതി പോലും വേതനം ലഭിക്കുമെന്ന് കരുതാനാവില്ല.
33 ലക്ഷത്തിലേറെ ജനസംഖ്യയുള്ള ദുബായില്‍ 90 ശതമാനത്തോളം പ്രവാസികളാണ്. മെഗാ മാളുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും പ്രവര്‍ത്തിപ്പിക്കാനും ടൂറിസം, ബാങ്കിംഗ്, സേവനങ്ങള്‍ എന്നിവയുടെ ആഗോള കേന്ദ്രമാക്കി മാറ്റാനും പ്രവാസി തൊഴിലാളികളാണ് ദുബായിയെ സഹായിച്ചത്. ദുബായില്‍ നിയന്ത്രണങ്ങള്‍ നീക്കി വരികയാണെങ്കിലും മറ്റു രാജ്യങ്ങളില്‍ വിമാന യാത്രക്കടക്കം നിയന്ത്രണങ്ങളും ലോക് ഡൗണും നിലനില്‍ക്കുന്നതിനാല്‍ പുനരുജ്ജീവനം എളുപ്പമല്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
വിദേശികളെ കുടിയേറ്റക്കാരായി കാണാതെ പ്രവാസികളായി തന്നെ നിലനിര്‍ത്തുന്നതാണ് ഗള്‍ഫ് സംവിധാനങ്ങളെന്നും സ്വന്തം നാട്ടിലേക്കോ മറ്റു രാജ്യങ്ങളിലേക്കോ മടങ്ങാതെ നിര്‍വാഹമില്ലെന്നും മിഡില്‍ ഈസ്റ്റ് ഓക്‌സ്‌ഫോഡ് ഇക്കണോമിക്‌സിലെ ചീഫ് ഇക്കണോമിസ്റ്റ് സ്‌കോട്ട് ലിവര്‍മോര്‍ പറഞ്ഞു.
യാത്ര, ടൂറിസം, ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, റിയല്‍ എസ്‌റ്റേറ്റ്, ലോജിസ്റ്റിക്‌സ് എന്നിവയാണ് ദുബായില്‍ ഏറ്റവും കൂടുതല്‍ ദുര്‍ബലമായിരിക്കുന്ന മേഖലകള്‍.
പ്രതിസന്ധിയില്‍ വലിയ ആഘാതം നേരിട്ട കമ്പനികളിലൊന്നായ എമിറേറ്റ്‌സ് എയര്‍ലൈന്‍ പത്ത് ശതമാനം തൊഴിലാളികളെ വെട്ടിക്കുറച്ചിരിക്കയാണ്. 4,300 പൈലറ്റുമാരും 22,000 മറ്റു വിമാന ജോലിക്കാരുമടക്കം 60,000 ജീവനക്കാരുണ്ടായിരുന്ന കമ്പനിയാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്.