Sorry, you need to enable JavaScript to visit this website.

ചൊവ്വ കഴിഞ്ഞു, അറേബ്യന്‍ നോട്ടം ഇനി ചന്ദ്രനിലേക്കും

ദുബായ്- 'ഭാവി ആകാശദൗത്യങ്ങളിലേക്കുള്ള സംഘത്തെ ഉണ്ടാക്കുക എന്നതായിരുന്നു ഞങ്ങളുടെ ഒന്നാമത്തെ ലക്ഷ്യം. അതാണ് ഇന്ന് യാഥാര്‍ഥ്യമായിരിക്കുന്നത്. ഏതെല്ലാം പദ്ധതികളാണ് ഉള്ളത് എന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ചൊവ്വക്കൊപ്പം ചന്ദ്രനെകൂടി ഞങ്ങള്‍ ലക്ഷ്യമിടുന്നുണ്ട്. അതിനുള്ള ശേഷി ഞങ്ങള്‍ക്കുണ്ട്' - ചൊവ്വയിലേക്കുള്ള ആകാശദൗത്യമായ ഹോപ് പ്രോബിന്റെ വിജയത്തിന് ശേഷം യു.എ.ഇ സംരഭകത്വ വകുപ്പു മന്ത്രി ഡോ. അഹ്മദ് ബല്‍ഹൗല്‍ അല്‍ഫലാസിയുടെ വാക്കുകളാണിത്.
യു.എ.ഇയുടെ ആകാശത്തോളം ഉയര്‍ന്ന പ്രതീക്ഷകള്‍ എല്ലാമുണ്ട് ഈ വാക്കുകളില്‍. അതിന്റെ ആദ്യപടിയായിരുന്നു ഹോപ് പ്രോബിന്റെ വിക്ഷേപണം. അറബ് ലോകത്തു നിന്നുള്ള ആദ്യ ചൊവ്വാ പര്യവേഷണ പേടകം ജപ്പാനിലെ തനേഗാഷിമ ദ്വീപില്‍ നിന്ന് പ്രാദേശിക സമയം പുലര്‍ച്ചെ 1.54നാണ് കുതിച്ചുയര്‍ന്നത്. പേടകത്തില്‍ നിന്നുള്ള സിഗ്നലുകള്‍ ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പെയ്‌സ് സെന്ററില്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
എണ്ണക്കൊപ്പം രാജ്യത്തെ വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയാക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യമെന്ന് അല്‍ ഫലാസി പറയുന്നു. 'അതിരുകളില്ലാത്തതാണ് ഈ പ്രപഞ്ചം. ഇനിയുമുണ്ട് ഒരുപാട് ദൗത്യങ്ങള്‍'  അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രതീക്ഷ വാനോളമുണ്ട്.  
'ഇത് വലിയ ദൗത്യമാണ്. ഈ വര്‍ഷം മൂന്നു രാഷ്ട്രങ്ങളാണ് ചൊവ്വയെ ലക്ഷ്യം വെക്കുന്നത്. യു.ഇ.എ ഇതില്‍ നവാഗതരാണ്. അതു കൊണ്ടു തന്നെ ഒരുപാട് തെളിയിക്കേണ്ടതുണ്ട്. കൃത്യമായ ആസൂത്രണത്തിനും ഉറക്കമില്ലാത്ത രാത്രികള്‍ക്കും നന്ദി'  നിര്‍മിതബുദ്ധി-ഡിജിറ്റല്‍ ഇക്കോണമി വകുപ്പു മന്ത്രി ഉമര്‍ സുല്‍ത്താന്‍ അല്‍ഉലമ പറഞ്ഞു.

 

Latest News