അബുദാബി- കോവിഡ് മഹാമാരിയെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച ചൈനയിലേക്കുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിച്ച് ഇത്തിഹാദ്. അബൂദാബിയില്‍ നിന്ന് ഷാങ്ഹായിയിലേക്കുള്ള യാത്രാവിമാനമാണ് വീണ്ടും സര്‍വീസ് ആരംഭിക്കുന്നത്. ജൂലൈ 27നാണ് ആദ്യയാത്ര. 'ചൈനയിലേക്കുള്ള സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നു എന്ന് പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ആഗോളതലത്തില്‍ കൂടുതല്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസുകള്‍ വൈകാതെയുണ്ടാകും' ഇത്തിഹാദ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ റോബിന്‍ കമാര്‍ക് പറഞ്ഞു.
തിങ്കളാഴ്ചകളിലാണ് ഷാങ്ഹായിലേക്കുള്ള വിമാനം. ഉച്ചക്ക് ഒരു മണിക്ക് ഷെഡ്യൂള്‍ ചെയ്ത വിമാനം ചൊവ്വാഴ്ച മടങ്ങും. ബിസിനസുകാരുടെ ആവശ്യം പരിഗണിച്ചാണ് സര്‍വീസ് പുനരാരംഭിക്കുന്നതെന്നും കമാര്‍ക്ക് പറഞ്ഞു. ഷാങ്ഹായി അടക്കം 59 ഇടങ്ങളിലേക്കാണ് ഇത്തിഹാദ് വീണ്ടും സര്‍വീസ് ആരംഭിക്കുന്നത്. ഓഗസ്റ്റ് ആദ്യവാരത്തോടെ സര്‍വീസുകള്‍ പ്രവര്‍ത്തനസജ്ജമാകും. എല്ലാ യാത്രക്കാര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 72 മണിക്കൂര്‍ മുമ്പ് പരിശോധിച്ച ഫലമാണ് പരിഗണിക്കുക. എയര്‍ലൈന്‍സിന്റെ ഹോം ടെസ്റ്റിംഗ് സര്‍വീസ് യാത്രക്കാര്‍ക്ക് ഉപയോഗിക്കാമെന്ന് ഇത്തിഹാദ് അറിയിച്ചു.