ജീവിതത്തിൽ ഒരു കത്തെങ്കിലും എഴുതാത്തവരുണ്ടോ..? കരിയില വീണ ചെമ്മൺ പാതയിലൂടെ ബന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും മഷി പുരണ്ട കത്തുമായി എത്തുന്ന പോസ്റ്റുമാനെ കാത്തിരുന്ന നാളുകൾ പൊയ്‌പ്പോയ കാലത്തിന്റെ മങ്ങിയ ഓർമകളാണ്.
സ്‌നേഹവും വിരഹവും വികാരങ്ങളുമൊക്കെ കൈമാറ്റം ചെയ്തിരുന്ന കത്തുകൾ നമ്മെ തേടയെത്തിയത് തപാൽ വഴിയാണ്. ഇന്റർനെറ്റും ഇമെയിലും മൊബൈൽ ഫോണും വാട്‌സാപ്പും കീഴടക്കിയ പുതിയ കാലത്ത് വികാരവും സ്‌നേഹവുമെല്ലാം മിസ്‌കോളും ടെക്സ്റ്റ് മെസേജുകളുമായി മാറി.
കുടുംബങ്ങളെ, സുഹൃദ്ബന്ധങ്ങളെ, പ്രിയതമയെ, പ്രണയിതാക്കളെയെല്ലാം പരസ്പരം കൂട്ടിയിണക്കി മേൽവിലാസക്കാരന് പണമോ, നികുതിയോ, ചെലവുകളോ ഇല്ലാതെ കൈകളിൽ വന്നെത്തുന്ന സ്‌നേഹക്കുറിമാനം നമുക്ക് മറക്കാൻ കഴിയുന്നില്ല.
കത്തുകളെ മാത്രം ആശ്രയിച്ചിരുന്ന പഴയ കാലത്തെ സ്മരണ പുതുക്കുകയാണ് ഒക്ടോബർ പത്തിലെ തപാൽ ദിനം മുൻനിർത്തി എഴുത്തുകാരായ എം. മുകുന്ദൻ, മണമ്പൂർ രാജൻ ബാബു എന്നിവർ.
ഗൾഫുകാരന്റെ നൊമ്പരം പാട്ടായി പകർത്തിയ കവിയും ഗായകനുമായിരുന്ന എസ്.എ. ജമീലിന്റെ കത്തുപാട്ടിനെക്കുറിച്ച് മാപ്പിളപ്പാട്ടിന്റെ സുൽത്താൻ വി.എം.കുട്ടിയും മനസ്സ് തുറക്കുന്നു.
എം. മുകുന്ദൻ, ഔറംഗസീബ് റോഡ്, ന്യൂദൽഹി
എം. മുകുന്ദൻ
ആധുനിക വാർത്താ മാധ്യമങ്ങൾ അരങ്ങ് വാഴാത്തതിന് മുമ്പുള്ള കാലഘട്ടത്തിലാണ് മയ്യഴിയിൽ നിന്ന് രാജ്യതലസ്ഥാനമായ ന്യൂദൽഹിയിലേക്കുളള എന്റെ പറിച്ചു നടൽ.
ടെലിഫോൺ, ടെലിവിഷൻ അടക്കം ഒന്നിന്റെയും ശബ്ദമില്ലാത്ത കാലം. അക്കാലത്ത് അഞ്ചും ആറും ദിവസം കഴിഞ്ഞെത്തുന്ന കത്തിലൂടെയാണ് നാടിന്റെ വളർച്ചയെ കുറിച്ചും മറ്റ് വിശേഷങ്ങളും ഞാൻ അറിയുന്നത്.
ഇന്ന് മൊബൈൽ വാടസാപ്പിലൂടെയും അനേകം വാർത്താ ചാനലിലൂടെയും വിവരങ്ങളുടെ കൈമാറ്റം വിരൽതുമ്പിൽ നടക്കുമ്പോൾ കത്തിടപാടുകളുടെ കാലം പൊയ്‌പോയ കാലത്തിന്റെ അടയാളങ്ങൾ മാത്രമാണ്.
1962 ലാണ് ഞാൻ ഫ്രഞ്ച് എംബസി ഉദ്യോഗസ്ഥനായി ദൽഹിയിലെത്തുന്നത്.
മയ്യഴിയിലെ വീട്ടിൽ നിന്ന് കത്തെഴുതിയാൽ ന്യൂദൽഹിയിലും മറുപടി ഞാൻ എഴുതിയാൽ മയ്യഴിയിലെത്താൻ അഞ്ചാറ് ദിവസവുമെടുക്കും. കത്ത് കിട്ടുമ്പോഴുളള നിർവൃതിയും ആകാംക്ഷയും ഒന്നു വേറെ തന്നെയാണ്.
കത്തിലെ ഉളളടക്കത്തെ കുറിച്ചാണ് ഈ ബേജാറ്. മരണങ്ങളും വിവാഹങ്ങളും നാട്ടിലുളളവരുടെ വളർച്ചയും ഫ്രഞ്ച് എംബസിയിലെത്തുന്ന കത്തുകളിൽ സ്പഷ്ടമായിരുന്നു. ആയതിനാൽ തന്നെ പോസ്റ്റ്മാനും പോസ്‌റ്റോഫീസും ജീവത്തിൽ നിന്ന് മാറ്റി നിർത്താൻ കഴിയാത്ത ഘടകങ്ങളാണ്.
ഞാൻ എഴുതിത്തുടങ്ങുന്ന കാലമാണ്.
മാസികകളിലേക്കും വാരികകളിലേക്കുമുളള എഴുത്തുകൾ തപാൽ വഴിയാണ് എഡിറ്റർമാരുടെ മേശക്കരികിൽ എത്തിയിരുന്നത്.
കഥകളും നോവലുകളും പിറന്നതോടെ എന്നെ തേടി എത്തുന്ന കത്തുകളുടെ എണ്ണവും കൂടി. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവൽ പ്രസിദ്ധീകരിച്ചതോടെയാണ് വായനക്കാരുടെ കത്തുകൾ കൂടിയത്. ദിനേന പത്ത് മുതൽ 15 വരെ കത്തുകൾ വന്നിരുന്നു.
ജോലി ചെയ്യുന്ന എംബസിയിലെ മേലുദ്യോഗസ്ഥൻ പറയുമായിരുന്നു, നമുക്കുളളതിനേക്കാൾ കത്തുകൾ മുകുന്ദനാണ് എത്തുന്നതെന്ന്.
ഒരിക്കൽ ഒരു വായനക്കാരൻ എം. മുകുന്ദൻ, ഔറംഗസീബ് റോഡ്, ന്യൂദൽഹി എന്ന വിലാസത്തിലാണ് കത്തെഴുതിയത്. ഈ കത്തും കൃത്യമായി എനിക്ക് കിട്ടി. ദൽഹിയിലെ പോസ്റ്റ്മാനും തപാൽ ജീവനക്കാരും കത്തുകൾ പെരുകിയതോടെ എന്നെ പെട്ടെന്ന് അറിഞ്ഞു തുടങ്ങിയിരുന്നു.
പുനത്തിൽ കുഞ്ഞബ്ദുല്ല എന്ന ഞങ്ങളുടെ കുഞ്ഞിക്ക, വി.ആർ.സുധീഷ്, ജെ.ആർ. പ്രസാദ് എന്നിവരുടെ കത്തിലൂടെയാണ് ഞാൻ നാട്ടിലെ സാഹിത്യ സാംസ്‌കാരിക കാര്യങ്ങൾ അറിഞ്ഞിരുന്നത്. മാസത്തിൽ പല തവണ ഇവരുടെ കത്തുകൾ വരും. ഓരോരുത്തരുടെ കത്തിലും എന്റെ കഥകളെയും നോവലിനെയും കുറിച്ചുള്ള അഭിപ്രായങ്ങളും നിരീക്ഷണങ്ങളുമുണ്ടാകും. കത്തും തപാലും ജീവിതത്തിൽ നിന്ന് കുറഞ്ഞു തുടങ്ങിയത് വിവര സാങ്കേതിക വിദ്യ കൂടിയതോടെയാണ്.
ഇന്ന് മാസികകളുമായി എത്തുന്ന തപാലുകാരനെയാണ് കാണുന്നത്. സൃഷ്ടികളടക്കം ഇന്റർനെറ്റ് വഴി ലക്ഷ്യസ്ഥാനത്തെത്തുന്നു.
അപ്പോഴും ഓർമയിൽ സൈക്കിളിലേറി വരുന്ന ഒരു പോസ്റ്റ്മാൻ ഓർമയിൽ തെളിയാറുണ്ട്.
തപാലിൽ ഒഴുകുന്ന 'ഇന്ന്' മാസിക
മണമ്പൂർ രാജൻബാബു
മയ്യഴിയിൽ നിന്ന് സി.എച്ച്. ഗംഗാധരൻ പ്രസിദ്ധീകരിച്ചിരുന്ന സുലേഖ ഇൻലെന്റ് ലെറ്റർ മാസികയിൽ ആകൃഷ്ടനായാണ് ഞാൻ ഇന്ന് മാസിക ആരംഭിക്കുന്നത്. മലപ്പുറത്ത് ജില്ലാ പോലീസ് ഓഫീസിൽ ഉദ്യോഗസ്ഥനായതോടെയാണ് തിരുവനന്തപുരം മണമ്പൂരിലുളള ഞാൻ മലപ്പുറത്തുകാരനായത്. ആയതിനാലാണ് ഇന്ന് ഇൻലന്റ് മാസികയുടെ ആസ്ഥാനം മലപ്പുറമായത്. ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ച ഏക തപാൽ മാസിക 37 ാംവർഷത്തിലേക്ക് കടക്കുകയാണ്.
പോസ്റ്റ്മാനെ പ്രതീക്ഷിക്കുന്ന സംസ്‌കാരമാണ് ഇന്ന് എന്ന പേരിലുളള ഇൻലൻഡ് മാസിക കാത്തുവെക്കുന്നത്. മലയാളത്തിലെ സാഹിത്യ സാമൂഹ്യ മണ്ഡലങ്ങളിലെ മഹാരഥന്മാരെല്ലാം എഴുതിയും എഴുതിക്കൊണ്ടിരിക്കുന്നതുമായ ഈ കുഞ്ഞു മാസിക ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചത് തപാൽ വഴിയുളള പ്രചാരണത്തിലൂടെയാണ്. സാങ്കേതികത വിദ്യ ഏറെ വികസിച്ച ആധുനിക കാലഘട്ടത്തിലും ഇന്ന് മാസിക രാജ്യത്ത് ഏറ്റവും കൂടുതൽ കാലം പ്രചാരത്തിലിരിക്കുന്ന ഇൻലൻഡ് മാസിക എന്ന ഖ്യാതിയും ഇപ്പോൾ സ്വന്തമാക്കിയിട്ടുണ്ട്.
1960 ൽ കയ്യെഴുത്തു പ്രതിയായി തയ്യാറാക്കി വിതരണം ചെയ്യാൻ ആരംഭിച്ച സംഗമം എന്ന മാസികയാണ് പിന്നീട് 1981 ഡിസംബർ മുതൽ ഇന്ന് മാസികയായി മലപ്പുറത്ത് നിന്ന് ആരംഭിച്ചത്. കേരളത്തിന് പുറമെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, അമേരിക്ക, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇന്ന് മാസികക്ക് വായനക്കാരും എഴുത്തുകാരുമുണ്ട്.
എം.ടി. വാസുദേവൻ നായർ, ഡോ.എം.ലീലാവതി, സക്കറിയ, പി.ആർ. നാഥൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ശ്രീരാം വെങ്കട്ടരാമൻ, പികെ.ഗോപി, സച്ചിദാനന്ദൻ പുഴങ്കര, ആലങ്കോട് ലീലാകൃഷ്ണൻ, മൺമറഞ്ഞ ഒ.വി. വിജയൻ, മാധവിക്കുട്ടി, സുകുമാർ അഴീക്കോട്, എ.അയ്യപ്പൻ എന്നിവരടക്കം ഇന്ന് മാസകയിൽ രചനകളെഴുതിയിട്ടുണ്ട്. തപാലിൽ രചനകൾ വരും, തപാലിൽ തന്നെ അവരുടെ കൈകളിലെത്തും. ഇതാണ് 'ഇന്ന്' മാസിക. വർഷങ്ങൾ നീണ്ട പ്രസാധനത്തിനിടെ എഴുത്തുകാരിൽ എ. അയ്യപ്പന് 50 രൂപ പ്രതിഫലം നൽകിയ സംഭവം മനസ്സിൽ തങ്ങിനിൽക്കുന്നതായി രാജൻ ബാബു പറഞ്ഞു. ഇന്ന് മാസികയുടെ പ്രത്യേക ഓണപ്പതിപ്പിലേയ്ക്ക് കവിത എഴുതിയതിന് പേപ്പറും മഷിയും വാങ്ങിയതിനും, ഒരു ചായ കുടിക്കാനും എന്ന് പറഞ്ഞു കൊണ്ടാണ് അയ്യപ്പന്റെ കവിതക്ക് പ്രതിഫലം നൽകിയത്. മണിയോർഡർ കിട്ടിയ അയ്യപ്പൻ കലാകൗമുദിയിൽ ചെന്ന് എഡിറ്ററായിരുന്ന ഭാസുര ചന്ദ്രനോട് പറഞ്ഞുവേത്ര, മാസിക നടത്തിപ്പുകാർ ഇങ്ങനെയായിരിക്കണമെന്ന്!
സാധാരണ മാസികളിലെ എല്ലാ സൃഷ്ടികളും ഉൾക്കൊള്ളുന്നതാണ് ഇന്ന് മാസിക. എഡിറ്റോറിയൽ, കഥ, കവിത, കാർട്ടൂൺ തുടങ്ങി പുസ്തക നിരൂപണം വരെ എല്ലാം ഈ ഇൻലന്റ് മാസികയിൽ ചെറുതാക്കി ഉൾപ്പെടുത്തിയാണ് പ്രസിദ്ധപ്പെടുത്തുന്നത്. 50 രൂപ നൽകിയാൽ മാസിക മാസത്തിൽ വീട്ടിലെത്തും. ഇന്നിന്റെ സാധാരണ രൂപം ഇൻലന്റ് പോലെയാണെങ്കിൽ കൂടി വിശേഷാൽ പ്രതികൾ ചെറുപുസ്തകരൂപത്തിലാകാറുണ്ട്. ഇവയ്ക്ക് സാധാരണ ലക്കങ്ങളിൽ നിന്ന് വ്യത്യസ്തമായി വിലയും ഈടാക്കാറുണ്ട്. പിന്നീടൊരിക്കൽ ജി. അരവിന്ദന്റെ നിർദ്ദേശപ്രകാരം തലക്കെട്ടുകൾ കൈകൊണ്ടെഴുതിയവയും ബാക്കി ഭാഗം അച്ചടിച്ചതുമായി മാറ്റി.
ഒരാളോട് പറയാനുളള കാര്യങ്ങൾ നമുക്കിന്ന് എളുപ്പത്തിൽ ഫോണിൽ പറയാനാകും. എന്നാൽ അത് കത്തെഴുതി പറഞ്ഞാൽ നമുക്ക് ആലോചിച്ച് പറയാം. അത് മനസ്സിനും തലച്ചോറിനും സുഖമാണ്. സംസ്‌കാരമാണ്. ഇന്ന് മാസികയിലേക്ക് തപാലിൽ ഏറ്റവും കൂടുതൽ കത്തെഴുതുന്നവർക്ക് വർഷത്തിലൊരിക്കൽ അക്ഷര ബന്ധു പുരസ്‌കാരം നൽകി വരുന്നുണ്ട്. തുഞ്ചൻ ഉൽസവത്തിൽ എം.ടി. വാസുദേവൻ നായരാണ് ഇക്കാലമത്രയും പുരസ്‌കാരം നൽകിയത്. ഇന്ന് മാസികയിൽ പ്രസിദ്ധീകരിച്ച കഥകളും കവിതകളും കോർത്തിണക്കി ഡി.സി ബുക്‌സ് കുറുമൊഴി എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 285 രചനകളാണ് ഇതിൽ ഉൾപ്പെടുത്തിയത്. ഇന്ന് എന്ന പേരിൽ 200 കഥകൾ ഉൾപ്പെടുത്തി മാതൃഭൂമിയും ഇവരുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നുണ്ട്.
കത്ത് പാട്ട് അഥവാ പ്രവാസിയുടെ ആത്മഗാഥ
വി.എം. കുട്ടി
എത്രയും ബഹുമാനപ്പെട്ട പ്രിയ ഭർത്താവ് വായിച്ചറിയുവാൻ,
സ്വന്തം ഭാര്യ, എഴുതുന്നതെന്തന്നാൽ
ഏറെ പിരിശത്തിൽ ചെല്ലിടുന്നുവസ്സലാം..
എഴുതി അറിയിക്കാൻ കാര്യങ്ങൾ നൂറുണ്ട്.
എഴുതുകയല്ലാതെ വേറെന്തു വഴിയുണ്ട്.
കത്തുകൾ മനുഷ്യ ജീവിതത്തോട് ചേർന്നത് മനുഷ്യന്റെ കാലഘട്ടം മുതൽ തന്നെയാണ്. കവിതയിലും കഥകളിലും പാട്ടിലുമെല്ലാം ഹൃദയത്തോട് ചേർത്തെഴുതിയ ഒരു കത്ത് വായിക്കാത്തവർ, കത്തിനെ കാത്തിരിക്കാത്തവർ ഇന്നുണ്ടാവില്ല. മാപ്പിളപ്പാട്ട് ശാഖയിൽ കത്ത് പാട്ടുകൾക്ക് കാലങ്ങൾക്ക് മുമ്പ് തന്നെ പ്രചാരമുണ്ട്. പുലിക്കോട്ടിൽ ഹൈദറിന്റെ മറിയക്കുട്ടി കത്ത് പാട്ട് എന്ന കാവ്യം ഇതിന് മികച്ച ഉദാഹരണമാണ്. ജയിലിൽ കഴിയുന്ന പ്രിയതമൻ ഹസ്സൻ കുട്ടിക്ക് പ്രിയതമ മറിയക്കുട്ടി കത്ത് എഴുതിയതാണ് മറിയക്കുട്ടിപ്പാട്ട് എന്ന കാവ്യം. അറബി മലയാളത്തിൽ നിന്ന് മാറി ശുദ്ധ മലയാളത്തിലാണ് ആ കാവ്യം രചിക്കപ്പെട്ടിട്ടുളളത്. പി.ടി. ബീരാൻകുട്ടി മൗലവിയുടെ ഹജ് യാത്രയും കത്ത് പാട്ടിലൂടെയാണ് അവതരിപ്പിക്കുന്നത്. തന്റെ സുഹൃത്തിനോട് പറയാതെ ഹജിന് പോയതിലെ വിഷമത്തോടെ ബീരാൻകുട്ടി മൗലവി കത്തിലൂടെ ഹജിൽ അനുഭവിച്ചതും കണ്ടതുമായ കാര്യങ്ങളാണ് കാവ്യമായി എഴുതിയത്. തോട്ടോളി മുഹമ്മദ് എന്ന കവിയും വെള്ളപ്പൊക്കത്തെ കുറിച്ച് പാട്ടിലൂടെ കത്തെഴുതിയിട്ടുണ്ട്.
1978 കാലഘട്ടത്തിലാണ് എസ്.എ.ജമീലിന്റെ ദുബായ് കത്തുപാട്ട് തരംഗമാവുന്നത്. ഒരു പക്ഷേ അന്നും ഇന്നും ഗൾഫിലും നാട്ടിലെ മാപ്പിളപ്പാട്ട് ഗാനമേളകളിലും കത്ത് പാട്ട് ഒഴിച്ചുമാറ്റാൻ ഗായകർക്ക് കഴിഞ്ഞിരുന്നില്ല. വിളയിൽ ഫസീലയായിരിക്കും ആ ഗാനം ഏറെ പാടിയിട്ടുണ്ടാവുക. ഓരോ ഗാനമേളയിലും സദസ്സിൽ നിന്നും ദുബായ് കത്തുപാട്ടു പാടാൻ നിർദേശിച്ചുകൊണ്ടുളള കുറിപ്പുണ്ടാവും. എഴുപതുകളിലാണ് മലബാറിൽ നിന്നുളള ഗൾഫ് കുടിയേറ്റത്തിന് ആക്കം കൂടുന്നത്. ആ സമയത്ത് തന്നെയാണ് മാപ്പിളപ്പാട്ടുകൾക്കും ജനകീയത കൈവരുന്നത്. മരുഭൂമിയിൽ വിയർപ്പൊഴുക്കിയ യുവാക്കളുടെ നാട്ടിലേക്കുളള മടക്കത്തിൽ പെട്ടിയുടെ മുക്കാലും അപഹരിച്ചത് ടേപ്പ് റെേക്കാർഡറും കാസറ്റുകളുമാണ്.നാടു നഗരവും വ്യത്യാസമില്ലാതെ മാപ്പിളപ്പാട്ടു വേദികളുമായി ഗായകർ മൽസരിച്ചപ്പോഴും അനശ്വര ഗാനമായി ദുബായ് കത്തുപാട്ട് മാറി.
വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ തന്നെ ഗൾഫിലേക്ക് തൊഴിൽ തേടി പോകുന്ന യുവാക്കൾക്കും അവരുടെ ഭാര്യമാർക്കും കുടംബത്തിനും കത്ത് എഴുതുകയല്ലാതെ വേറെ ഒരു വഴിയുമില്ലായിരുന്നു. എഴുതി അറിയിക്കാൻ കാര്യങ്ങൾ നൂറെണ്ണമുണ്ടാകും. എയർമെയിലൂടെ വിരഹത്തിന്റെയും സന്തോഷത്തിന്റെയും മഷി പുരണ്ട അക്ഷരങ്ങളുമായി കത്തുകൾ വിമാനവും കപ്പലും കയറിയ സമയമായിരുന്നു അക്കാലം. ഇന്ന് വീട്ടിൽ വരുന്നവരെ വിദേശത്ത് ഇരുന്നു കാണാൻ പാകത്തിലുളള ടെക്‌നോളജി വളർന്നിരിക്കുന്നു. ഇതോടെ കത്തും കമ്പിയുമല്ലാം കേട്ടുകേൾവിയായി.എന്നാൽ കത്ത് പാട്ടിന് ഇന്നും ആസ്വാദകർ ഏറെയാണ്.
പ്രവാസി മലബാറിന്റെ വിരഹ കാവ്യമായി കത്ത് പാട്ട് പരിണമിക്കാൻ അന്നത്തെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം തന്നെയാണ് കാരണമായത്. ആണായി പിറന്നവരെല്ലാം നിലത്ത് കാലുറക്കുമ്പോൾ തന്നെ മണലാരണ്യത്തിലേക്ക് ചേക്കേറിയ കാലഘട്ടത്തിലാണ് എസ്.എ.ജമീൽ ഏറനാടൻ ഭാഷയിൽ ആ ഗാനം രചിച്ചതും പാടിയതും. വിരഹത്തിന്റെ സമസ്ത ഭാവവും ഓരോ വരികൾക്കിടയിലും എഴുതിച്ചേർക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. വീടും കുടുംബവും വിട്ട് എന്തിന്, ജീവിതം ബലികഴിപ്പിച്ച് നിങ്ങള് സമ്പാദിക്കുന്നു എന്നാണ് കത്തിൽ അവസാനമായി തന്റെടത്തോടെ ഭാര്യ എഴുതുന്നത്. കത്ത് പാട്ടു കേട്ട് സ്ഥിരമായി നാട്ടിലേക്ക് മടങ്ങിയ പ്രവാസികളുമുണ്ടായിരുന്നു. കാരണം കത്തുപാട്ട് അവരുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ അത്ര വലുതാണ്.
അറബി നാട്ടിൽ അകലെയങ്ങാണ്ട് ഇരിക്കും ബാപ്പ അറിയാൻ...
അകമുരുകി കുറിക്കും മകൾക്കൊരുപാടുണ്ട് പറയാൻ...
ഗൾഫിലുളള പിതാവിന് മകളെഴുതുന്ന കത്തുപാട്ടിനും വലിയ അംഗീകാരമായിരുന്നു. എന്റെ രചനയിൽ മലപ്പുറം ബീനയാണ് ആ ഗാനം പാടിയത്.
കേൾക്കണോ പൊന്നാങ്ങളെ...ഇന്നെന്റെ കഷ്ടപ്പാട്.....എന്ന മറ്റൊരു ഗാനവും ജനഹൃദയങ്ങളിൽ കുടിയേറിയിരുന്നു. കത്തും കമ്പിയും എന്ന് പഴമക്കാർ പറയുന്ന തപാൽ തന്നെയാണ് മനുഷ്യ മനസ്സുകളെ കോർത്തിണക്കിയ വലിയ പാലം.