കോട്ടയം- സ്വർണക്കടത്ത് കേസിൽ നിയമസഭയിൽ അവിശ്വാസ പ്രമേയം വരാനിരിക്കേ ഭിന്നിച്ചു നിൽക്കുന്ന കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങളും തമ്മിലുളള അധികാര തർക്കം സജീവമാകുന്നു. അവിശ്വാസ പ്രമേയ ചർച്ചയ്ക്കു മുമ്പ് തെരഞ്ഞെടുപ്പു കമ്മീഷനിലെ കേസിന്റെ വിധി സമ്പാദിക്കാനുളള നീക്കത്തിലാണ് ജോസ് വിഭാഗം. അതേ സമയം വിധി എന്തായാലും നിലവിലുളള വർക്കിംഗ് ചെയർമാൻ എന്ന നിലയിൽ നിലപാട് സ്വീകരിക്കുമെന്നാണ് ജോസഫ് വിഭാഗം പറയുന്നത്.
നിലവിലുളള അവസ്ഥയിൽ ജോസ് വിഭാഗത്തെ യു.ഡി.എഫിൽ നിന്നും പുറത്താക്കിയിരിക്കുകയാണെങ്കിലും പാർട്ടി വർക്കിംഗ് ചെയർമാൻ എന്ന നിലയിൽ വിപ്പ് നൽകി കരുത്തു കാട്ടാൻ പി.ജെ. ജോസഫ് വിഭാഗം തീരുമാനിച്ചുകഴിഞ്ഞു.
ഇത് മനസ്സിലാക്കിയ ജോസ് വിഭാഗം ചിഹ്നം സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ മുന്നിലുളള ഹരജിയിലൂളള തീർപ്പ് വേഗത്തിലാക്കുന്നതിനുളള ശ്രമത്തിലാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹിയറിംഗ് ഉൾപ്പെടെയുളള നടപടികൾ പൂർത്തിയാക്കി ജനുവരി 20 ന് കമ്മീഷൻ വിധിക്കായി മാറ്റിെവച്ചിരിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ വിധി വൈകുകയായിരുന്നുവത്രേ. കേരള നിയമസഭയിലെ അവിശ്വാസത്തിന്റെ പശ്ചാത്തലത്തിൽ എത്രയും വേഗം തീർപ്പു കൽപപ്പിക്കുകയോ നിർദേശം നൽകുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് കമ്മീഷന് കത്തെഴുതാനാണ് ജോസ് വിഭാഗത്തിന്റെ പരിപാടി. എന്നാൽ വർക്കിംഗ് ചെയർമാൻ എന്ന നിലയിൽ വിപ്പ് നൽകാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം.
ഈ മാസം 27 നു ചേരുന്ന നിയമസഭാ സമ്മേളനത്തിലാണ് യു.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നൽകുക. ധനവിനിയോഗ ബിൽ പാസാക്കുന്നതിന് നിയമസഭ സമ്മേളിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചത്. 27 ന് സമ്മേളനം ചേരാൻ തീരുമാനിച്ചെങ്കിലും കോവിഡ് സ്ഥിതി മോശമായാൽ പുനരാലോചന നടത്തേണ്ടി വരുമെന്ന് മന്ത്രിസഭാ യോഗത്തിൽ തന്നെ അഭിപ്രായം ഉയർന്നിരുന്നു.
മന്ത്രിസഭാ തീരുമാനം അംഗീകരിച്ച് ഗവർണറുടെ വിജ്ഞാപനം പുറത്തു വന്നാൽ ഉടൻ പ്രതിപക്ഷം അവിശ്വാസത്തിന് നോട്ടീസ് നൽകും. പക്ഷേ സ്പീക്കർക്കെതിരായ പ്രമേയത്തിന് 14 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നാണ് ചട്ടം. നിലവിലുളള സാഹചര്യത്തിൽ ഇനി ഈ കാലയളവ് ലഭിക്കില്ല. പ്രതിപക്ഷ പ്രമേയം ഈ ചട്ടം മാറ്റിവെച്ച് പരിഗണിച്ചാലും 27 ന് തന്നെ ചർച്ചയ്‌ക്കെടുക്കണമോ എന്ന് സ്പീക്കറാവും തീരുമാനിക്കുക. അല്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് മാറ്റാം. പക്ഷേ അപ്പോൾ സർക്കാർ ഭയന്ന് ഒളിച്ചോടി എന്ന നിലപാടിലേക്ക് പ്രതിപക്ഷം മാറും.
എന്നാൽ പ്രമേയത്തെ പിന്തുണയ്ക്കുമെന്നും കേരള കോൺഗ്രസ് എം.എൽ.എമാർക്ക് സർക്കാറിനെതിരെ വോട്ട് ചെയ്യാൻ വിപ്പ് നൽകാനും പി.ജെ. ജോസഫ് തീരുമാനിച്ചു കഴിഞ്ഞു. കേരള കോൺഗ്രസ് എമ്മിന്റെ ആകെയുളള അഞ്ച് എം.എൽ.എമാരിൽ മൂന്നു പേരും ജോസഫ് വിഭാഗത്തിലാണ്. രണ്ട് എം.എൽ.എമാരും രണ്ട് എം.പിമാരുമാണ് ജോസ് പക്ഷത്തിലുളളത്. പി.ജെ. ജോസഫ്, മോൻസ് ജോസഫ്, സി.എഫ്. തോമസ് എന്നിവരാണ് ജോസഫ് പക്ഷത്തുളളത്. റോഷി അഗസ്റ്റിനും ഡോ.എൻ. ജയരാജും ജോസ് വിഭാഗത്തിലും. വിപ്പ് നൽകിയാൽ അതനുസരിച്ചില്ലെങ്കിൽ നടപടിയെടുക്കാം. അതേ സമയം യു.ഡി.എഫിൽ നിന്നും പുറത്താക്കിയ സ്ഥിതിക്ക് ജോസ് പക്ഷത്തിന് ഇതിൽ പ്രസക്തിയില്ലെന്നാണ് മറ്റൊരു വാദം. പുറത്താക്കിയവരുടെ വോട്ടിന്റെ കാര്യത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കട്ടെ എന്നും ജോസ് വിഭാഗം നേതാക്കൾ പറയുന്നു.
കേരള കോൺഗ്രസിൽ ജോസ്, ജോസഫ് തർക്കം രൂക്ഷമായതിന് പിന്നാലെ കേരള കോൺഗ്രസി (എം) ന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ 'രണ്ടില' തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരിക്കുകയാണ്.
ജോസ് കെ. മാണി വിഭാഗത്തിന്റെ പരാതിയിൽ പ്രാഥമിക വാദം കേട്ട ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി. ജോസഫ് വിഭാഗം രണ്ടില ചിഹ്നം ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ചായിരുന്നു ജോസ് വിഭാഗം കമ്മീഷനെ സമീപിച്ചത്. ഈ ഹരജിയിൽ തീർപ്പു കൽപിക്കണമെന്നാവശ്യപ്പെട്ട് ജോസ് വിഭാഗം കഴിഞ്ഞ മാസം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. അവിശ്വാസ പ്രമേയ ചർച്ചയായതോടെ വീണ്ടും ദൽഹിയിലേക്ക് കണ്ണും നട്ടിരിക്കുകയാണ് ഇരു വിഭാഗവും.