Sorry, you need to enable JavaScript to visit this website.

കെ.ടി. ജലീല്‍ ഫെറ ലംഘിച്ചു, പരാതിയുമായി യു.ഡി.എഫ് കണ്‍വീനര്‍

കൊച്ചി- ഫോറിന്‍ കോണ്‍ട്രിബൂഷന്‍ റെഗുലേറ്ററി ആക്റ്റ് (ഫെറ) ലംഘനം ആരോപിച്ച് മന്ത്രി കെ.ടി. ജലീലിനെതിരെ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എം.പി പ്രധാനമന്ത്രിക്ക് പരാതി നല്‍കി. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധം പുറത്ത് വന്നതിനെ തുടര്‍ന്ന് ഫെറ ലംഘനത്തിന്റെ തെളിവുകള്‍ മന്ത്രി തന്നെ പുറത്തുവിട്ടതായും കുറ്റസമ്മതം നടത്തിയതായും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

യു എ ഇ കോണ്‍സല്‍ ജനറല്‍ സ്‌പോണ്‍സര്‍ ചെയ്ത അഞ്ച് ലക്ഷം രൂപയുടെ കിറ്റിനായി കോണ്‍സല്‍ ജനറല്‍ തന്നെ വിളിച്ചതായും ആയിരം കിറ്റിനുള്ള പണം കണ്‍സ്യൂമര്‍ഫെഡില്‍ അടച്ചതായും മന്ത്രി തന്നെ തുറന്നു സമ്മതിച്ചതാണ്. അഞ്ച് ലക്ഷം രൂപയുടെ പണമിടപാടാണ് യു എ ഇ കോണ്‍സുലേറ്റ് ജനറലുമായി ചേര്‍ന്ന് മന്ത്രി നടത്തിയത്.

ഫെറ നിയമത്തിന്റെ ചട്ടം മൂന്ന് അനുസരിച്ച് നിയമനിര്‍മ്മാണ സഭാംഗങ്ങള്‍ പണമായോ അല്ലാതെയോ വിദേശ സഹായം കൈപ്പറ്റുന്നത് നിരോധിച്ചിട്ടുണ്ട്. യു എ ഇ കോണ്‍സല്‍ ജനറലുമായി നേരിട്ട് ഇടപാടുകള്‍ നടത്തിയതും ചട്ട ലംഘനമാണ്. മന്ത്രിയുടെ നടപടി പ്രോട്ടോക്കോള്‍ ഹാന്‍ഡ്ബുക്കിലെ പതിനെട്ടാം അധ്യായത്തിന് വിരുദ്ധമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രി ജലീലിന്റെ നടപടി ഫെറ ആക്ട് മുപ്പത്തഞ്ചാം വകുപ്പിന്റെ ലംഘനമാണെന്നും അഞ്ച് വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

 

Latest News