Sorry, you need to enable JavaScript to visit this website.

ഉത്ര കൊലപാതകക്കേസില്‍ അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്

കൊല്ലം-  അഞ്ചല്‍ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം 102 പേരുടെ മൊഴി രേഖപ്പെടുത്തി. ഉത്രയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാഫലം കൂടുതല്‍ ശാസ്ത്രിയ തെളിവുകളായി മാറുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. സൂരജിന്റെ അമ്മയെയും സഹോദരിയെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ഗൂഢാലോചനയില്‍ ഇരുവരുടെയും പങ്ക് കണ്ടെത്തുകയാണ് ലക്ഷ്യം. വനംവകുപ്പ് നടത്തിയ ഡി.എന്‍.എ പരിശോധനയില്‍ ഉത്രയെ കടിച്ചത് മൂര്‍ഖന്‍ പാമ്പ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഡി.എന്‍.എ പരിശോധനാ ഫലം കഴിഞ്ഞ ദിവസം വനംവകുപ്പിന് ലഭിച്ചിരുന്നു.

കൂടാതെ സൂരജ് കുട്ടിക്കാലം മുതല്‍ ഉപയോഗിച്ചിരുന്ന അലര്‍ജിയുടെ ഗുളികകളാണ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുന്‍പ് നല്‍കിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുമ്പ് സെട്രസിന്‍, പാരസിറ്റമോള്‍ എന്നീ ഗുളികകള്‍ അമിതമായി പഴച്ചാറില്‍ കലര്‍ത്തി സൂരജ് നല്‍കിയതായി അന്വേഷണ സംഘം കണ്ടെത്തി. അലര്‍ജി ഗുളികകള്‍ കുട്ടിക്കാലം മുതല്‍ സൂരജ് ഉപയോഗിച്ചിരുന്നതായി ചികിത്സിക്കുന്ന ഡോക്ടറും മൊഴി നല്‍കിയിട്ടുണ്ട്. ഡോക്ടറുടെ കുറിപ്പടി സൂരജിന്റെ മുറിയില്‍നിന്നു അന്വേഷണ സംഘം കണ്ടെടുത്തു.

ഉത്രയുടെ കൊലപാതകത്തിന് മുന്‍പ് അളിവില്‍ കൂടുതല്‍ ഗുളികകള്‍ സൂരജ് വാങ്ങിയതായി മെഡിക്കല്‍ സ്‌റ്റോര്‍ ഉടമയും മൊഴി നല്‍കി. അലര്‍ജിയുടെ ഗുളികകള്‍ അളവില്‍ കൂടുതല്‍ ഉത്രക്ക് നല്‍കിയതായി സൂരജും അന്വേഷണ സംഘത്തിനോട് സമ്മതിച്ചിട്ടുണ്ട്. അന്വേഷണം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതായി ആന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫോറന്‍സിക് പരിശോധനാഫലം അടുത്തയാഴ്ച അന്വേഷണ സംഘത്തിന് ലഭിക്കും. കൂടാതെ സൂരജിന്റെ അമ്മയെയും സഹോദരിയെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ഗൂഢാലോചനയില്‍ ഇരുവരുടെയും പങ്ക് കണ്ടെത്തുകയാണ് ലക്ഷ്യം.

പാമ്പുപിടിത്തക്കാരന്‍ ചാവരുകാവ് സുരേഷിനെ മാപ്പുസാക്ഷിയാക്കുന്നതില്‍ തീരുമാനം ഉടന്‍ ഉണ്ടാകും. 21നു കോടതി കേസ് പരിഗണിക്കും.

 

Latest News