കോഴിക്കോട്- പാലത്തായിയിൽ ബി.ജെ.പി നേതാവിന്റെ പീഡനത്തിന് പെൺകുട്ടി ഇരയായ സംഭവത്തിൽ എസ്.ഡി.പി.ഐ ഗൂഢാലോചന നടത്തിയെന്ന പരോക്ഷ സൂചനയുമായി സമസ്ത നേതാവ് സത്താർ പന്തല്ലൂർ. ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് സത്താർ പന്തല്ലൂർ ആരോപണം ഉന്നയിച്ചത്. എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്റുമായി പ്രതി പത്മനാഭൻ ചർച്ച നടത്തിയെന്നും ഇതിന് തെളിവുണ്ടെന്നും സത്താർ പന്തല്ലൂർ ആരോപിച്ചു. പ്രതി സ്‌ക്കൂളിലില്ലാത്ത മൂന്ന് തിയ്യതികളും സമയങ്ങളും വളരെ വ്യക്തമാക്കി, ആ ദിവസങ്ങളിൽ തന്നെയാണ് പ്രതി തന്നെ പീഡിപ്പിച്ചതെന്ന് കുട്ടിയെക്കൊണ്ട് മജിസ്‌ട്രേറ്റിന്റെ മുമ്പാകെ മൊഴി കൊടുപ്പിച്ചതാരാണെന്നും ആർക്ക് വേണ്ടിയാണെന്നും സത്താർ പന്തല്ലൂർ ചോദിക്കുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിൽനിന്ന്:
കേസിൽ പോക്‌സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ ചുമത്താൻ, തന്നെ ഇന്നയാൾ പീഡിപ്പിച്ചുവെന്ന് മജിസ്‌ട്രേറ്റിന്റെ മുന്നിൽ മൊഴി നൽകിയാൽ മാത്രം മതി. തിയ്യതിയോ സ്ഥലമോ സമയമോ ഒന്നും സ്പഷ്ടമാക്കി പറഞ്ഞു കൊടുക്കണമെന്നില്ല. അങ്ങിനെ പറയുകയാണെങ്കിൽ കൃത്യത ഉറപ്പ് വരുത്തിയില്ലെങ്കിൽ പ്രതിക്ക് അനുകൂല ഘടകമായി തീരുകയും ചെയ്യും.
കേസെടുത്തെങ്കിലും പോലീസിന്റെ നിസ്സംഗത തുടക്കം മുതലേ വ്യക്തമായിരുന്നു. പെൺകുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് കേസ് െ്രെകംബ്രാഞ്ച് ഏറ്റെടുക്കുന്നത്. എന്നാൽ അവരും ഒളിച്ചു കളിക്കുന്നുവെന്ന് ആരോപണം ഉയർന്നു.
പ്രതി ബി.ജെ.പി നേതാവാണ്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഇടപെടൽ സ്വാഭാവികം. അപ്പോൾ സാധാരണ കേസിനപ്പുറം പ്രതി രക്ഷപ്പെടാതിരിക്കാനുള്ള ശക്തമായ ജാഗ്രതയും ആവശ്യമാണ്.
പോലീസിനെ കുറിച്ച് പറഞ്ഞു കേൾക്കുന്ന പരാതിയും പ്രതിയെ രക്ഷപ്പെടുത്താൻ വേണ്ടി ഉണ്ടായേക്കാവുന്ന ഇടപെടലും ഒരുമിക്കുമ്പോൾ കേസ് നടപടിക്രമങ്ങളിലെ ചെറിയ വീഴ്ച പോലും പ്രതിക്ക് പുറത്തേക്കുള്ള വഴി തുറക്കപ്പെടും.
കേസ് ഒതുക്കി തീർക്കാതിരിക്കാൻ നേരിട്ട് ഡി വൈ എസ് പി യെ കണ്ട് പരാതി നൽകുന്നതിന് വേണ്ടതെല്ലാം ചെയ്‌തെന്ന് അവകാശപ്പെടുന്ന എസ് ഡി പി ഐ ക്ക് പ്രതി ബി.ജെ.പിക്കാരനാണെന്ന് തുടക്കം മുതലേ അറിയുകയും ചെയ്യും.
പരാതി തയ്യാറാക്കിയതും പെൺകുട്ടിയെ മജിസ്‌ട്രേറ്റിന്റെ മുന്നിലെത്തിച്ച് മൊഴി കൊടുപ്പിച്ചതും തുടങ്ങി വേണ്ടതെല്ലാം തങ്ങൾ തന്നെ ചെയ്തതായും മണ്ഡലം പ്രസിഡന്റ് ഫെയ്‌സ് ബുക്ക് ലൈവിലൂടെ അവകാശപ്പെടുകയും ചെയ്തിരുന്നു. കേസിന്റെ പശ്ചാത്തലത്തിൽ പ്രതി തന്നെ കാണാൻ താത്പര്യം പ്രകടിപ്പിച്ചെന്നും ചർച്ച നടത്തിയെന്നും മണ്ഡലം പ്രസിഡന്റ് തുറന്ന് സമ്മതിക്കുകയും ചെയ്യുന്നു.
ഒരു ചോദ്യം മാത്രം;
പ്രതി സ്‌ക്കൂളിലില്ലാത്ത മൂന്ന് തിയ്യതികളും സമയങ്ങളും വളരെ വ്യക്തമാക്കി, ആ ദിവസങ്ങളിൽ തന്നെയാണ് പ്രതി തന്നെ പീഡിപ്പിച്ചതെന്ന് കുട്ടിയെക്കൊണ്ട് മജിസ്‌ട്രേറ്റിന്റെ മുമ്പാകെ മൊഴി കൊടുപ്പിച്ചതാര് ? ആർക്ക് വേണ്ടി ?