Sorry, you need to enable JavaScript to visit this website.

അടുത്ത രണ്ടാഴ്ച കേരളത്തിൽ വ്യാപക മഴ

തിരുവനന്തപുരം- അടുത്ത രണ്ടാഴ്ച കേരളത്തിൽ വ്യാപകമായി മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജൂലൈ 17 ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് നൽകിയ അടുത്ത രണ്ടാഴ്ചയിലേക്കുള്ള (ജൂലൈ 17 മുതൽ ജൂലൈ 30 വരെ) ദൈ്വവാര മഴ പ്രവചനത്തിൽ കേരളത്തിൽ സാധാരണ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 


വടക്കൻ ജില്ലകളിൽ സാധാരണയിൽ കുറഞ്ഞ മഴയും തെക്കൻ ജില്ലകളിൽ സാധാരണ മഴയുമാണ് പ്രവചിക്കുന്നത്. ജൂലൈ രണ്ടാം പാദത്തിലെ സാധാരണ മഴ തന്നെ വലിയ മഴയാണ്. അതിനാൽ തന്നെ അടുത്ത രണ്ടാഴ്ച കേരളത്തിൽ വ്യാപകമായി മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ഇതിൽ ഒറ്റപ്പെട്ടയിടങ്ങളിൽ പെയ്യുന്ന ശക്തമായ മഴ അപകടങ്ങൾ സൃഷ്ടിക്കാനും സാധ്യതയുണ്ട്.
ഈവർഷം മൺസൂൺ സീസണിൽ ഇത് വരെ (ജൂൺ 1 മുതൽ ജൂലൈ 17 വരെ) കേരളത്തിൽ ആകെ ലഭിച്ചത് 823.2 മില്ലിമീറ്റർ മഴയാണ്. ഇത് ഈ കാലയളവിൽ ലഭിക്കേണ്ട സാധാരണ മഴയുടെ ദീർഘകാല ശരാശരിയേക്കാൾ 23 ശതമാനം കുറവാണ്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളും പ്രാദേശിക ഭരണ സംവിധാനവുമൊക്കെ മൺസൂൺ മുന്നൊരുക്ക യോഗങ്ങൾ നടത്തി തയാറെടുപ്പുകൾ അവലോകനം ചെയ്തിട്ടുള്ളതായി മുഖ്യമന്ത്രി പറഞ്ഞു.

Latest News