തിരുവനന്തപുരം- സർക്കാരിനെതിരെ ബോധപൂർവം സംഘടിതമായി പ്രചാരവേലകൾ ചിലർ നടത്തികൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വർണക്കള്ളക്കടത്ത് നടന്നപ്പോൾതന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ടെലിഫോൺവിളിച്ചുവെന്ന് ഉത്തരവാദിത്തപ്പെട്ട ഒരു നേതാവ് പറഞ്ഞു. തെറ്റായ മാർഗങ്ങളിലൂടെ സർക്കാരിനെതിരെ പൊതുവികാരം വളർത്തിയെടുക്കാമെന്നാണ് ഇക്കൂട്ടർ കരുതുന്നത്. ഇതിനായി കഴിഞ്ഞ മുഖ്യമന്ത്രിയുടെ ഓഫസുമായി തന്റെ ഓഫീസിനെ താരതമ്യം ചെയ്യുകയാണ്. രണ്ടു സ്ത്രികളെ ഇതിനായി ഉയർത്തിക്കാട്ടി കാര്യങ്ങളാകെ അട്ടിമറിക്കാമെന്നാണ് അവർ കരുതുന്നത്. എന്നാൽ ഇത്തരത്തിൽ പുകമറ സൃഷ്ടിക്കുന്നതിന് ചെറിയ ആയുസ്സ് മാത്രമെയുള്ളൂ. വസ്തുതകളും യാഥാർഥ്യങ്ങളും പുറത്തുവരും. സ്വർണക്കടത്ത് വിഷയത്തിൽ കൃത്യമായ അന്വേഷണം നടക്കുകയാണ്.
സർക്കാർ ആരെയും സംരക്ഷിക്കില്ല. ഉപ്പുതിന്നവർ വെള്ളം കുടിക്കട്ടെയെന്നാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോഴത്തെ വിവാദങ്ങളൊന്നും സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കില്ല. പി.ഡബ്ലു.സിയുടെ കാര്യത്തിൽ ഉദ്യോഗസ്ഥർ കുറിപ്പെഴുതിയെന്ന് കരുതി അതൊന്നും നടപ്പാക്കണമെന്നില്ല. സർക്കാരാണ് അതൊക്കെ തീരുമാനിക്കുന്നത്. പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ പി.ഡബ്ലു.സിയുടെ മൊത്തക്കച്ചവടം ഏറ്റെടുത്തിട്ടുണ്ടോയെന്നെനിക്കറിയില്ലെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. സി.പി.എം സെക്രട്ടറിയേറ്റ് സ്വർണക്കടത്ത് വിഷയത്തിൽ വിശദീകരണ യോഗങ്ങൾ നടത്താൻ തീരുമാനിച്ചത് സർക്കാരിന്റെ പ്രതിച്ഛായക്കുമങ്ങലേറ്റതുകൊണ്ടല്ല. സർക്കാരിനെതിരെ ചിലർ തെറ്റായ പ്രചാരവേലകൾ നടത്തികൊണ്ടിരുക്കുമ്പോൾ ഒരു ബഹുജന പാർട്ടി വിശദീകരണ യോഗങ്ങൾ നടത്തുക സ്വഭാവികമാണെന്നും അദ്ദേഹം ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.