കണ്ണൂർ- പാലത്തായിലെ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് പോക്‌സോ പ്രതി പത്മരാജനെ രക്ഷപ്പെടുത്താനുള്ള സി.പി.എം-ബി.ജെ.പി ഒത്തുകളിക്കെതിരെ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് അമ്മമാരുടെ നിൽപ് സമരം സംഘടിപ്പിച്ചു. സംസ്ഥാനത്തെ പതിനായിരക്കണക്കിന് വീടുകളിൽ നടത്തിയ സമരം സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് ഉദ്ഘാടനം ചെയ്തു.
പോക്‌സോ കേസ് ഒഴിവാക്കി കുറ്റപത്രം സമർപ്പിക്കുക വഴി കഴിഞ്ഞ ദിവസം പത്മരാജന് കോടതി ജാമ്യം നൽകി. ഒരു പോക്‌സോ പ്രതിയെ രക്ഷിക്കാൻ വേണ്ടി സർക്കാറും ബി.ജെ.പിയും ഒത്തു കളിച്ചതായിട്ടാണ് ഇതിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നതെന്ന് ജബീന ഇർഷാദ് പറഞ്ഞു.
കുറ്റപത്രത്തിൽനിന്നും പോക്‌സോ വകുപ്പ് ക്രൈംബ്രാഞ്ച് ഒഴിവാക്കിയത്, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഉപദേശത്തെ മറികടന്ന് കൊണ്ടാണെന്ന വാർത്തകൾ പുറത്തുവന്നതോടെ ഒത്തുകളി വ്യക്തമായിട്ട് തെളിഞ്ഞിരിക്കുകയാണ്. സംസ്ഥാന സർക്കാർ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ വെച്ചുകൊണ്ടാണ് ഈ ഒത്തുകളി നടത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ശക്തമായിട്ടുള്ള പ്രക്ഷോഭവുമായി മുന്നോട്ടു പോകാനാണ് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്. പാലത്തായിയിലെ കുരുന്നിന് നീതി കിട്ടും വരെ ഈ സമരം തങ്ങൾ തുടരുകതന്നെ ചെയ്യുമെന്നും അവർ പറഞ്ഞു.
വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി മിനി വേണുഗോപാൽ, വൈസ് പ്രസിഡന്റുമാരായ സുബൈദ കക്കോടി, ഉഷാ കുമാരി, സെക്രട്ടറിമാരായ ചന്ദ്രിക കൊയ്‌ലാണ്ടി, മുംതാസ് ബീഗം, അസൂറ, സുഫീറ എരമംഗലം, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സൽവ, കെ.കെ. റഹീന തുടങ്ങിയവർ നിൽപു സമരത്തിന് നേതൃത്വം നൽകി. പിഞ്ചുകുഞ്ഞിന് നീതി നിഷേധിച്ചതിനെതിരിൽ സ്ത്രീകളുടെയും കുട്ടികളുടെയും മുഖ്യമന്ത്രിയോടും സർക്കാറിനോടുള്ള രോഷപ്രകടനങ്ങൾ പ്ലക്കാർഡുകൾ കൈയിലേന്തിയ മുദ്രാവാക്യങ്ങളായി മുഴങ്ങി.