Sorry, you need to enable JavaScript to visit this website.

ഓർമകളിൽ നിറയെ സ്‌നേഹവിരുന്ന്; റഷീദിന്റെ പ്രവാസത്തിന് വിരാമം

റഷീദ് വലിയപാലത്തിങ്ങൽ
റഷീദ് ഭാര്യ ബൽക്കീസ്, മക്കളായ സാഗർ റഷീദ്, ആയിഷ എന്നിവർക്കൊപ്പം.  

ജിദ്ദ- 1983 ഒക്‌ടോബർ 21 ന് തുടങ്ങിയ നീണ്ട പ്രവാസ ജീവിതത്തിന് 2020 ജൂലൈ 16 ന് യവനിക താഴ്ത്തി മധുരമൂറുന്ന പ്രവാസ ഓർമകളുമായി റഷീദ് വലിയപാലത്തിങ്ങൽ നാട്ടിലേക്ക് തിരിച്ചു. ഇടയ്ക്ക് ചുരുങ്ങിയ ചില മാസങ്ങളുടെ ഇടവേളയൊഴിച്ചാൽ മൂന്നര പതിറ്റാണ്ടിലേറെ ജിദ്ദയിലും ഒമാനിലും വീണ്ടും ജിദ്ദയിലുമായി ജീവിതം ആത്മസംതൃപ്തിയുടെ നിശബ്ദ ആഘോഷമാക്കിയാണ്, മലപ്പുറം-പാലക്കാട് ജില്ലകൾ കൈകോർക്കുന്ന കൈപ്പുറം ഗ്രാമത്തിന്റെ വിശുദ്ധിയിലേക്ക് റഷീദ് മടങ്ങുന്നത്. നാറാണത്ത് ഭ്രാന്തന്റെ രായിരനെല്ലൂർ, ലോകപ്രശസ്ത മാന്ത്രികൻ വാഴക്കുന്നം നമ്പൂതിരിയുടെ തിരുവേഗപ്പുറ എന്നീ പെരുമ പരന്ന ദേശങ്ങളുടെ വിളിപ്പാടകലെ തന്റെ ജന്മനാടായ കൈപ്പുറം ഗ്രാമത്തിൽ തുടിക്കുന്ന സാമൂഹിക സ്പന്ദനങ്ങളിലേക്ക്്് തിരികെ മടങ്ങുന്ന റഷീദ്്് വലിയപാലത്തിങ്ങൽ, സ്‌നേഹത്തിന്റെ വലിയൊരു പാലമാണ് സ്വന്തം നാട്ടുകാരുമായി പണ്ടേ പണിത് വെച്ചിട്ടുള്ളത്.


വിഖ്യാതമായ ജിദ്ദ റോസ്‌വുഡ് പഞ്ചനക്ഷത്ര ഹോട്ടലിന്റെ അതിഥി സൽക്കാര ഡെസ്‌ക്കിന്റെ ചുമതല വഹിക്കുന്ന റഷീദ്, ജിദ്ദ മാരിയട്ട് ഹോട്ടലിൽ നിന്നാണ് പ്രവാസത്തിലെ അതിഥിപർവം തുടങ്ങുന്നത്. ഇരുപത്തൊന്നാം വയസ്സിൽ നാട്ടുകാരും സുഹൃത്തുക്കളുമായ മുപ്പത് പേരോടൊപ്പം ദൽഹിയിൽ നിന്നായിരുന്നു ജിദ്ദയിലേക്കുള്ള റഷീദിന്റെ ആദ്യ യാത്ര. അന്ന് മാരിയട്ട് ഹോട്ടൽ മാനേജരായി ജിദ്ദയിൽ പ്രവർത്തിച്ചിരുന്ന വി.സി.എസ് നായരുടെ സഹായമായിരുന്നു പ്രവാസത്തിലേക്ക് വഴികാട്ടിയത്. അദ്ദേഹമാണ് വിസയും ജോലിയും തരപ്പെടുത്തിയത്. നാലു വിമാനങ്ങൾ മാറിക്കയറി ദുബായ്, ബഹ്‌റൈൻ, റിയാദ്, ദമാം വഴി രണ്ടു രാപ്പകലുകൾക്ക് ശേഷമാണ് ജിദ്ദയിലെത്തിയത്്. 1983 മുതൽ 91 വരെ മാരിയട്ട് ഹോട്ടലിൽ. നിരവധി അനുഭവങ്ങൾ പകർന്നു തന്ന കാലമായിരുന്നു അതെന്ന് റഷീദ് ഓർക്കുന്നു. തിരികെ നാട്ടിലെത്തി 14 മാസം ഒരു ട്രാവൽസിൽ ജോലി ചെയ്തു. അപ്പോഴും പ്രവാസലോകം മനസ്സിനെ തിരികെ വിളിക്കുകയായിരുന്നു.  


അന്വേഷണത്തിനിടെ ഒമാനിലേക്ക് വിസ കിട്ടി. ബാബരി മസ്ജിദ് തകർച്ചക്കാലത്ത് മുംബൈ വഴിയായിരുന്നു ഒമാനിലേക്കുള്ള യാത്രക്കൊരുങ്ങിയത്. അന്നത്തെ ദിവസങ്ങൾ നടുക്കമുളവാക്കുന്നതാണ് ഇന്നും. മുംബൈ നഗരത്തിന്റെ പല കേന്ദ്രങ്ങളിലും കലാപത്തിന്റെ ജ്വാലകൾ. രണ്ടു മൂന്നു സുഹൃത്തുക്കളോടൊപ്പമാണ് സാന്റാക്രൂസ് വിമാനത്താവളത്തിലേക്ക് ഒരു ഓട്ടോറിക്ഷയിൽ പുറപ്പെട്ടത്. മറ്റു വാഹനങ്ങളൊന്നും തയാറാകാത്തതിനാൽ, ധൈര്യസമേതം കൂടെപ്പോന്ന ഓട്ടോറിക്ഷക്കാരന് ഒപ്പമായിരുന്നു യാത്ര. പല സ്ഥലങ്ങളിലും വാഹനം തടഞ്ഞു. ചില വാഹനങ്ങളും കടകളും കത്തിച്ചാമ്പലാകുന്നത് നേരിൽ കണ്ട് ഭയന്നുപോയി. ഏതായാലും എങ്ങനെയൊക്കെയോ വിമാനം കയറി രാത്രി മസ്‌കത്തിലെത്തി. ഒമാൻ സർക്കാരിന്റെ കീഴിലുള്ള പ്രതിരോധ വകുപ്പിലായിരുന്നു ജോലി. അത് പുതുമയുള്ള അനുഭവമായി. തദ്ദേശീയരായ നിരവധി ഉന്നതരുമായി സൗഹൃദം സ്ഥാപിക്കാനും സ്വകാര്യ ജെറ്റുകളിലും ഔദ്യോഗിക ഹെലികോപ്റ്ററുകളിലും മറ്റുമായി നിരവധി യാത്രകൾ നടത്താനും സുൽത്താനേറ്റ് ഓഫ് ഒമാനിലെ ദിബ്ബ, കസബ് തുടങ്ങി മനോഹരമായ സ്ഥലങ്ങളിൽ ഏറെ നാളുകൾ രാപ്പാർക്കാനും കിട്ടിയ അവസരങ്ങൾ. ഗൾഫാർ മുഹമ്മദലി, പി.എൻ.സി മേനോൻ തുടങ്ങിയവരെ പരിചയപ്പെടാനും ഒമാൻ വാസക്കാലത്തെ ഡിഫൻസ് ജോലി ഉപകരിച്ചു. ഹോട്ടൽ ജോലിയുടെ പരിചയത്തിന്റെ പിൻബലത്തിലാണ് അതിഥികളെ വരവേൽക്കാനും അവരുടെ പാർപ്പിടങ്ങളും മറ്റ് സൗകര്യങ്ങളും സജ്ജമാക്കുന്നതിനുമുള്ള ജോലിയിൽ കയറിപ്പറ്റാനായത്. അത് സ്തുത്യർഹമായ രീതിയിലാണ് ചെയ്തതെന്നതിനുള്ള അംഗീകാരവും റഷീദിനെത്തേടിയെത്തി. 


2007 ൽ ഒമാനോട് വിട പറഞ്ഞ് നാട്ടിലേക്ക് പോയ റഷീദിന് ഇക്കാലത്ത് പ്രായം ചെന്ന മാതാപിതാക്കളെ പരിചരിക്കാൻ സാധിച്ചുവെന്നത് വലിയ അനുഗ്രഹമായി. പല പ്രവാസികൾക്കും കിട്ടാത്ത പുണ്യം. ഏതാണ്ട് ഒരു കൊല്ലം നാട്ടിൽ നിൽക്കുന്ന സമയത്താണ്, ബാപ്പ വി.പി കുഞ്ഞാലൻ രോഗബാധിതനായത്. പ്രദേശത്തെ അറിയപ്പെടുന്ന മുസ്‌ലിം ലീഗ് നേതാവും പഞ്ചായത്ത് മെംബറുമായിരുന്നു ഇദ്ദേഹം. ബാപ്പയെ ശുശ്രൂഷിക്കാനും അവസാന സമയത്ത് അദ്ദേഹത്തോടൊപ്പമുണ്ടാകാനും റഷീദിന് സാധിച്ചു. 


2008 ലാണ് ജിദ്ദയിലേക്കുള്ള രണ്ടാമൂഴം. കോർണിഷിൽ പുതുതായി ആരംഭിച്ച റോസ്‌വുഡ് ഹോട്ടലിലേക്കായിരുന്നു നിയമനം. ഗസ്റ്റ് സർവീസ് ഡെസ്‌കിന്റെ (കോൺസിയർ) ചുമതലക്കാരനായി ചാർജെടുത്തതോടെ നിരവധി അതിവിശിഷ്ട വ്യക്തികളുമായി പരിചയപ്പെടാനും സൗഹൃദം സ്ഥാപിക്കാനും സാധിച്ചതാണ് ഹോട്ടൽ ജോലിക്കിടെ ലഭിച്ച ഏറ്റവും നല്ല അനുഭവം. നൊബേൽ സമ്മാന ജേത്രിയും പ്രമുഖ മനുഷ്യാവകാശപ്രവർത്തകയുമായ യെമനി വനിത തവക്കുൽ കർമാൻ, കനേഡിയൻ പ്രധാനമന്ത്രിയായിരുന്ന പോൾ മാർട്ടിൻ, പ്രമുഖ അറബ് ഗായകൻ റാഷിദ് അൽ മാജിദ്, ഐ.ബി.എമ്മിലെ ഉന്നതോദ്യോഗസ്ഥനും മലയാളിയുമായ ജവാദ് ഹസൻ, ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ തുടങ്ങിയരുമായി സംസാരിക്കാനും അവരെ പരിചരിക്കാനും സാധിച്ചത് അവിസ്മരണീയമായ അനുഭവമായി റഷീദ് കരുതുന്നു. ഓരോ സംഭവങ്ങളും കൃത്യമായി ഡയറിയിൽ പകർത്തുന്ന റഷീദ് പറയുന്നു:


ഇക്കാലത്തിനിടെ 110 വിമാന യാത്രകൾ നടത്തി. പക്ഷേ ഇപ്പോഴും വിമാനത്തിൽ കയറുമ്പോഴും ടേക്ക് ഓഫ് ചെയ്യുമ്പോഴും വെപ്രാളമാണ്. ഭാര്യ: എടപ്പലം സ്വദേശി ബൽക്കീസ്. മക്കൾ: സാഗർ റഷീദ് (സോഫ്റ്റ്‌വെയർ എൻജിനീയർ), ആയിഷ (അഭിഭാഷക). പ്രവാസം പകർന്ന മധുരം നിറഞ്ഞ നിരവധി അനുഭവങ്ങളുമായാണ് ഈ മടക്കയാത്ര. ജീവിതം നൂറു ശതമാനം ഹാപ്പിയാണ് -റഷീദ് പറയുന്നു. 


 

Latest News