റിയാദ്- ഈ മാസം 3 ന് എക്‌സിറ്റ്-8 ൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട ജെയിംസ് സെബാസ്റ്റ്യന്റെ (27) മൃതദേഹം നാളെ നാട്ടിലെത്തിക്കും. കോട്ടയം തിടനാട് ഐക്കര സെബാസ്റ്റ്യൻ-അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. ഏക സഹോദരി: ജിഷ.
കഴിഞ്ഞ രണ്ട് വർഷമായി റിയാദിലെ ദീമ ബിസ്‌ക്കറ്റ് കമ്പനിയിൽ സെയിൽസ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്തുവരുന്ന ജെയിംസ് ഡിസംബറിൽ നാട്ടിൽ പോകാനിരുന്നതാണ്. ജോലിക്ക് പോയി തിരിച്ചു വരവെ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ അമിത വേഗതയിൽ എതിരെ വന്ന വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത് എന്നാണ് പോലീസ് റിപ്പോർട്ട്. അപകട സ്ഥലത്തു തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാ സാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം ആക്ടിങ് കൺവീനർ മധു എടപ്പുറത്ത് നേതൃത്വം നൽകി. കമ്പനിയുടെ ഭാഗത്തുനിന്നും നല്ല രീതിയിലുള്ള സഹകരണവും ഉണ്ടായി. സൗദി എയർലൈൻസിന്റെ കാർഗോ വിമാനത്തിൽ കൊച്ചിയിലെത്തിക്കുന്ന മൃതദേഹം സഹോദരീ ഭർത്താവ് ബിജുമോൻ പി.ചെറിയാൻ ഏറ്റുവാങ്ങും. സംസ്‌കാരം തിടനാട് സെന്റ് ജോസഫ് പള്ളിയിൽ ജൂലൈ 19 ന് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.