കണ്ണൂർ - 25,000 ത്തിലേറെ പേർക്ക് കോവിഡ് ചികിത്സാ സൗകര്യം കണ്ണൂർ ജില്ലയിൽ ഒരുങ്ങുന്നു. തദ്ദേശ സ്ഥാപന തലത്തിൽ ആരംഭിക്കുന്ന ഫസ്റ്റ്‌ലൈൻ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകൾ ജൂലൈ 21 നകം സജ്ജീകരിക്കണമെന്ന് ജില്ലാ കലക്ടർ നിർദേശം നൽകി.
കോവിഡ്19 പോസിറ്റീവ് കേസുകൾ ക്രമാതീതമായി വർധിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് തദ്ദേശ സ്ഥാപന തലത്തിൽ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
ഗ്രാമങ്ങളിലും നഗരങ്ങളിലുമായി 25,000 ത്തിലേറെ പേരെ താമസിപ്പിച്ച് ചികിത്സിക്കാൻ പര്യാപ്തമായ കേന്ദ്രങ്ങളാണ് ജില്ലയിൽ ഒരുങ്ങുന്നത്.
പ്രദേശത്തെ പി.എച്ച്.സി, സി.എച്ച്.സികൾക്ക് സമീപത്താണ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ഒരുക്കുക. അടഞ്ഞു കിടക്കുന്ന അല്ലെങ്കിൽ വിട്ടുകിട്ടുന്ന ആശുപത്രികൾ, പരിശീലന കേന്ദ്രങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, കമ്യൂണിറ്റി ഹാളുകൾ, മത - സമുദായ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ എന്നിവിടങ്ങളിലാണ് ഇതിനായി സൗകര്യമൊരുക്കുക. സർക്കാർ കെട്ടിടങ്ങൾക്കാണ് മുൻഗണന. തദ്ദേശ സ്ഥാപനത്തിനായിരിക്കും സെന്ററുകളുടെ ദൈനംദിന നടത്തിപ്പിന്റെ ചുമതല. പി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസർ ആയിരിക്കും ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ കൺവീനർ.
തദ്ദേശ സ്ഥാപനം തീരുമാനിക്കുന്ന നോഡൽ ഓഫീസറുടെ സേവനവും ഇവിടെ ലഭ്യമാവും. പഞ്ചായത്തുകൾക്ക് അമ്പതിനായിരം, നഗരസഭകൾക്ക് ഒരു ലക്ഷം, കോർപറേഷനുകൾക്ക് രണ്ട് ലക്ഷം രൂപ എന്നിങ്ങനെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ നടത്തിപ്പിനായി ജില്ലാ കലക്ടർ ആദ്യ ഗഡു ഫണ്ട് അനുവദിച്ചു. ഓരോ ഗ്രാമപഞ്ചായത്തിലും 100 വീതം പേരെയും കോർപറേഷനിലെയും മുനിസിപ്പാലിറ്റികളിലെയും ഓരോ വാർഡിലും 50 വീതം പേരെയും ചികിത്സിക്കാൻ പര്യാപ്തമായ കേന്ദ്രങ്ങളാണ് കണ്ടെത്തുന്നത്. ഓഡിറ്റോറിയങ്ങൾ, കമ്യൂണിറ്റി ഹാളുകൾ, ഇൻഡോർ സ്റ്റേഡിയങ്ങൾ, ഹോസ്റ്റലുകൾ തുടങ്ങിയ കെട്ടിടങ്ങളിലാണ് ഇതിനായി സൗകര്യമൊരുക്കുക.
ഇതു പ്രകാരം ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിൽ 7100 ഉം, 324 നഗരസഭാ വാർഡുകളിൽ 16,200 ഉം 55 കോർപറേഷൻ വാർഡുകളിൽ 2750 ഉം ബെഡ് സൗകര്യങ്ങൾ ഒരുക്കും. രോഗവ്യാപനം ഉണ്ടാവുന്ന പക്ഷം ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ ജില്ലയെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്രയും താൽക്കാലിക ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കുന്നതെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ഒരോ തദ്ദേശ സ്ഥാപനത്തിലുമുള്ള കോവിഡ് പോസിറ്റീവ് രോഗികൾക്ക് അവിടെ തന്നെ ചികിൽസാ സൗകര്യമൊരുക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കോവിഡ് രോഗികളെയാണ് ഇവിടങ്ങളിൽ പ്രവേശിപ്പിക്കുക. ഗുരുതര രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ഇവിടെ നിന്ന് ആശുപത്രികളിലേക്ക് മാറ്റും. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കായി മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളുടെ സേവനം കരുതിവെയ്‌ക്കേണ്ടതുണ്ടെന്നും ജില്ലാ കലക്ടർ പറഞ്ഞു.
ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് ഒരാൾക്ക് കിടക്കാവുന്ന കട്ടിലുകൾ, കിടക്കകൾ, തലയണകൾ, തലയണ ഉറകൾ, കിടക്ക വിരികൾ, ബക്കറ്റുകൾ, മഗ്ഗുകൾ, തോർത്ത് മുണ്ടുകൾ, സോപ്പുകൾ, ടൂത്ത് ബ്രഷുകൾ, ടൂത്ത് പേസ്റ്റുകൾ, ഡസ്റ്റ് ബിന്നുകൾ, ക്ലീനിംഗ് ലോഷനുകൾ, അണുനാശിനികൾ തുടങ്ങിയവ ആവശ്യമുണ്ടെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ഇവ സ്‌പോൺസർ ചെയ്യാൻ മുന്നോട്ടു വരണം. ഒരാഴ്ചക്കുള്ളിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടെയുമുള്ള ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സജ്ജീകരിക്കേണ്ടതുണ്ടെന്നും ജില്ലാ കലക്ടർ അറിയിച്ചു. സാധനങ്ങളുടെ സമാഹരണത്തിനായി ജില്ലാ ഭരണകൂടം ആരംഭിച്ച 'ഇതും നാം അതിജീവിക്കും' കാമ്പയിൻ വിജയിപ്പിക്കണമെന്നും ജില്ലാ കലക്ടർ അഭ്യർഥിച്ചു.