തിരുവനന്തപുരം- നാല് വര്‍ഷമായി മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കരിന്റെ സസ്‌പെന്‍ഷന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 'സ്വയം കുഴിച്ച കുഴിയില്‍ വീണവരെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ കൈ നീളില്ല....' എന്നായിരുന്നു എം ശിവശങ്കരിനെതിരെ കോടിയേരി ബാലകൃഷ്ണന്‍ മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്.
ശിവശങ്കര്‍ വിശ്വാസത്തിന് കോട്ടമുണ്ടാക്കി. ഭരണശേഷിയുള്ള ഉദ്യോഗസ്ഥന്‍ എന്ന പരിഗണനയിലായിരുന്നു എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കിയത് എന്നാല്‍, ആ വിശ്വാസത്തിന് കോട്ടംതട്ടുന്ന പെരുമാറ്റം ശിവശങ്കറില്‍ നിന്നുണ്ടായെന്നും കോടിയേരി പറയുന്നു. പിണറായി സര്‍ക്കാരിനൊപ്പം പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടാണ്. ചാരക്കേസ് സൃഷ്ടിച്ച് മുഖ്യമന്ത്രിയെ രാജിവെപ്പിച്ച ചരിത്രം കേരളത്തില്‍ ആവര്‍ത്തിക്കില്ലെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു. സ്വര്‍ണക്കടത്തുകേസ് വരും തെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിക്ക് തിരിച്ചടിയാവില്ലെന്നും കോടിയേരി വ്യക്തമാക്കി.
ശിവശങ്കര്‍ സസ്‌പെന്‍ഷനിലായതോടെ അറസ്റ്റിനുള്ള സാധ്യതയും തെളിഞ്ഞു. വീണ്ടും ചോദ്യം ചെയ്യുന്നതിനായി ശിവശങ്കറിനെ കൊച്ചിയിലേക്കു വിളിപ്പിക്കും. സ്വര്‍ണക്കടത്ത് നടന്ന ദിവസങ്ങളില്‍ രണ്ടാംപ്രതി സ്വപ്‌ന സുരേഷ് മണിക്കൂറുകളോളം ശിവശങ്കറിന്റെ ഫഌറ്റ് പരിധിയിലുണ്ടായിരുന്നെന്നു മൊെബെല്‍ ടവര്‍ സിഗ്‌നലുകള്‍ വ്യക്തമാക്കുന്നു. സ്വര്‍ണം പിടികൂടിയ ദിവസം സ്വപ്‌ന രണ്ടരമണിക്കൂറോളം ഫഌറ്റിലുണ്ടായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കഴിഞ്ഞമാസം 24നും 27നും നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയെന്നാണ് ഒന്നാംപ്രതി പി.എസ്. സരിത്തിന്റെ മൊഴി. കഴിഞ്ഞ അഞ്ചിനാണു യു.എ.ഇ. കോണ്‍സുലേറ്റിലേക്കുള്ള ബാഗില്‍നിന്നു കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ രാമമൂര്‍ത്തി സ്വര്‍ണം പിടികൂടിയത്. ആസമയം ശിവശങ്കറിന്റെ വാടക ഫഌറ്റിനു സമീപമുള്ള പഞ്ചനക്ഷത്ര ഹോട്ടലായ ഹില്‍ട്ടണ്‍ ഗാര്‍ഡനിലായിരുന്നു സ്വപ്‌ന. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പല തെളിവുകളും പുറത്തുവരുകയും കസ്റ്റംസ് മണിക്കൂറുകളോളം ചോദ്യംചെയ്യുകയും ചെയ്തിട്ടും ശിവശങ്കരനെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നതു വിവാദമായിരുന്നു. ചീഫ് സെക്രട്ടറിയടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ട് വരട്ടെയെന്നായിരുന്നു ഇതിനു മുഖ്യമന്ത്രിയുടെ മറുപടി.ഒടുക്കം മറ്റു നിവൃത്തിയില്ലാതെ ശിവശങ്കരനെ കൈവിടുകയായിരുന്നു മുഖ്യമന്ത്രി.