തിരുവനന്തപുരം- നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ക്ഷണിച്ച പരിപാടിയില്‍ പങ്കെടുത്തത് ഓഫീസിന്റെ വീഴ്ചയെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. പരിപാടികളെ സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിക്കാറില്ല. റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ പങ്കെടുക്കാവൂ എന്ന പാഠം ഇപ്പോള്‍ മനസിലാക്കുന്നു. ഇന്ന് ചിന്തിക്കുമ്പോള്‍ അതൊരു പാഠമായിരുന്നുവെന്നും തനിക്ക് വീഴ്ച സംഭവിച്ചുവെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സ്വപ്‌നയുമായി അപരിചിതത്വമില്ല. കഴിഞ്ഞ നാലു വര്‍ഷം യുഇഎ കോണ്‍സുലേറ്റിന്റെ മുഖമായി അവരായിരുന്നു കേരള സര്‍ക്കാരിന് മുമ്പിലെത്തിയിരുന്നത്.
സര്‍ക്കാരിനോട് വിവിധ പരിപാടികളുമായി പല തവണ ബന്ധപ്പെട്ടിരുന്ന കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥയായാണ് അവരെ കണ്ടിരുന്നത്. അവരെ സംശയിക്കേണ്ട കാര്യമുണ്ടായില്ല. മലയാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ട സമയത്തും അവരെ സമീപിക്കാറുണ്ടായിരുന്നു.
അത്തരത്തിലുള്ള ഒരു ഉദ്യോഗസ്ഥ ഏതെങ്കിലും തരത്തില്‍ വഴിവിട്ട നീക്കം നടത്തുന്ന ആളായിരിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചില്ലെന്നും സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ സ്വര്‍ണക്കടത്ത് പുറത്തുവന്ന ശേഷമോ അതിന് തൊട്ടുമുമ്പോ സ്വപ്നയെ സഹായിച്ചിട്ടില്ല. ഔദ്യോഗിക കാര്യങ്ങളല്ലാതെ അവര്‍ സംസാരിച്ചിട്ടില്ലെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.