കുവൈത്ത് സിറ്റി- വന്ദേഭാരത് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കുവൈത്തില്‍നിന്ന് ഇന്ത്യയിലേക്കുള്ള നിരവധി പേരുടെ യാത്ര അവസാന നിമിഷം മുടങ്ങി. വിമാനത്താവളങ്ങളിലെ തിരക്ക് ചൂണ്ടിക്കാട്ടിയാണ് വ്യാഴാഴ്ച ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചത്.
കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ലാന്‍ഡിംഗ് അനുമതി നല്‍കാത്തതിനെ തടര്‍ന്നാണ് സര്‍വീസുകള്‍ മുടങ്ങിയതെന്ന് വിമാന കമ്പനികള്‍ അറിയിച്ചു.
വന്ദേഭാരത് നാലാംഘട്ടത്തില്‍ സ്വകാര്യ വിമാന കമ്പനികളായ ഗോ എയറും ഇന്‍ഡിഗോ എയര്‍ലൈന്‍സുമാണ് കുവൈത്തില്‍നിന്ന് സര്‍വീസ് നടത്തുന്നത്. വരും ദിവസങ്ങളിലെ സര്‍വീസുകളും അനിശ്ചിതത്വത്തിലാണ്. അധികൃതരുമായി ചര്‍ച്ച ആരംഭിച്ചതായി വിമാന കമ്പനികള്‍ അറിയിച്ചു.
കുവൈത്തില്‍നിന്നു 101 സര്‍വീസുകളാണ് വന്ദേഭാരത് നാലാംഘട്ട ഷെഡ്യൂളിലുള്ളത്.