ദമാം- കിഡ്‌നി, ലിവർ, ഹാർട്ട് തുടങ്ങി ആന്തരികാവയങ്ങൾക്കുണ്ടായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി അഖ്‌റബിയ കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കൊല്ലം കുരീപ്പള്ളി സ്വദേശി സഫീർ സലിം കഴിഞ്ഞ ദിവസം മരണപ്പെട്ടു. ദമാമിൽ സ്വദേശി കുടുംബത്തിലെ ഹൗസ് ഡ്രൈവർ ആയിരുന്ന 24കാരനായ സഫീർ സ്‌പോൺസറുടെയും വീട്ടുകാരുടെയും കണ്ണിലുണ്ണിയായിരുന്നു. സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെയായിരുന്നു സഫീറിനെ അവർ കണ്ടിരുന്നത്.
സഫീർ ആശുപത്രിയിൽ ആയതു മുതൽ ആഹാരം കഴിക്കാതെയും ഉറങ്ങാതെയും കഴിയുകയായിരുന്ന സൗദി കുടുംബം മരണവർത്ത അറിഞ്ഞത് മുതൽ ദുഃഖം താങ്ങാനാവാതെ കഴിയുകയാണ്. സഫീർ സ്വന്തം കുടുംബത്തിലെ ഏക ആശ്രയമാണ്. രോഗികളായ മാതാപിതാക്കളും വിവാഹമോചിതയായ സഹോദരിയും വാടക വീട്ടിലാണ് താമസം. കുറച്ചു ദിവസങ്ങൾക്കു മുൻപ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ചാർട്ടേർഡ്വിമാനത്തിൽ നാട്ടിൽ അയക്കാൻ ശ്രമിക്കുന്നതിനിടയിലാണ് രോഗം മൂർഛിച്ചതിനെ തുടർന്ന് സഫീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ജീവിതം ആസ്വദിച്ചു തുടങ്ങുന്നതിനു മുൻപ് കണ്ടുമുട്ടിയവരെയെല്ലാം തീരാദുഃഖത്തിലാഴ്ത്തി സഫീർ യാത്രയായി.
സഫീറിന്റെ മയ്യിത്ത് കഴിഞ്ഞ ദിവസം തുഖ്ബ ഖബർസ്ഥാനിൽ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം ഖബറടക്കി. ഐ സി എഫ് നേതാക്കളായ നിസാർ കാട്ടിൽ, ബഷീർ ഉള്ളണം, റസാഖ് താനൂർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് നിയമ നടപടികൾ പൂർത്തിയാക്കിയത്. മയ്യിത്ത് നമസ്‌കാരത്തിനും അനന്തരകർമ്മങ്ങൾക്കും സുബൈർ സഖാഫി, സലീം പാലച്ചിറ,സമദ് മുസ്ലിയാർ, ഹാരിസ് ജൗഹരി, അബ്ദുൽ റഹീം മളാഹിരി,ഷൈജു,നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി. സലീമിന്റെ നിർധന കുടുംബത്തെ സഹായിക്കുന്നതിന് എസ്്് വൈ എസ്്്് സാന്ത്വനം സ്‌കീമിൽ ഉൾപ്പെടുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നിസാർ കാട്ടിൽ, ബഷീർ ഉള്ളണം എന്നിവർ അറിയിച്ചു.