Sorry, you need to enable JavaScript to visit this website.

സ്വർണക്കടത്ത്: മലപ്പുറത്തെ ജ്വല്ലറികളിൽ പരിശോധന, പിടിയിലായത് അഞ്ച് പേർ 

കൊണ്ടോട്ടി - തിരുവന്തപുരം സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന്റെ പഴുതടച്ച അന്വേഷണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വിവിധ ജ്വല്ലറികളിൽ പരിശോധന. ജില്ലയിൽ നിന്ന് ഇതുവരെ അഞ്ച് പേരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. കസ്റ്റംസിന്റെ വലിയിലായ മൂന്ന് പേരിൽ രണ്ടു പേരും മലപ്പുറം ജില്ലക്കാരാണ്. ഇവർക്ക് ബന്ധമുണ്ടെന്ന് കരുതുന്ന മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ചില ജ്വല്ലറികൾ കേന്ദ്രീകരിച്ചാണ് കസ്റ്റംസ് പരിശോധനയും അന്വേഷണവും നടത്തുന്നത്. പെരിന്തൽമണ്ണ സ്വദേശി കെ.ടി റമീസ് (32), ഐക്കരപ്പടി വെണ്ണായൂർ പന്നിക്കോട്ടിൽ മുഹമ്മദ് ഷാഫി (37), കൊണ്ടോട്ടി കാളോത്ത് ഓന്നാം മൈലിൽ ബാബു നിവാസിൽ അംജത് അലി (51), മഞ്ചേരി സ്വദേശി ഹംസ, വേങ്ങര സ്വദേശി സൈതലവി എന്നിവരെയാണ് ജില്ലയിൽ നിന്ന് കസ്റ്റംസ് അറസ്റ്റ് ചെയ്തവർ. ആദ്യം പിടിയിലായ പെരിന്തൽമണ്ണ സ്വദേശി കെ.ടി റമീസിനെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റു നാലു പേർക്കും കൂടി കേസിൽ ബന്ധമുണ്ടെന്ന് ബോധ്യമായത്. ഇറക്കുമതി ചെയ്യുന്ന സ്വർണത്തിൽ പണം മുടക്കിയവരും വിൽക്കാൻ സഹായിക്കുന്നവരുമാണ് അറസ്റ്റിലായവരിൽ കൂടുതൽ പേരും.


കേസിൽ കൂടുതൽ പേർ ഇനിയും അറസ്റ്റിലാകുമെന്നാണ് സൂചന. സ്വർണക്കടത്ത് അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റംസ് നിരീക്ഷിച്ചുവരികയായിരുന്നു. പ്രതികൾ കോവിഡ്19 ലോക്ഡൗൺ മറികടന്ന് ഒളിവിൽ പോവാതിരിക്കാൻ പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. സ്വർണക്കടത്ത് സംഘം നേരത്തേ കടത്തിയ സ്വർണവും ആരിലെല്ലാമെത്തിയെന്നാണ് അന്വേഷിക്കുന്നത്. ഇതാണ് ജ്വല്ലറികൾ കേന്ദ്രീകരിച്ചുള്ള പരിശോധനക്ക് കസ്റ്റംസിനെ പ്രേരിപ്പിച്ചത്. കേസിൽ ഉൾപ്പെട്ടവർക്ക് കുഴൽപണ ബിസിനസുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിന് പുറമെ മറ്റു വിമാനത്താവളങ്ങളിലെ സ്വർണക്കടത്തിലെ പ്രതികളുടെ പങ്കും അന്വേഷിക്കുന്നുണ്ട്.


 

Latest News