കൊണ്ടോട്ടി - യു.എ.ഇയിൽ നിന്നും പ്രവാസികളുടെ മടക്ക സർവീസിനായി ചാർട്ടേഡ് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്യാൻ കടമ്പകളേറെ.
ഇന്ത്യയിലെ ഏതു സ്ഥലങ്ങളിലേക്കും സർവീസിന് അനുമതി ഇനി മുതൽ അതത് സംസ്ഥാന സർക്കാറിന്റെ പ്രത്യേക അനുമതി വേണമെന്ന് ഡി.ജി.സി.എ ഉത്തരവിറക്കി.
സംസ്ഥാന സർക്കാറിന്റെ നിർദേശമുണ്ടെങ്കിൽ മാത്രമേ ഇനി മുതൽ ചാർട്ടേഡ് വിമാനങ്ങൾക്ക് ഓരോ സംസ്ഥാനത്തെയും വിമാനത്താവളങ്ങളിൽ ലാൻഡിംഗ് അനുമതി ലഭിക്കുകയുള്ളൂ.
ഇതോടെ സർക്കാർ നിർദേശം ലഭിക്കാതെ യു.എ.ഇയിൽ നിന്ന് വന്ദേ ഭാരത് വിമാനങ്ങൾ മാത്രമായി പ്രവാസികളുടെ മടക്ക യാത്ര ചുരുങ്ങും.
ചാർട്ടേഡ് വിമാനങ്ങൾക്ക് സംസ്ഥാന സർക്കാറിന്റെ എൻ.ഒ.സി ഇല്ലെങ്കിൽ ലാൻഡിംഗ് അനുമതി നൽകരുതെന്ന് ഡി.ജി.സി.എ വിമാനത്താവളങ്ങളിലെ എയർ ട്രാഫിക് കൺട്രോൾ അധികൃതർക്കും നിർദേശം നൽകി. കോവിഡ് മൂലം പ്രയാസത്തിലായ പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം എളുപ്പമാക്കിയതും കൂടുതൽ പേർക്ക് നാടണയാൻ സാധിച്ചതും ചാർട്ടേഡ് വിമാനങ്ങൾ ഉള്ളതുകൊണ്ടായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രവാസികളുള്ളത് യു.എ.ഇയിലാണ്. പ്രവാസി സംഘടനകളും വിവിധ രാഷ്ട്രീയ മത സംഘടനകളും ട്രാവൽ ഗ്രൂപ്പുകളും സൗഹൃദ കൂട്ടായ്മകളും ഇതിനകം നൂറിലേറെ വിമാനങ്ങളാണ് കേരളത്തിലേക്ക് ചാർട്ടർ ചെയ്തിരുന്നത്. ഇത് വഴി ഒരു ലക്ഷത്തോളം പേർക്ക് നാട്ടിലെത്താനും കഴിഞ്ഞിട്ടുണ്ട്.
പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വന്ദേ ഭാരത് വിമാനങ്ങൾ പരിമിതമാണെന്നതിനാൽ ചാർട്ടേഡ് വിമാനങ്ങളെയാണ് കൂടുതൽ പേരും ആശ്രയിച്ചിരുന്നത്. കഴിഞ്ഞ മാസവും ചാർട്ടേഡ് വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങിയിരുന്നു. എന്നാൽ ഇത് പിന്നീട് ഉപേക്ഷിച്ചു. എൻ.ഒ.സി വേണമെന്ന നിർദേശം സംസ്ഥാനത്ത സർക്കാർ സ്വകാര്യ വിമാനത്താവളങ്ങളെ സംരക്ഷിക്കാൻ പ്രയോജനപ്പെടുത്തുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കൂടുതൽ വിമാനങ്ങൾ എത്തുന്ന കരിപ്പൂരിനും തിരിച്ചടിയാകും.