Sorry, you need to enable JavaScript to visit this website.

പുകമറ സൃഷ്ടിച്ച് വ്യക്തഹത്യ നടത്തി ദുർബ്ബലപ്പെടുത്താൻ ശ്രമം- പി.ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം- സ്പന സുരേഷുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ വിശദീകരണവുമായി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. തനിക്കെതിരായ ആരോപണങ്ങൾ അവാസ്തവമാണെന്നും ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

പ്രിയപ്പെട്ടവരോട്........ വളരെ ചെറുപ്രായത്തിൽ തുടങ്ങി കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി പൊതുരംഗത്ത് പ്രവർത്തിക്കുകയും പലതരത്തിലുള്ള ചുമതലകൾ നിർവ്വഹിക്കുകയും ചെയ്ത ഒരു എളിയ പൊതുപ്രവർത്തകൻ എന്ന നിലയിൽ ചില കാര്യങ്ങൾ എന്നെ സ്‌നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവരെ അറിയിക്കാനാണ് ഈ കുറിപ്പ്.
ചിലമാധ്യമ സംവാദങ്ങളിലും പൊതുപ്രസംഗങ്ങളിലും രാഷ്ട്രീയ വൈരം മൂത്ത് എല്ലാ സീമകളും ലംഘിച്ചുകൊണ്ട് വ്യക്തിഹത്യ തുടരുന്നത് അത്യന്തം വേദനാജനകവും നിർഭാഗ്യകരവുമാണ്.
കേരളത്തിൻറെ ബഹുമാന്യനായ മുഖ്യമന്ത്രിക്ക് നേരെയുള്ള കുന്തമുന ലക്ഷ്യം കാണാതാവുമ്പോൾ കാണിക്കുന്ന ഒരു രാഷ്ട്രീയ കൗശലമാണെങ്കിൽപ്പോലും പലപ്പോഴും അത് മര്യാദയില്ലായ്മയുടെ ഉദാഹരണമായിത്തീരുകയാണ്. തീർത്തും തെറ്റായ പ്രചരണങ്ങളുടെ പുകമറ സൃഷ്ടിച്ച് വ്യക്തഹത്യ നടത്തി ദുർബ്ബലപ്പെടുത്താനുള്ള ശ്രമം.
ഇപ്പോൾ ഉയർന്നു വന്ന വിവാദങ്ങളിൽ സ്പീക്കർക്കുള്ള പങ്ക് എന്താണ്? എല്ലാവരും അറിയണം.
നെടുമങ്ങാട് പുകരഹിത വാഹനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള ഒരു ചെറിയ സ്റ്റാർട്ടപ്പ് സംരഭമാണെന്ന് അറിയിച്ച കാർബൺ ഡോക്ടർ എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്തു. ഇത് വാസ്തവമാണ്. അത് 2019 ഡിസംബർ 31ന് ആയിരുന്നു. ഏകദേശം 7 മാസം മുൻപ്. അന്നാകട്ടെ, ഏതെങ്കിലും തരത്തിലുള്ള വിവാദങ്ങളോ, സംശയങ്ങളോ, വാർത്തകളോ ഒന്നും ഉണ്ടായിരുന്നില്ല. പരിപാടിയിൽ പങ്കെടുക്കേണ്ടെന്ന് ഒരാളും അറിയച്ചതുമില്ല. സമയവും സൗകര്യവും അനുവദിക്കുമെങ്കിൽ വിളിക്കുന്നവരുടെ രാഷ്ട്രീയമോ ജാതിയോ മതമോ നോക്കാതെ പരിപാടികളുടെ വലുപ്പചെറുപ്പം നോക്കാതെ പങ്കെടുക്കണമെന്നത് എൻറെ നിലപാടുമാണ്.
യു.എ.ഇ. കോൺസുലേറ്റ് ജനറലിൻറെ ഫസ്റ്റ് സെക്രട്ടറി എന്ന നിലയിൽ പരിചിതയായിരുന്ന സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ളവർ ക്ഷണിക്കുകയാണ് ഉണ്ടായത്. അവിടുത്തെ എല്ലാ ജനപ്രതിനിധികളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രോഗ്രാം നോട്ടീസ് കാണുകയുണ്ടായെങ്കിലും വലിയ തിരക്കുള്ള ദിവസമായതിനാൽ വരാനാകില്ലെന്ന് അറിയിക്കുകയും പോകാതിരിക്കുകയും ചെയ്തു.
എന്നാൽ ഉച്ചയായിട്ടും ഉദ്ഘാടനത്തിന് നിലവിളക്ക് കൊളുത്താതെ സംരഭകൻറെ വൃദ്ധമാതാവ് ഉൾപ്പെടെയുള്ളവർ കാത്തിരിക്കുകയാണെന്ന് (സംരഭകൻ ആരാണെന്ന് അറിയില്ലായിരുന്നു) അറിയിച്ചപ്പോൾ ഒരു അമ്മയോടുള്ള മര്യാദയുടെ പേരിൽ അവിടെ എത്തി വിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.
യു.എ.ഇ. കോൺസുലേറ്റ് ജനറലിൻറെ സെക്രട്ടറി എന്ന നിലയിൽ പരിചയപ്പെട്ട ഒരാളെ അവിശ്വസിക്കേണ്ട കാര്യമില്ലായിരുന്നു. യു.എ.ഇ. കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മലയാളി എന്ന നിലയിൽ അവർ സഹായിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന്, പോലീസ് വെരിഫിക്കേഷൻ കഴിഞ്ഞതിന് ശേഷം പാസ്‌പോർട്ട് ഓഫീസറുടെ മറ്റൊരു വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് കൂടി വേണമെന്ന നിബന്ധന ഇടക്കാലത്ത് വരികയും ഡബിൾ വെരിഫിക്കേഷൻ പ്രക്രിയ വലിയ പ്രയാസമുണ്ടാക്കുന്നു എന്ന് പ്രവാസികൾ പരാതിപ്പെടുകയും ചെയ്തപ്പോൾ കോൺസുലേറ്റ് മുഖാന്തിരം ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് സ്വപ്ന സുരേഷ് സഹായിക്കുകയുണ്ടായി.
വസ്തുതകൾ ഇതായിരിക്കേ മാസങ്ങൾക്ക് മുൻപ് നടന്ന ഒരു ചെറിയ ചടങ്ങിനെ ഇപ്പോഴത്തെ കുപ്രസിദ്ധമായ സ്വർണ്ണക്കടത്തുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നത് നീചപ്രവൃത്തിയാണ്. 2020 ജൂലായ് മാസത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നത്. 7 മാസം മുൻപ് ഇത്തരം ഒരു സംഭവം ഉണ്ടാകുമെന്ന് മുൻകൂർ അറിയണമായിരുന്നു എന്ന് പറയുന്നതിൽ എന്ത് സാമാന്യ യുക്തിയാണുള്ളത്? പ്രത്യേകിച്ച് റിപ്പോർട്ടുകളൊന്നുമില്ലാത്ത സാഹചര്യത്തിൽ കോൺസുലേറ്റിലെ ഉദ്യോഗസ്ഥ തട്ടിപ്പുകാരിയാണെന്ന് എങ്ങനെ മനസ്സിലാക്കും?
മാലിന്യം നിറഞ്ഞ മനസ്സോടെ കാര്യങ്ങളെ നോക്കിക്കണ്ട് ഒരു വലിയ സദാചാര ലംഘനം നടന്നിരിക്കുന്നു എന്ന് വ്യാഖ്യാനങ്ങൾ ചമയ്ക്കുന്ന ചിലരുണ്ട്. ആരോഗ്യപരമായ സ്ത്രീപുരുഷ സൗഹൃദങ്ങളെക്കുറിച്ച് അജ്ഞരായവർ. ക്യാമറകൾക്കും മുമ്പിൽ കൂടിനിന്ന മനുഷ്യർക്കും മുന്നിലെ പെരുമാറ്റത്തിൽ അപാകത കാണുന്നവർ മനസ്സിലുള്ള വൈകൃതമാണ് പുറത്തെടുക്കുന്നത്.
മനസ്സിൽ ഒരു തരം കറയും ഇല്ലാത്തതിനാൽ ആ പെരുമാറ്റത്തിൽ കാപട്യം ഉണ്ടായിരുന്നില്ല. കഴിഞ്ഞ കാലങ്ങളിൽ ഞാൻ ഇടപഴകിയ ഏതെങ്കിലും പുരുഷനോ സ്ത്രീയോ എന്നെങ്കിലും എവിടെയെങ്കിലും അപമര്യാദയോടുകൂടി പെരുമാറിയതായി പരാതിപ്പെട്ടിട്ടുണ്ടോ? ഒരിക്കലുമില്ല എന്ന് മാത്രമല്ല, സഹോദരനിർവിശേഷമായ ഭാവത്തോടെ എന്നോട് ഇടപഴകുന്ന എല്ലാവരോടും സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ഞാൻ പെരുമാറുന്നത് എന്ന് എന്നെ അറിയുന്ന ആർക്കാണ് അറിയാത്തത്?
ഒരു സഹോദരനോടോ മകനോടോ എന്ന പോലെ എന്നോട് പരാതികളും പരിഭവങ്ങളും പ്രശ്‌നങ്ങളും പറയുന്ന എന്റെ പൊന്നാനിയിലെ ഉമ്മമാരോടും അമ്മമാരോടും സഹോദരിമാരോടും അന്വേഷിക്കുന്നതായിരിക്കും ഉചിതം. അതിലും വലിയ ഒരു സാക്ഷ്യപത്രം എൻറെ കൈയിലില്ല.
ഒരു ആധുനിക സമൂഹത്തിൽ ഇത്രയും നികൃഷ്ടമായ മനോഭാവത്തോടെയും മലിന ചിന്തയോടെയും പൊതുപ്രവർത്തകരായിട്ടുള്ളവർ തന്നെ രംഗത്ത് വരുന്നത് എത്ര അപഹാസ്യവും സ്ത്രീ വിരുദ്ധവുമാണെന്ന് പൊതുസമൂഹം വിലയിരുത്തട്ടെ.
കുറ്റവാളി ആണായാലും പെണ്ണായാലും കുറ്റവാളിയായി കാണാനുള്ള ആരോഗ്യമില്ലാത്തവരോട് സഹതപിക്കാൻ മാത്രമേ കഴിയൂ.
ഏതെങ്കിലും തരത്തിൽ സ്വപ്ന സുരേഷിനെ ഈ ചടങ്ങിന് മുമ്പോ ശേഷമോ സഹായിക്കാനോ, പരിധിവിട്ട് ഇടപെടാനോ ഒരിക്കലും തയ്യാറായിട്ടില്ല എന്ന ഉത്തമബോധ്യം ഉള്ളതിനാൽ ഇക്കാര്യങ്ങളിലൊന്നും ഒരു ആശങ്കയും എനിക്ക് ഇല്ല. ഏത് തരത്തിലുള്ള അന്വേഷണം നേരിടുവാനും ഞാൻ സന്നദ്ധനുമാണ്. അതുകൊണ്ടുതന്നെയാണ് തുടക്കത്തിൽതന്നെ സി.ബി.ഐ. ഉൾപ്പെടെ ആരും അന്വേഷിക്കട്ടെ എന്ന നിലപാട് സ്വീകരിച്ചത്. എല്ലാതരം രേഖകളും പരിശോധിക്കുന്നതിനും സന്തോഷമേ ഉള്ളൂ. പക്ഷേ, അപവാദത്തിൻറെ പുകമറയിൽ നിർത്തി വ്യക്തിഹത്യനടത്തി ആഘോഷിക്കുന്നത് മനോവൈകൃതം ആണെന്ന് മനസ്സിലാക്കുക.
ഇതിനിടയിൽ 2019 ജൂൺ മാസത്തിൽ കൊച്ചിയിൽ സ്വപ്ന സുരേഷ് എന്നെ സന്ദർശിച്ചുവെന്ന ഒരു രാഷ്ട്രീയ നേതാവിൻറെ പ്രസ്താവനയും കണ്ടു. തികച്ചും അവാസ്തവമായ അപവാദ പ്രചരണത്തിനെതിരെയും നിയമപരമായി നീങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.
ഇതിൻറെ തുടർച്ചയായി വേറെയും പുകമറകൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി കാണുന്നു. വിദേശയാത്രകൾ നിഗൂഢമാണത്രേ....! 50ൽ അധികം തവണ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത്രേ...! അന്വേഷിച്ചു കണ്ടെത്തണമത്രേ....! എല്ലാറ്റിനേയും സ്വാഗതം ചെയ്യുന്നു. എല്ലാം നിഗൂഢമാണെന്ന് പ്രചരിപ്പിക്കുന്നവരുടെ മുന്നിൽ എല്ലാ രേഖകളും സമർപ്പിക്കാൻ തയ്യാറാണെന്നും അറിയിക്കുന്നു.
ദുബായ് എമിറേറ്റ്‌സ് ഷിപ്പിംഗിൽ അസിസ്റ്റൻറ് മാനേജരായ സഹോദരിയും ഷാർജയിൽ ഇത്തിസലാത്തിൽ എഞ്ചിനീയറായ സഹോദരനും ഉൾപ്പെടെ ഞാൻ ഒഴികെയുള്ള എൻറെ കുടുംബം വർഷങ്ങളായി യു.എ.ഇയിൽ ആണ്. യു.എ.ഇയിൽ പരിപാടികൾക്ക് ക്ഷണം ലഭിക്കുമ്പോൾ അവരെക്കൂടി സന്ദർശിക്കാനുള്ള അവസരമാണെന്ന് കരുതി പലപ്പോഴും അത് സ്വീകരിക്കാറുണ്ട്. കഴിഞ്ഞ 4 വർഷങ്ങൾക്കിടയിൽ യു.എ.ഇ.യിലേക്ക് യാത്ര ചെയ്തത് 14 തവണയാണ്. അതിൽ 5 യാത്രകൾ കൂടുതൽ പ്രതിപക്ഷപ്രാതിനിധ്യമുള്ള സംഘടനകളുടെ ക്ഷണം സ്വീകരിച്ചാണ്. 5 യാത്ര ലോക കേരള സഭയുമായി ബന്ധപ്പെട്ട ഔദ്യോഗിക മീറ്റിംഗുകൾക്കാണ്. ഒരു യാത്ര ഈയിടെ സഹോദരന് അവിചാരിതമായി ഹൃദയശസ്ത്രക്രിയക്ക് വിധേയമാകേണ്ടി വന്നപ്പോഴാണ്. മറ്റ് യാത്രകൾ എൻറെ കുടംബത്തോടൊപ്പം ദുബായിലും ഷാർജയിലുമായി ഇൻറേൺഷിപ് ചെയ്യാനുള്ള എൻറെ മകളുടെ ആവശ്യാർത്ഥം വ്യക്തിപരമായ യാത്രകൾക്കൊന്നും സർക്കാരിൻറെ പണം ചെലവഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അല്ലാത്തത് ക്ഷണിതാക്കൾ ഏർപ്പെടുത്തിയ സൗകര്യങ്ങളുമായിരുന്നു. ഭൂരിപക്ഷം സന്ദർഭങ്ങളിലും സഹോദരിയുടെയും സഹോദരൻറെയും കൂടെയാണ് താമസിച്ചതും.
ഇതെല്ലാം പകൽ പോലെ വ്യക്തമായ കാര്യങ്ങളാണ്. ഇതിന് പുറമേ കോമൺ വെൽത്ത് പാർലമെൻററി അസോസിയേഷൻസ്പീക്കേഴ്‌സ് കോൺഫറൻസ് പോലുള്ള ഔദ്യോഗിക യാത്രകൾ ദുബായ് വഴി പോയിട്ടുണ്ട്. ഇതിലൊന്നും ഒരു ഒളിച്ചുകളിയുമില്ല. നിഗൂഢതകളുമില്ല. എല്ലാ യാത്രാ രേഖകളും എൻറെ ഓഫീസിൽ ലഭ്യമാണ്. വ്യക്തത ആവശ്യമുള്ളവർക്ക് അവർ ആരായാലും നേരിട്ട് അന്വേഷിക്കാൻ അവസരങ്ങളുണ്ട് എന്നിരിക്കെ പുകമറയും ആശയക്കുഴപ്പവും സൃഷ്ടിച്ച് വ്യക്തിഹത്യക്ക് ഉപയോഗിക്കുന്നത് ചുരുങ്ങിയ വാക്കിൽ പറഞ്ഞാൽ തരംതാണ പ്രവൃത്തിയാണ്.
പൊതുപ്രവർത്തന രംഗത്ത് നിൽക്കുമ്പോൾ ഇത്തരം അനർഹമായ, മനസാ വാചാ അറിഞ്ഞിട്ടില്ലാത്ത വിഷയങ്ങളുടെ പേരിൽ ആക്ഷേപം ഏറ്റുവാങ്ങേണ്ടി വരിക എന്നത് സ്വാഭാവികമായ കാര്യമാണ്. അത് ഏറ്റുവാങ്ങുന്നു. അനർഹമായത് എന്ന് തോന്നുന്ന അനുമോദനങ്ങളും അഭിനന്ദന പ്രവാഹവും ഇതുപോലെ തന്നെ സ്വീകരിക്കുന്നതാണ് എൻറെ പതിവ്.
കേരള നിയമസഭയുടെ അധ്യക്ഷനായി താരതമ്യേന ചെറുപ്രായത്തിൽ നിയോഗക്കപ്പെട്ടപ്പോൾ ആ പദവിയെ പരാമവധി നവീകരിക്കാനും നിയമസഭയെ ജനങ്ങളുമായി ബന്ധിപ്പിക്കാനും ആധുനിക ലോകവുമായി യോജിപ്പിക്കാനുമാണ് ശ്രമിച്ചത്. മൗലികമായ നവീകരണങ്ങൾ മൂലം നിയമസഭയുടെ അന്തസ്സും നിലവാരമുയർത്താൻ നടത്തിയ ശ്രമങ്ങൾക്കുമെല്ലാം പ്രതിപക്ഷത്തിൻറെ പിന്തുണയും ലഭിച്ചിട്ടുണ്ട്. ഇതെല്ലാം മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് ഇന്ത്യയിൽ ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കുന്ന നിയമസഭയെന്ന് വിലയിരുത്തി അതിൻറെ അധ്യക്ഷന് ഐഡിയൽ സ്പീക്കർ എന്ന പുരസ്‌കാരം ലഭിച്ചത് എന്ന് വിനയപൂർവ്വം ഓർമിക്കുന്നു.
ഉപരാഷ്ട്രപതിയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുമ്പോഴും കേരള നിയമസഭയുടെ കൂട്ടായ പ്രവർത്തന സവിശേഷതയെ എടുത്തുപറയുകയുമുണ്ടായി. കേരള നിയമസഭയിലെ എല്ലാ നിയമസഭാംഗങ്ങൾക്കുമായുള്ള ഒരു പുരസ്‌കാരമായിട്ടാണ് അന്നത് ഏറ്റുവാങ്ങിയത്.
ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ലാത്തതിനാൽ ആശങ്കയോ വിഷമങ്ങളോ ഇല്ല. പക്ഷേ എന്നെ സ്‌നേഹിക്കുന്നവരുടെ മനസ്സിൽ തെറ്റിദ്ധാരണയുടെ ഒരു തരിപോലും ബാക്കി നിൽക്കരുത് എന്ന ആഗ്രഹം ഉള്ളത് കൊണ്ടാണ് ഇത്രയും കുറിച്ചത്.
പ്യൂണിൻറെ യോഗ്യതപോലുമില്ലായെന്ന് ആക്രോശിച്ച നിഷ്പക്ഷ മാധ്യമ പ്രവർത്തകനോട് ഒരു വാക്ക്  എന്നെ ഭ്രമിപ്പിക്കുന്നത് ഉന്നതസ്ഥാനങ്ങളുടെ ശബളിമയല്ല. കുട്ടിക്കാലത്ത് എൻറെ മുന്നിൽ കൊടി ആകാശത്തേക്ക് ഉയർത്തിപ്പിടിച്ച് സ്വർഗരാജ്യത്തോടെന്നപോലെ മുദ്രാവാക്യം മുഴക്കിയിരുന്ന സഖാവ് നീലാണ്ടൻറെ കറുത്ത കാൽപ്പാദങ്ങളും ചേറിൻറെ മണവുമായിരുന്നു. മൂത്തമകനെ ഒരു പ്യൂണാക്കാനാഗ്രഹിച്ച് തിരുവനന്തപുരത്തേക്ക് വണ്ടികയറി എം.എൽ.എ. ക്വാർട്ടേഴ്‌സിൽ എത്തിയ എൻറെ നാട്ടിലെ ചെള്ളിയുടെ നടക്കാതെപോയ സ്വപ്നമാണ് എൻറെ വേദന. ഒന്നിച്ചിരിക്കാൻ ഇടമില്ലാത്ത കുടിലുകളിലെ ഇരുണ്ട മൂലകളിൽനിന്ന് ഉന്നത വിദ്യാഭ്യാസത്തിൻറെ ആകാശങ്ങൾ വെട്ടിപ്പിടിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കളായ സുൽഫത്തുമാരുടെ ഉള്ളിലെ തീയാണ് എനിക്കു പ്രചോദനം. ആ കനലുകളിലേക്ക് പ്യൂൺ പ്രയോഗം ഞാൻ സമർപ്പിക്കുന്നു.

 

Latest News