തലശേരി- പാലത്തായിയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി നേതാവും കുട്ടിയുടെ അധ്യാപകനുമായ പത്മരാജന് ജാമ്യം ലഭിച്ചു. കേസിൽ പോക്‌സോ വകുപ്പ് ചേർക്കാതെയാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഭാഗിക കുറ്റപത്രമായിരുന്നു കോടതിയിൽ സമർപ്പിച്ചിരുന്നത്. 90 ദിവസമായാൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ സ്വാഭാവികമായ ജാമ്യം ലഭിക്കുമെന്നിരിക്കെ വൈകുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് െ്രെകംബ്രാഞ്ച് ഭാഗിക കുറ്റപത്രം സമർപ്പിച്ചത്. ഡി.വൈ.എസ്.പി മധുസൂധനൻ ആണ് കുറ്റപത്രം സമർപ്പിച്ചത്. കുട്ടികളെ അധ്യാപകൻ ശാരീരികമായി ഉപദ്രവിച്ചെന്ന് െ്രെകംബ്രാഞ്ച് കണ്ടെത്തി. ലൈംഗിക ഉപദ്രവത്തെ സംബന്ധിച്ച് തുടരന്വേഷണം നടത്തണമെന്നും െ്രെകംബ്രാഞ്ച് ചൂണ്ടിക്കാട്ടി.
താൻ പഠിപ്പിക്കുന്ന സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് ബി.ജെ.പി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൂടിയായ കുനിയിൽ പത്മരാജൻ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ജനുവരി 15 മുതൽ ഫെബ്രുവരി രണ്ട് വരെയുള്ള കാലയളവിൽ സ്‌കൂളിലെ ശുചിമുറിയിൽ വച്ചും സുഹൃത്തിന്റെ വീട്ടിൽ വച്ചും കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. സഹപ്രവർത്തകനായ അധ്യാപകന്റെ മൊബൈൽ ഫോണിൽ നിന്ന് കുട്ടിയെ നിരന്തരം വിളിച്ചുവരുത്തിയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നത്. കുട്ടിയുടെ മൊഴി കൂടാതെ സഹപാഠിയും ഇതുസംബന്ധിച്ച് മൊഴി നൽകിയിരുന്നു. പീഡനവിവരം പുറത്തായതിനെ തുടർന്ന് ഒളിവിൽപോയ പത്മരാജനെ ഒരു മാസത്തിനു ശേഷമാണ് ഒളിത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്തത്.