റിയാദ് - ഡെപ്യൂട്ടി വിദേശ മന്ത്രിയായി എൻജിനീയർ വലീദ് ബിൻ അബ്ദുൽകരീം അൽഖിരീജിയെ നിയമിച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിട്ടു. ഡെപ്യൂട്ടി പാർപ്പിടകാര്യ മന്ത്രിയായി എൻജിനീയർ അബ്ദുല്ല ബിൻ മുഹമ്മദ് അൽബുദൈറിനെയും നിയമിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ ജനറൽ പദവിയിൽ ഡോ. ബന്ദർ ബിൻ അസ്അദ് അൽസജാനെയും രാജാവ് നിയമിച്ചു.
1982 ൽ അമേരിക്കയിലെ മിയാമി യൂനിവേഴ്‌സിറ്റിയിൽ നിന്ന് സിവിൽ എൻജിനീയറിംഗിൽ ബാച്ചിലർ ബിരുദം നേടിയ വലീദ് അൽഖിരീജി 1984 മുതൽ 1989 വരെയുള്ള കാലത്ത് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിൽ സേവനമനുഷ്ഠിക്കുകയും റഫ്ഹയിലും സുൽഫിയിലും ഖമീസ് മുശൈത്തിലും ഹഫർ അൽബാത്തിനിലും ഉനൈസയിലും ജലശുദ്ധീകരണ ശാലകൾ സ്ഥാപിക്കുന്നതിന് മേൽനോട്ടം വഹിക്കുകയും ചെയ്തു.
ഫുഡ് ആന്റ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ ഓഫ് ദി യുനൈറ്റഡ് നേഷൻസിൽ സൗദി സ്ഥിരം പ്രതിനിധിയായി 1989 മുതൽ 1990 വരെ സേവനമനുഷ്ഠിച്ചു. 1990 മുതൽ 1994 വരെ യുനൈറ്റഡ് നേഷൻസ് വേൾഡ് ഫുഡ് പ്രോഗ്രാമിൽ സൗദി പ്രതിനിധിയായി സേവനമനുഷ്ഠിച്ചു. 1990 മുതൽ 1994 വരെ ഇന്റർനാഷണൽ ഫണ്ട് ഫോർ അഗ്രിക്കൾച്ചറൽ ഡെവലപ്‌മെന്റിൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ അടക്കം ഏതാനും പദവികളും വഹിച്ചിട്ടുണ്ട്.
1995 മുതൽ 2002 വരെ മക്ക പ്രവിശ്യ കൃഷി, ജല വകുപ്പ് മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. റിയാദ് ജല പദ്ധതിക്കും മേൽനോട്ടം വഹിച്ചു. ഇന്റർനാഷണൽ ഗ്രെയിൻസ് കൗൺസിലിൽ സൗദി പ്രതിനിധിയായും 2013-2014 കാലത്ത് കൗൺസിൽ വൈസ് പ്രസിഡന്റ് ആയും പ്രവർത്തിച്ചു. 2004 ൽ ഇന്റർനാഷണൽ ക്രിമിനൽ കോടതിയിൽ സൗദി പ്രതിനിധിയായി സേവനമനുഷ്ഠിച്ചു.
സൗദി ശൂറാ കൗൺസിൽ അംഗമായും മക്ക കൗൺസിൽ, സൗദി അഗ്രിക്കൾച്ചറൽ ആന്റ് ലൈവ്‌സ്റ്റോക്ക് ഇൻവെസ്റ്റ്‌മെന്റ് കമ്പനി എന്നിവയിൽ ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 2009 മുതൽ 2014 വരെയുള്ള കാലത്ത് സൗദി ഗ്രെയിൻസ് ഓർഗനൈസേഷൻ ഡയറക്ടർ ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014-2015 കാലത്ത് സൗദി കൃഷി മന്ത്രിയായും 2002 മുതൽ 2009 വരെയുള്ള കാലത്ത് ഹോളണ്ടിലെ സൗദി അംബാസഡറായും 2017 മുതൽ 2020 വരെയുള്ള കാലത്ത് തുർക്കിയിലെ സൗദി അംബാസഡറായും സേവനമനുഷ്ഠിച്ചു.