തിരുവനന്തപുരം- സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് എം ശിവശങ്കര്‍ ഐഎഎസിനെ സസ്‌പെന്റ് ചെയ്‌തേക്കും. ശിവശങ്കറിന് ഇക്കാര്യത്തില്‍ ജാഗ്രത കുറവുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹം സര്‍വീസില്‍ തുടരുന്നത് സര്‍ക്കാരിനും മുന്നണിക്കും ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ് നടപടിയിലേക്ക് നയിക്കുക. ഇക്കാര്യം ഇന്നലെ സിപിഐഎം നേതൃത്വവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.
ഈ വിഷയത്തില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞാല്‍ സസ്‌പെന്‍ഷന്‍ സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുമെന്നാണ് സൂചന. അതേസമയം ശിവശങ്കറിനെതിരെയുള്ള നടപടി സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തില്‍ വ്യത്യസ്ത അഭിപ്രായമാണ് നിലവിലുള്ളത്. ശിവശങ്കറിനെതിരെ നടപടിയെടുക്കാന്‍ ഇപ്പോഴുള്ള ആരോപണങ്ങള്‍ പര്യാപ്തമല്ലെന്നും അദ്ദേഹം കോടതിയെ സമീപിച്ചാല്‍ സര്‍ക്കാരിന് തിരിച്ചടിയാകുമെന്നുമാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്തായാലും അന്വേഷണവിധേയമായി അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യാനായിരിക്കും തീരുമാനം.