ദുബായ്- യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം 71 ന്റെ നിറവിൽ. പിറന്നാൾ ദിനമായ ഇന്നലെ രാജകുടുംബാംഗങ്ങളും ഭരണകൂടത്തിലെ ഉന്നതരും പൊതുജനങ്ങളുമെല്ലാം തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് ആശംസകൾ നേർന്നു.
മകൾ ശൈഖ ലത്തീഫയും മകനും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് റാഷിദ് അൽ മക്തൂം സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ആശംസകൾ ഏറെ ശ്രദ്ധേയമായി. 'ലോകത്തെ ഏറ്റവും നല്ല പിതാവിന് ഏറ്റവും സന്തോഷകരമായ ജന്മദിനാശംസകൾ -പിതാവിന്റെ പഴയ ഫോട്ടോ പോസ്റ്റ് ചെയ്ത് ശൈഖ ലത്തീഫ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ജന്മദിനാശംസകൾ നേർന്ന് ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് റാഷിദ് അൽ മക്തൂം പോസ്റ്റ് ചെയ്ത ചിത്രത്തിന് ആദ്യ മണിക്കൂറിൽ 1000 ത്തിലധികം ലൈക്കുകളാണ് ലഭിച്ചത്.
1949 ജൂലൈ 15 ന് ദുബായ് ക്രീക്കിനടുത്തുള്ള ഷിൻദഗായിലെ അൽ മക്തൂം ഹോമിലാണ് ശൈഖ് മുഹമ്മദ് ജനിച്ചത്. ശൈഖ് റാഷിദ് ബിൻ സയീദ് അൽമക്തൂമിന്റെ നാല് ആൺമക്കളിൽ മൂന്നാമനാണ് അദ്ദേഹം. ഇന്നലെ യു.എ.ഇ നിവാസികൾ തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അനുമോദിച്ച് ട്വിറ്ററിൽ തലങ്ങും വിലങ്ങും സന്ദേശങ്ങൾ അയച്ചു. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളാണ് ശൈഖ് മുഹമ്മദ്. അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 52 ലക്ഷം ഫോളോവേഴ്സും ട്വിറ്റർ അക്കൗണ്ടിൽ 103 ലക്ഷം ഫോളോവേഴ്സുമുണ്ട്. കഴിഞ്ഞ ദിവസം ട്വിറ്ററിൽ ഏറ്റവും ട്രെൻഡിംഗായിരുന്നു ഭരണാധികാരിയുടെ ജന്മദിനം.
മാനവ വിഭവശേഷി, എമിറൈസേഷൻ മന്ത്രാലയം സോഷ്യൽ മീഡിയയിൽ ശൈഖ് മുഹമ്മദിനെ അഭിനന്ദിച്ചു. 'ഇന്ന്, നമുക്കെല്ലാവർക്കും അഭിമാനത്തിന്റെ ദിവസമാണ്, ഈ ദിവസം ഞങ്ങൾ നേട്ടത്തിന്റെയും മികവിന്റെയും തീയതിയായി അടയാളപ്പെടുത്തുന്നു. ആദരണീയനായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ജന്മദിനത്തിനോടനുബന്ധിച്ച് യു.എ.ഇയുടെ യശസ്സ് ഉയർത്തുന്ന ചൊവ്വാ പര്യവേക്ഷണത്തിന് വികസിപ്പിച്ച ഹോപ് പ്രോബ് പേടകം ലോഞ്ച് ചെയ്യാനിരിക്കുകയാണ് -മന്ത്രാലയം ട്വീറ്റ് ചെയ്തു.