ജിദ്ദ - മുക്കം ഏരിയ കൂട്ടായ്മയുടെ (മാക്) രണ്ടാമത് ചാർട്ടേഡ് വിമാനവും കോഴിക്കോട്ടെത്തി. കോവിഡ് കാലത്തു പ്രവാസികൾ ക്ലേശിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മുക്കത്തുകാരുടെ ജിദ്ദയിലെ കൂട്ടായ്മയായ മാക്ക് ഒരാഴ്ചക്കിടെ രണ്ട് വിമാനങ്ങളാണ് ചാർട്ടർ ചെയ്തത്. യാത്രക്കാരിൽ കൂട്ടായ്മ അംഗങ്ങൾക്കു പുറമെ, പരിസരപ്രദേശങ്ങളിലുള്ളവർ, ആരോഗ്യ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ, ഗർഭിണികൾ, കുട്ടികൾ, ജോലി നഷ്ടപ്പെട്ടവർ തുടങ്ങിയവരായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് നൽകി. മറ്റുള്ളവർക്കും മിതമായ നിരക്കിലാണ് ടിക്കറ്റ് നൽകിയത്.
യാത്രക്കാർക്ക് പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജ്യൂസ് കൂടാതെ പി.പി.ഇ കിറ്റും നൽകി. ജിദ്ദയിൽ നിന്ന് യാത്രക്കു വേണ്ട സഹായങ്ങൾക്കു പുറമെ നാട്ടിലെത്തുന്നതുവരെ സേവനവുമായി രംഗത്തുണ്ടായിരുന്ന മാക്കിന് യാത്രക്കാർ നന്ദി അറിയിച്ചു. പ്രസിഡന്റ് അഷ്‌റഫ് അലി വയലിൽ, മുജീബ് ഉമ്മിണിയിൽ, ശരീഫ് പുലരി, ഉസ്മാൻ മൈലപ്പുറം, ഷമീം ചേന്നമംഗലൂർ, ജംഷാദ് പൂളപ്പൊയിൽ, ജാഫർഷാ മക്ക, നബീൽ അലി, ജാസിം കൊടിത്തൂർ തുടങ്ങിയവരാണ് ഈ ഉദ്യമത്തിന് നേതൃത്വം വഹിച്ചത്.