കൊച്ചി- തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് എൽ.ഡി.എഫിലെ തന്നെ ഘടക കക്ഷികളുടെ പിന്തുണ ലഭിക്കുന്നില്ലെന്ന് കെ.മുരളീധരൻ എം.പി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഈ വിഷയത്തിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് ഒരു ഘടക കക്ഷിയും ഇതുവരെ രംഗത്തെത്തിയിട്ടില്ല.
പകരം സി.പി.ഐയുടെ മുഖപത്രം സ്പ്രിംഗ്ലർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിനെ വിമർശിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പങ്ക് ഒരോ ദിവസവും വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. കേസിലെ പ്രതികൾക്ക് ഫഌറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന കാര്യത്തിലും ശിവശങ്കരൻ നേരിട്ട് ഇടപെട്ടതിനും വ്യക്തമായ രേഖകൾ പുറത്തുവന്നു കഴിഞ്ഞു. ഈ സാഹചര്യത്തിലും ശിവശങ്കരനെ സസ്‌പെൻഡ് ചെയ്യാത്തത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുകളെക്കുറിച്ചുള്ള സംശയങ്ങൾക്ക് ആക്കം കൂട്ടുന്നവയാണ്. ഇത്രയധികം വഴിവിട്ട പ്രവൃത്തികൾ തന്റെ മൂക്കിന് താഴെ നടന്നിട്ടും അതൊന്നും അറിയാൻ കഴിയാത്ത മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും കെ.മുരളീധരൻ എം.പി പറഞ്ഞു. സ്വപ്നയെ പരിചയമുണ്ടെന്ന പേരിലാണ് സ്പീക്കർ അവർ ക്ഷണിച്ച പരിപാടിക്ക് പോയത്. അവർ എപ്രകാരമുള്ളവരാണെന്ന് അന്വേഷിക്കാതെ അത്തരമൊരു ചടങ്ങിൽ സ്പീക്കർ പങ്കെടുത്തത് തെറ്റാണ്. അതുകൊണ്ടാണ് ധാർമികമായി അദ്ദേഹത്തിന് സ്പീക്കർ സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്ന് പ്രതിപക്ഷം പറയുന്നത്.
റമദാൻ കിറ്റിനെക്കുറിച്ച് സംസാരിക്കാനാണ് ഫോൺ വിളികൾ നടത്തിയിട്ടുള്ളതെന്നാണ് മന്ത്രി കെ.ടി ജലീൽ പ്രതികരിച്ചത്. മെയ് 24ന് ആയിരുന്നു ചെറിയ പെരുന്നാൾ. കിറ്റിനെക്കുറിച്ച് സംസാരിക്കാൻ വിളിച്ചത് ജൂൺ ഒന്നിനാണ്. ഒന്നിലധികം തവണ വിളിച്ചതായും ഫോൺ രേഖകൾ പുറത്തു വരുന്നുണ്ട്. ഭരണപരമായ കാര്യങ്ങൾക്ക് താൻ പല തവണ വിളിച്ചിട്ട് ഫോൺ എടുക്കാത്ത ജലീലാണ് നിരവധി തവണ കേസിലെ പ്രതിയെ വിളിച്ചിട്ടുള്ളത്.
കോൺസുലേറ്റ് ജനറൽ പറഞ്ഞ പ്രകാരമാണ് ഇവിടെ ബന്ധപ്പെട്ടതെന്ന് മന്ത്രി പറയുമ്പോഴും കോൺസുലേറ്റിൽ നിന്ന് പുറത്താക്കപ്പെട്ട ഇവരെ ബന്ധപ്പെടാൻ പറഞ്ഞത് കോൺസുലേറ്റ് ജനറൽ തന്നെയാണോന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു. കേസുമായി ബന്ധമുള്ള പ്രതികൾ പലരും വിദേശത്താണ് കഴിയുന്നത്. ഇവരെ ഇന്ത്യയിലെത്തിക്കുന്നതിന് സി.ബി.ഐയുടെ കൂടി സഹായം വേണ്ടിവരും. അതുകൊണ്ടുതന്നെ ഈ കേസിലെ അഴിമതികൾ അന്വേഷിക്കുന്നതിന് സി.ബി.ഐ അന്വേഷണവും പ്രഖ്യാപിക്കണമെന്ന് മുരളീധരൻ പറഞ്ഞു.