Sorry, you need to enable JavaScript to visit this website.

യു.ഡി.എഫ് ഹർത്താൽ  ജനങ്ങൾക്കു വേണ്ടി -ഉമ്മൻചാണ്ടി 

കോട്ടയം- ജനങ്ങൾ ആഗ്രഹിക്കുന്ന ഹർത്താലാണ് 16ന് യു.ഡി.എഫ് നടത്തുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൊള്ളയടിയിൽ പൊറുതി മുട്ടിയ ജനങ്ങൾക്കു വേണ്ടിയാണ് മനസില്ലാമനസ്സോടെ യു.ഡി.എഫ് ഹർത്താൽ  പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഏറ്റവും ആവശ്യമായ സമയത്ത് തന്നെയാണ് ഹർത്താൽ എന്നാണ് ജനങ്ങളിൽ നിന്നുള്ള പ്രതികരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.ഡി.എഫ് നടത്തിയ രാപകൽ സമരത്തിന്റെ സമാപന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പെട്രോൾ, ഡീസൽ വിലയിൽ അമിതഭാരം കുറയ്ക്കാൻ  സംസ്ഥാനങ്ങൾ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്ന നരേന്ദ്ര മോഡി, കേന്ദ്ര സർക്കാർ ജനങ്ങളുടെമേൽ അടിച്ചേല്പിച്ചിരിക്കുന്ന അധിക നികുതിയും പിൻവലിക്കണമെന്ന് ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു. യു.പി.എ സർക്കാരിന്റെ കാലത്ത് ഒരു ലക്ഷത്തി ഇരുപതിനായിരം കോടി രൂപ സബ്‌സിഡി നൽകി പെട്രോൾ, ഡീസൽ വിലക്കയറ്റം പിടിച്ചു നിർത്തിയപ്പോൾ ബി.ജെ.പി സർക്കാർ കുത്തകകൾക്കു കൊള്ളലാഭം കൊയ്യാൻ നികുതി പലമടങ്ങ് വർധിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പെട്രോളിയം ഉത്പന്നങ്ങൾക്ക് ലോകത്തിൽ ഏറ്റവും വലിയ വില ഈടാക്കുന്ന രാജ്യമായി ഇന്ത്യ ഇപ്പോൾ മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.    പെട്രോൾ, ഡീസൽ വിലനിർണയത്തിലൂടെ ജനങ്ങളോട് പ്രതിബദ്ധതയുള്ള രാഷ്ട്രീയ പ്രസ്ഥാനം ഏതാണെന്ന്  തെളിഞ്ഞിരിക്കുകയാണ്. മൻമോഹൻ സിംഗ് പത്തു വർഷം കാത്തു പരിപാലിച്ച ഇന്ത്യയുടെ സാമ്പത്തിക രംഗം നരേന്ദ്ര മോഡി മൂന്നര വർഷംകൊണ്ട് തവിടുപൊടിയാക്കി. ജി.എസ്.ടിയുടെ കേരളത്തിലെ അംബാസിഡറായി ചമഞ്ഞ ധനകാര്യമന്ത്രി തോമസ് ഐസക്കിന് അതിന്റെ ദൂഷ്യവശങ്ങൾ ഇപ്പോഴാണ് മനസിലായതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. 
ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷനായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. എ.ഐ.സി.സി അംഗം കുര്യൻ ജോയ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ലതികാ സുഭാഷ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഹാജി പി.എം.ഷെരീഫ്, ജനറൽ സെക്രട്ടറി അസീസ് ബഡായിൽ, സെക്രട്ടറി മുഹമ്മദ് സിയാ, ജനതാദൾ സംസ്ഥാന സെക്രട്ടറി സണ്ണി തോമസ്, സി.എം.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തമ്പി ചന്ദ്രൻ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുണ്ടക്കയം സോമൻ, ഫോർവേഡ് ബ്ലോക് ജില്ലാ സെക്രട്ടറി അഡ്വ.സനൽ മാവേലിൽ, മുൻ ഡി.സി.സി പ്രസിഡന്റ് അഡ്വ.ടോമി കല്ലാനി, കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ. പി.എ.സലിം, ജയ്‌സൺ ജോസഫ്, അഡ്വ. പി.എസ് രഘുറാം, നാട്ടകം സുരേഷ്, ഡി.സി.സി ജനറൽ സെക്രട്ടറി യുജിൻ തോമസ്, എൻ.എസ്.ഹരിചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

Latest News