റിയാദ് - രണ്ടു വർഷത്തിനിടെ സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണം 50 ശതമാനം തോതിൽ വർധിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. രണ്ടു വർഷത്തിനിടെ വീട്ടുവേലക്കാരുടെ എണ്ണത്തിൽ 12.1 ലക്ഷം പേരുടെ വർധനയാണുണ്ടായത്. ഈ വർഷം ആദ്യ പാദാവസാനത്തെ കണക്കുകൾ പ്രകാരം സൗദിയിൽ 36 ലക്ഷം ഗാർഹിക തൊഴിലാളികളുണ്ട്. 2018 ആദ്യ പാദത്തിൽ ഗാർഹിക തൊഴിലാളികൾ 23.9 ലക്ഷമായിരുന്നു.
വീട്ടുവേലക്കാർ, ശുചീകരണ തൊഴിലാളികൾ, വാച്ച്മാന്മാർ (ഹാരിസ്), പാചകക്കാർ, ട്യൂഷൻ അധ്യാപകർ, ആയമാർ, ഹോം നഴ്‌സുമാർ, ഹൗസ് ഡ്രൈവർമാർ എന്നീ വിഭാഗങ്ങളെല്ലാം ഗാർഹിക തൊഴിലാളികളുടെ ഗണത്തിൽ പെടുന്നു. കഴിഞ്ഞ കൊല്ലം വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ 13 ലക്ഷം തൊഴിൽ വിസകൾ അനുവദിച്ചു. 2018 ൽ വിദേശ തൊഴിലാളികൾക്ക് ആറു ലക്ഷം വിസകളാണ് അനുവദിച്ചത്. കഴിഞ്ഞ വർഷം വിദേശ തൊഴിലാളികൾക്ക് അനുവദിച്ച വിസകളിൽ 116 ശതമാനം വർധന രേഖപ്പെടുത്തി. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ കഴിഞ്ഞ വർഷം അഞ്ചു ലക്ഷത്തോളം വിസകൾ അനുവദിച്ചു. കഴിഞ്ഞ കൊല്ലം ആകെ അനുവദിച്ച തൊഴിൽ വിസകളിൽ 38.4 ശതമാനം ഗാർഹിക തൊഴിലാളികൾക്കായിരുന്നു.
കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണം 28.6 ലക്ഷമായി ഉയർന്നു. 2018 ആദ്യ പാദത്തിൽ ഗാർഹിക തൊഴിലാളികൾ 23.9 ലക്ഷമായിരുന്നു. 2018 ആദ്യ പാദത്തിനും 2019 ആദ്യ പാദത്തിനും ഇടയിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 4,64,594 പേരുടെ വർധനയുണ്ടായി.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഗാർഹിക തൊഴിലാളികളുടെ എണ്ണം 25.8 ശതമാനം തോതിൽ വർധിച്ചതായും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. 2019 ആദ്യ പാദത്തിൽ ഗാർഹിക തൊഴിലാളികൾ 28.6 ലക്ഷമായിരുന്നു. ഈ വർഷം ആദ്യ പാദത്തിൽ വീട്ടുവേലക്കാരുടെ എണ്ണം 36 ലക്ഷമായി ഉയർന്നു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പുരുഷ ഗാർഹിക തൊഴിലാളികൾ 25.98 ലക്ഷമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തിൽ പുരുഷ ഗാർഹിക തൊഴിലാളികൾ 19.18 ലക്ഷമായിരുന്നു. ഇതേ കാലയളവിൽ വനിതാ ഗാർഹിക തൊഴിലാളികളുടെ എണ്ണം 9,45,273 ൽ നിന്ന് 10.6 ലക്ഷമായി ഉയർന്നു.
കഴിഞ്ഞ കൊല്ലം അവസാന പാദത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ പാദത്തിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണം 3.75 ശതമാനം തോതിൽ വർധിച്ചു. ഈ വർഷം ആദ്യ പാദത്തിൽ പുരുഷ ഗാർഹിക തൊഴിലാളികളുടെ എണ്ണം മൂന്നു ശതമാനം തോതിൽ വർധിച്ചു. കഴിഞ്ഞ കൊല്ലം അവസാന പാദത്തിൽ പുരുഷ ഗാർഹിക തൊഴിലാളികൾ 25.22 ലക്ഷമായിരുന്നു. ഈ കൊല്ലം ആദ്യ പാദത്തിൽ വനിതാ ഗാർഹിക തൊഴിലാളികളുടെ എണ്ണം 8.6 ശതമാനം തോതിൽ കുറയുകയും ചെയ്തു. കഴിഞ്ഞ വർഷം അവസാന പാദത്തിൽ വനിതാ ഗാർഹിക തൊഴിലാളികൾ 11.68 ലക്ഷമായിരുന്നു.