കോഴിക്കോട്- സമൂഹവ്യാപനഭീതി നിലനില്‍ക്കുന്ന കോഴിക്കോട് തൂണേരിയില്‍ ഇന്ന് കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക. ഇന്ന് 600 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 43 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ആന്റിജന്‍ ടെസ്റ്റിലാണ് ഇത്രയും പേരുടെ ഫലം സ്ഥിരീകരിച്ചിരിക്കുന്നത്.പിസിആര്‍ പരിശോധന കൂടി നടത്തിയ ശേഷമേ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവൂ. ഇന്നലെ തൂണേരി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ അഞ്ഞൂറ് പേരുടെ സാംപിള്‍ ശേഖരിച്ച് പരിശോധിച്ചതില്‍ 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ തൂണേരി പഞ്ചായത്ത് പ്രസിഡന്റും രണ്ട് വാര്‍ഡ് മെംബര്‍മാരും ഉള്‍പ്പെടും.തൂണേരി പഞ്ചായത്തിലെ നാലാം വാര്‍ഡ് സ്വദേശിനിയായ 67കാരിക്കാണ് പ്രദേശത്ത് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. കാലിന് ശസ്ത്രക്രിയ ചെയ്യാനായി കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് കോവിഡ് പരിശോധന നടത്തിയപ്പോള്‍ ആണ് രോഗം സ്ഥിരീകരിച്ചത്. പിന്നാലെ ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി അതിലുള്ളവരേയും പരിശോധിച്ചപ്പോള്‍ തൂണേരി ഗ്രാമത്തിലാകെ വൈറസ് പടര്‍ന്ന് വിവരം പുറത്തറിയുന്നത്. ഇവരുടെ മകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ച സ്ത്രീ പല മരണവീടുകളിലും എത്തിയിരുന്നതായി ആരോഗ്യവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.