Sorry, you need to enable JavaScript to visit this website.

പാലത്തായി: സമ്മർദങ്ങൾക്കൊടുവിൽ അപൂർണ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്; പ്രതിഷേധം ശക്തം

പാലത്തായി കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിൽ പ്രതിഷേധിച്ച് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് പ്രവർത്തകർ കണ്ണൂർ കലക്ടറേറ്റ് ഉപരോധിക്കുന്നു.

കണ്ണൂർ - പാലത്തായിയിൽ ബി.ജെ.പി നേതാവ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച അപൂർണ കുറ്റപത്രം കേരളത്തോടുള്ള വഞ്ചനയാണെന്ന് വിവിധ സംഘടനകളും പ്രതിഷേധക്കാരും പറഞ്ഞു. സമ്മർദങ്ങൾക്കൊടുവിൽ
പോക്‌സോ കേസ് ഒഴിവാക്കി അപൂർണമായ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച് കൈകഴുകുകയായിരുന്നു. കുറ്റപത്രം സമർപ്പിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരുന്നത്. രമ്യ ഹരിദാസ് എം.പിയുടെ നേതൃത്വത്തിലുള്ള ശക്തമായ പ്രതിഷേധം നടന്നുവരുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് ഇന്നലെ കുറ്റപത്രം സമർപ്പിച്ചത്. 
വിവിധ സംഘടനകൾ കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. കൂടാതെ, സമൂഹ മാധ്യമങ്ങളിലും വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നു. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ പ്രതിഷേധ കമന്റുകൾ നിറഞ്ഞിരുന്നു. പ്രതിയെ സംരക്ഷിക്കാൻ പോലീസ് കൂട്ടുനിൽക്കുകയാണെന്നാണ് വ്യാപക ആക്ഷേപം. മുസ്‌ലിം ലീഗും കഴിഞ്ഞ ദിവസങ്ങളിലായി പ്രക്ഷോഭ രംഗത്താണ്.


ജൂലൈ എട്ടിന് പ്രതിയുടെ ജാമ്യഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് മുമ്പ് തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും അതും തള്ളി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ പെൺകുട്ടിയുടെ മാതാവിനെയും കക്ഷി ചേർത്താണ് ഹൈക്കോടതി പത്മരാജന്റെ ജാമ്യഹരജി തള്ളിയത്. കുട്ടിയുടെ മാനസിക സന്തുലിതാവസ്ഥ അപകടത്തിലാണെന്നും ചോദ്യം ചെയ്യാൻ കൂടുതൽ സമയം ആവശ്യമാണെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന് വേി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ സുമൻ ചക്രവർത്തി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയെ അറിയിച്ചത്. പ്രതി പത്മരാജൻ ആദ്യം പെൺകുട്ടിയെ സ്‌കൂളിലെ ശുചിമുറിയിൽ വെച്ച് പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടിൽ കൊണ്ടുപോയി മറ്റൊരാൾക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. 

 

 

ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം കേരളത്തോടുള്ള വഞ്ചന -വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് 

ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം അപൂർണമാണെന്നും കേരളത്തോടുള്ള വഞ്ചനയാണെന്നും വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് പറഞ്ഞു. അവസാന മണിക്കൂറിൽ ചുട്ടെടുത്ത അങ്ങേയറ്റം ലജ്ജാകരമായ ഒരു കുറ്റപത്രം കോടതിയിൽ സമർപ്പിച്ച് ക്രൈംബ്രാഞ്ച് കേരളത്തിന്റെ മനസ്സാക്ഷിയെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. പോക്‌സോ കേസ് ഒഴിവാക്കി പരമാവധി മൂന്ന് വർഷം മാത്രം ശിക്ഷ ലഭിക്കാവുന്ന ജുവനൈൽ ആക്ട് മാത്രം ചുമത്തിയ ഈ കുറ്റപത്രം സ്വർണക്കടത്ത് കേസിൽ ചീഞ്ഞു നാറുന്ന അകത്തളങ്ങളിൽ പിണറായിയുടെ നേതൃത്വത്തിൽ നടന്ന വിലപേശലുകൾക്കും കൊടുക്കൽ വാങ്ങലുകൾക്കും ശേഷം തയാറാക്കപ്പെട്ട ഈ പൊറാട്ടു നാടകം മാത്രമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ കേരളം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും അവർ ആവശ്യപ്പെട്ടു. 


രാവിലെ പാലത്തായി പോക്‌സോ പ്രതി ബി.ജെ.പി നേതാവ് പത്മരാജനെതിരെ 90 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാലും പ്രതിക്ക് ജാമ്യം കിട്ടാനുള്ള സാഹചര്യമുളളതിനാലും 'കുറ്റപത്രമെവിടെ മുഖ്യമന്ത്രീ' എന്ന മുദ്രാവാക്യമുയർത്തി വിമൻ ജസ്റ്റിസ് കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. മാർച്ചിൽ പോലീസ് ഉന്തും തള്ളും നടത്തി സംഘർഷമുണ്ടാക്കി. സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ്, ജില്ലാ പ്രസിഡന്റ് ഷാഹിന ലത്തീഫ്, സെക്രട്ടറി ലില്ലി ജെയിംസ്, ത്രേസ്യാമ്മ മാളിയേക്കൽ, രഹ്‌ന ടീച്ചർ, സാജിദ സജീർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.


മാർച്ച് ലൈവ് ചെയ്ത ഫ്രറ്റേണിറ്റി പ്രവർത്തകൻ ഷഹീന്റെ മൊബൈൽ പോലീസ് പിടിച്ചെടുക്കുകയും ലൈവ് തടസ്സപ്പെടുത്തി ഫോണിലെ ലൈവ് കാൻസൽ ചെയ്യുകയും ചെയ്തു. ആയിരക്കണക്കിന് ആളുകൾ കണ്ട് കൊണ്ടിരുന്ന ലൈവ് തടസ്സപ്പെടുത്തിയത് പ്രതിഷേധം ജനങ്ങളിലെത്താതിരിക്കാനാണെന്ന് ജബീന ഇർഷാദ് ആരോപിച്ചു.  വൈകീട്ട് ജബീന ഇർഷാദിന്റെ സമാപന പ്രസംഗത്തോടെ ഉപരോധം പിരിഞ്ഞു. 
കുട്ടി മൊഴി കൊടുക്കാൻ തയാറായിരിക്കെ ക്രൈംബ്രാഞ്ച് മൂന്ന് മാസമായിട്ടും മൊഴിയെടുക്കാത്തത് ഒത്തുകളിയുടെ ഭാഗമാണ്. ഈ കേസിൽ ഇടത് സർക്കാർ ബി.ജെ.പിയുമായി ഒത്തു കളിക്കുകയാണെന്ന് അവർ ആരോപിച്ചു. ഇനിയും പത്മരാജനെ രക്ഷിക്കാനാണ് പിണറായി സർക്കാരിന്റെ ഭാവമെങ്കിൽ നീതി കിട്ടും വരെ വിമൻ ജസ്റ്റിസ് പ്രക്ഷോഭത്തിലുണ്ടാകും. കേരളം മുഴുവൻ ഈ പ്രക്ഷോഭം അലയടിക്കുമെന്നും അവർ പറഞ്ഞു. സമരക്കാർ കലക്ടറേറ്റിന്റെ പ്രധാന ഗേറ്റ് അഞ്ച് മണിക്കൂർ ഉപരോധിച്ചു.

 

 

Latest News