അബഹ- പെരിന്തൽമണ്ണ അരക്കുപറമ്പ് പുത്തൂർ ഓങ്ങോട്ടിൽ വലിയ പീടികക്കൽ മുഹമ്മദ് കുട്ടിയുടെ മകൻ അബ്ദുൽ റഹീം (35 ) വാഹനാപകടത്തിൽ മരിച്ചു. അബഹ അൽബാഹ റോഡിൽ 200 കിലോമീറ്റർ അകലെയുള്ള സബ്ത്തൽ അലയ എന്ന സ്ഥലത്തു ഇന്നലെ രാത്രി റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വദേശി പൗരന്റെ വാഹനം ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതതയിൽ ദൂരേക്ക് തെറിച്ച് വീണ് തത്സമയം തന്നെ മരണം സംഭവിക്കുകയായിരുന്നു.
പതിനഞ്ചു വർഷമായി സൗദിയിൽ ഉള്ള റഹീം ഖഫീലിനോടൊത്ത് ജിദ്ദയിയിൽ െ്രെഡവർ ആയി ജോലി ചെയ്യുകയായിരുന്നു. സ്‌കൂൾ അവധി ആയതിനാൽ ഖഫീലിന്റെ ജന്മനാടായ സബ്ത്തൽ അലയയിൽ മൂന്ന് ദിവസം മുൻപാണ് വന്നത്. സ്‌പോൺസറുടെ വീട്ടിലേക്ക് മരുന്ന് വാങ്ങാൻവേണ്ടി അലയ ടൗണിൽ വാഹനം നിർത്തി മെഡിക്കൽ ഷോപ്പിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം.
ഭാര്യ ഷബ്‌ന ഷെറിൻ, മക്കൾ ദിയ ഫർഷ (5), റൂഹ (2), മാതാവ് ആയിഷ, സഹോദരിമാർ, റജൂബ, റൈഹാനത്ത്, റജീന. സഹോദരീ ഭർത്താക്കന്മാർ മുസ്തഫ, അയ്യൂബ്, റഫീഖ്.
നിയമ സഹായങ്ങൾ ചെയ്യാൻ ഇന്ത്യൻ സോഷ്യൽ ഫോറം അലയ പ്രസിഡണ്ട് നാസ്സർ നാട്ടുകൽ രംഗത്തുണ്ട്. സബ്ത്തൽ അലയ ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി അലയയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.