ജിദ്ദ - സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ ലൈക്കും ഷെയറും കിട്ടാന്‍ ദൃശ്യങ്ങള്‍ തേടി നടക്കുന്നവര്‍ ജാഗ്രതൈ. സൗദി അറേബ്യയില്‍ സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരുടെ അറസ്റ്റും ശിക്ഷയും ഗണ്യമായി വര്‍ധിക്കുകയാണ്. സൈബര്‍ ക്രൈം നിയമം വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കാനാണ് അധികൃതരുടെ തീരുമാനം. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ പ്രേരിപ്പിക്കുന്നതിന് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായത്.
പൂച്ചകളെ കൂട്ടത്തോടെ വെടിവെച്ചു കൊലപ്പെടുത്തിയ സൗദി യുവാവിനെ ജിദ്ദ ക്രിമിനല്‍ കോടതി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചു. പ്രതിക്ക് 20,000 റിയാല്‍ പിഴ ചുമത്തിയിട്ടുമുണ്ട്. പൂച്ചകളെ വെടിവെച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും കൃത്യത്തിന് ഉപയോഗിച്ച തോക്കും കണ്ടുകെട്ടുന്നതിനും പ്രതിയുടെ സ്‌നാപ് ചാറ്റ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനും കോടതി വിധിച്ചു.
യുവാവ് പൂച്ചകളെ വെടിവെച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. മതമൂല്യങ്ങള്‍ക്കും പൊതുസംസ്‌കാരത്തിനും കോട്ടംതട്ടിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെ സൈബര്‍ ക്രൈം നിയമം അനുസരിച്ചാണ് കോടതി ശിക്ഷിച്ചത്.
മൂന്നു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. തെരുവുകളില്‍ കറങ്ങുന്ന പൂച്ചകളെ വെടിവെച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് യുവാവ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇത് പൊതുസമൂഹത്തിന്റെ കടുത്ത രോഷത്തിന് ഇടയാക്കി. തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്ത് നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ സുരക്ഷാ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.