റിയാദ് - സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന തൊഴിൽ വിസയുടെ കാലാവധി ഒരു വർഷമായി കുറച്ചു. ഇതുവരെ തൊഴിൽ വിസ കാലാവധി രണ്ടു വർഷമായിരുന്നു. തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അലി അൽഗഫീസാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്. സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും അനുവദിക്കുന്ന വിസകളും ഗാർഹിക തൊഴിലാളികൾക്കു അനുവദിക്കുന്ന വിസകളും പുതിയ നിബന്ധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിസാ കാലാവധി പകുതിയായി കുറച്ചിരിക്കുന്നത്.
സ്വകാര്യ മേഖലക്ക് അനുവദിച്ച വിസകളിൽ കഴിഞ്ഞ വർഷം 29 ശതമാനം കുറവുണ്ടായി. 2016 ൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് ആകെ 14 ലക്ഷം വിസയാണ് അനുവദിച്ചത്. 2015 ൽ 19.7 ലക്ഷം വിസ അനുവദിച്ചിരുന്നു. മൂന്നു വർഷത്തിനിടെ ആദ്യമായാണ് തൊഴിൽ വിസകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയത്.
സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് അനുവദിച്ച വർക്ക് പെർമിറ്റുകളുടെ എണ്ണം ഏഴു വർഷത്തിനു ശേഷം ആദ്യമായി മൂന്നു ശതമാനം കുറഞ്ഞതായും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി. കഴിഞ്ഞ കൊല്ലം 82.5 ലക്ഷം വർക്ക് പെർമിറ്റുകളാണ് മന്ത്രാലയം അനുവദിച്ചത്. സ്‌പോൺസർഷിപ്പ് മാറ്റിയ തൊഴിലാളികളുടെ എണ്ണത്തിലും കഴിഞ്ഞ വർഷം 21 ശതമാനം കുറവുണ്ടായി. 2016 ൽ 4,80,000 വിദേശ തൊഴിലാളികളാണ് മറ്റു സ്ഥാപനങ്ങളുടെ പേരിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റിയത്.
ഹജ് സർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന 67 സ്ഥാപനങ്ങൾ ഇക്കഴിഞ്ഞ ഹജ് കാലത്ത് സീസൺ വിസകൾ വിൽപന നടത്തിയതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം കണ്ടെത്തിയിരുന്നു. ഈ സ്ഥാപനങ്ങൾക്ക് ആകെ ആറര കോടിയോളം റിയാൽ പിഴ ചുമത്തി. ഹജ് സേവന മേഖലയിലെ പദ്ധതികളുടെയും ജോലികളുടെയും കരാറുകൾക്കുള്ള ടെണ്ടറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് അഞ്ചു വർഷത്തേക്ക് ഈ സ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.
വിസ വിൽപന നടത്തിയ കേസിൽ കൂടുതൽ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് ഈ സ്ഥാപനങ്ങൾക്കെതിരായ കേസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. വിസ വിൽപന, സ്ഥാപനങ്ങളുടെ വിലാസം ശരിയല്ലാതിരിക്കുക, സീസൺ വിസയിൽ റിക്രൂട്ട് ചെയ്ത തൊഴിലാളികളുടെ പേരുവിവരങ്ങളും അവരുടെ പ്രൊഫഷനുകളെ കുറിച്ച വിവരങ്ങളും സമർപ്പിക്കാതിരിക്കുക എന്നീ നിയമ ലംഘനങ്ങളാണ് സ്ഥാപനങ്ങളുടെ ഭാഗത്ത് കണ്ടെത്തിയതെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു.