Sorry, you need to enable JavaScript to visit this website.

സ്വർണക്കടത്ത്: സി.ബി.ഐയും റോയും  അന്വേഷിക്കണമെന്ന് കോൺഗ്രസ്

തിരുവനന്തപുരം- സ്വർണക്കള്ളക്കടത്ത് കേസിൽ എൻ.ഐ.എ അന്വേഷണത്തോടൊപ്പം സി.ബി.ഐയും റോയും സംയുക്തമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ നാളെ സംസ്ഥാന വ്യാപകമായി ജില്ലാ കലക്ടറേറ്റുകളിലേക്ക് പ്രതിഷേധ ധർണകൾ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികളുമായി അടുത്തബന്ധം സൂക്ഷിക്കുന്ന മുൻ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറിനെ മുഖ്യമന്ത്രി ഇപ്പോഴും സംരക്ഷിക്കുന്നത് ദുരൂഹത വർധിപ്പിക്കുന്നു. 
ഓരോ ദിവസവും ശിവശങ്കറിനെതിരെ കൂടുതൽ ആരോപണങ്ങളാണ് ഉയരുന്നത്. എന്നാൽ അതെല്ലാം വെറും പുകമറയെന്ന നിലയിലാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഈ നിലപാട് വിചിത്രമാണ്. ശിവശങ്കറിനെ പിണക്കിയാൽ മുഖ്യമന്ത്രി അപകടത്തിലാകുമോയെന്ന് ഭയക്കുന്നു. മുഖ്യമന്ത്രിയെ മുൻനിർത്തി കഴിഞ്ഞ നാലുവർഷമായി ശിവശങ്കർ പിൻസീറ്റ് ഭരണം നടത്തുകയായിരുന്നു. 


സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെ ഉന്നത പദവിയിൽ സ്വന്തം വകുപ്പിന് കീഴിലുള്ള കെ.എസ്.ഐ.റ്റി.എല്ലിൽ നിയമിച്ചത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്നാണ് പറയുന്നത്. എന്നിട്ടും ഇവരെ അറിയില്ലെന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ഐ.ടി സ്പെയ്സ്പാർക്ക് മാനേജരായി നിയമനം നൽകിയത് എന്തുമാനദണ്ഡം വെച്ചാണ്. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലിനേടിയ വ്യക്തിക്കെതിരെ കേസെടുക്കാൻ ധൈര്യമില്ലാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നുള്ളത് വലിയ നാണക്കേടാണ്.
സ്വർണക്കടത്ത് കേസിൽ ഈ പ്രതിനായിക പിടിക്കപ്പെടുമെന്നായപ്പോൾ അവർക്ക് കേരളം വിടാൻ സൗകര്യമൊരുക്കി. കേരളാ പോലീസിന് ഇവരുടെ ചലനങ്ങൾ പൂർണമായും അറിയാമായിരുന്നു. അതിർത്തി കടന്ന് കേരളത്തിലേക്ക് വരാനോ, ഇവിടെ നിന്ന് പുറത്തേക്ക് പോകാനോ സർക്കാരിന്റെ അനുമതിയില്ലാതെ കഴിയില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടേയും ആഭ്യന്തരവകുപ്പിന്റേയും അറിവോടെ തന്നെയാണ് അവർ അതിർത്തി കടന്ന് ബംഗളൂരുവിലെത്തിയത്. 


ഇത് തീർച്ചയായും അന്വേഷിക്കേണ്ടതാണ്. അപൂർവങ്ങളിൽ അപൂർവമായ കള്ളക്കടത്ത് കേസാണിത്. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്ത് സംഘത്തിന് സർവസഹായവും ചെയ്തത് രാജ്യത്ത് ആദ്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. പതിനായിരക്കണക്കിന് ഉദ്യോഗാർഥികളായ ആൺകുട്ടികളും പെൺകുട്ടികളും നിയമനം കാത്ത് പി.എസ്.സിയിൽ കണ്ണുനട്ട് നിൽക്കുമ്പോഴാണ് ആയിരകണക്കിന് താൽക്കാലിക നിയമനങ്ങൾ ഇഷ്ടക്കാർക്കും സി.പി.എം അനുഭാവികൾക്കും സ്വന്തക്കാർക്കും ബന്ധുക്കൾക്കും യോഗ്യതയും മാനദണ്ഡവും നോക്കാതെ ഈ സർക്കാർ നൽകിയത്. മധ്യപ്രദേശിൽ നടന്ന വ്യാപം അഴിമതിയെപ്പോലും പിന്നിലാക്കിയാണ് പുറംവാതിൽ നിയമനങ്ങൾ നാലുവർഷം കൊണ്ട് ഇപ്പോഴത്തെ കേരള സർക്കാർ നടത്തിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

Latest News