ദുബായ്- സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ നയം വ്യക്തമാക്കി മൂന്നാം പ്രതി ഫൈസല്‍ ഫരീദ്. കേരളത്തിലെ വിവിധ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലാണ് കേസുമായി തനിക്ക് ഒരു ബന്ധവുമില്ല എന്ന് ഫൈസല്‍ വ്യക്തമാക്കിയത്.
തന്നെക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്ന് കസ്റ്റംസ് അന്വേഷിക്കുന്ന ഫൈസല്‍ പറഞ്ഞു. കേസില്‍ മൂന്നാംപ്രതിയായ ഫൈസല്‍ ഇടപാടില്‍ തനിക്ക് പങ്കില്ലെന്നാമ് വിശദീകരിക്കുന്നത്. പ്രചരിക്കുന്നത് തന്റെ ചിത്രമാണെങ്കിലും കള്ളക്കടത്തുമായി തനിക്ക് ബന്ധമില്ല. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍നിന്നാണ് ചിത്രങ്ങളെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ദുബായില്‍ ബിസിനസ് ചെയ്യുകയാണ്. സ്വര്‍ണക്കടത്തുമായി ഒരു ബന്ധവുമില്ല. ഈ സംഭവത്തെക്കുറിച്ച് വാര്‍ത്തകളില്‍ മാത്രമാണ് കാണുന്നത്. തന്റെ പേരില്‍ പ്രചരിക്കുന്നത് നൂറു ശതമാനവും വ്യാജമായ കാര്യമാണ്. പ്രതികളായ ആരെയും പരിചയമില്ല.
വീട്ടുകാര്‍ എല്ലാവരും ദുബായിലാണുള്ളത്. അതുകൊണ്ടുതന്നെ നിലവില്‍ നാട്ടിലേയ്ക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഫൈസല്‍ ഫരീദ് പറഞ്ഞു.
മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. പോലീസ് എന്ന് പറഞ്ഞ് നാട്ടില്‍നിന്ന് പലരും തന്നെ വിളിക്കുന്നുണ്ട്. ഇവര്‍ പേരുപോലും പറയാന്‍ തയാറാകുന്നില്ലെന്നും ഇയാള്‍ പറഞ്ഞു.