റിയാദ്- സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ ഉന്നത സാങ്കേതിക രംഗത്ത് സൗദി യുവതി യുവാക്കൾക്ക് പരിശീലനം നൽകുന്ന പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നതിനും പരിശീലനം നടത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനും നൂതന സംവിധാനമായി. സൗദി മാനവ വിഭവശേഷി വികസന നിധി (ഹദഫ്), സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റി, പ്രോഗ്രാമിംഗ് ആന്റ് ഡ്രോൺസ് (എസ്.എ.എഫ്.സി.എസ്.പി) എന്നീ വിഭാഗങ്ങൾ സംയുക്തമായി ചേർന്ന് രൂപീകരിക്കുന്ന സംഘമായിരിക്കും വിപണിയിൽ സ്വദേശി യുവതീയുവാക്കൾക്ക് തൊഴിൽ വൈദഗ്ധ്യം ആർജിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക.
സൈബർ സെക്യൂരിറ്റി, പ്രോഗ്രാമിംഗ്, ബിഗ് ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിൽ ലിംഗവ്യത്യാസമില്ലാതെ സ്വദേശികളെ പരിശീലനം നൽകി നിയമിക്കുന്നതിനാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. വിദഗ്ധ പരിശീലനം നൽകിയതിനു ശേഷം തൊഴിൽ നൈപുണി വർധിപ്പിച്ച് സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ സ്വദേശികളെ നിയമിക്കുന്നതോടൊപ്പം അവർക്ക് ജോലി സ്ഥിരത ഉറപ്പാക്കുന്നതിന് എസ്.എ.എഫ്.സി.എസ്.പിയും ഹദ്ഫും ധാരണയിലെത്തിയിട്ടുണ്ട്. അടുത്ത നാല് മാസം ഫീൽഡ് പരിശോധനയിലൂടെ തൊഴിൽ പരിശീലനത്തിന്റെ ഗുണനിലവാരം അളന്ന് പദ്ധതിയുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഹദഫ് ചെയ്യുക. പരിശോധനയുടെ റിപ്പോർട്ട് മാസാന്തം ഹദ്ഫ് പ്രസിദ്ധീകരിക്കുകയും ചെയ്യും. അതേസമയം, പരിശീലനം പൂർത്തിയാക്കിയ ഉദ്യോഗാർഥികളെ അനുയോജ്യമായ സ്ഥാപനങ്ങളിൽ നിയമനം നൽകുന്നതിന് എസ്.എ.എഫ്.സി.എസ്.പി മേൽനോട്ടം വഹിക്കും.
സൗദി അറേബ്യൻ ടെക്‌നിക്കൽ മേഖലയുടെ ശേഷി ഉയർത്തി വിപണിയുടെ ആവശ്യാനുസരണം സാങ്കേതിക വിദഗ്ധരെ ലഭ്യമാക്കുന്നതിന് രണ്ട് വകുപ്പുകളുടെയും ധാരണ സഹായകമാകും. ഫൗണ്ടേഷൻ കോഴ്‌സ് ഫോർ സൈബർ സെക്യൂരിറ്റി, ഡിഫൻസീവ് പ്രൊട്ടക്ഷൻ, ഒഫൻസീവ് പ്രൊട്ടക്ഷൻ, ടെക്‌നിക്കൽ ഇൻഫ്രാസ്ട്രക്ചർ, റിവേഴ്‌സ് എൻജിനീയറിംഗ് എന്നീ മേഖലകളിലാണ് സൗദി യുവതീയുവാക്കൾക്ക് സൈബർ സുരക്ഷാരംഗത്ത് പരിശീലനം നൽകുന്നത്.
ഫുൾസ്റ്റാക്ക് ഡെവലപ്‌മെന്റ്, ഇന്റഗ്രേറ്റഡ് പ്രോഗ്രാമിംഗ് (നെറ്റ്), ഡിസൈനിംഗ് എക്‌സ്പീരിയൻസ്, ആൻഡ്രോയ്‌സ് ആന്റ് ഐ.ഒ.എസ് ആപ്ലിക്കേഷൻസ് എന്നീ മേഖലകളിലാണ് പ്രോഗ്രാമിംഗ് രംഗത്ത് പരിശീലനം നൽകുന്നത്. കൂടാതെ ഡാറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലും സൗദി യുവതീയുവാക്കളെ മുൻപന്തിയിലെത്തിക്കുന്നതിനാണ് ഹദഫ് നിർണായക നീക്കത്തിലൂടെ ലക്ഷ്യം വെക്കുന്നത്.