ദുബായ്- തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ പ്രതിയാക്കിയ നാലുപേരില്‍ മൂന്നും പിടിയിലായതോടെ, ഇനി ശ്രദ്ധ ദുബായിലേക്ക്. മൂന്നാം പ്രതി ഫൈസല്‍ ഫരീദ് ദുബായിലാണുള്ളത്.
പത്തൊമ്പതാം വയസ്സ് മുതല്‍ ദുബായിലുള്ള ഫൈസല്‍ സിനിമാ താരങ്ങളടക്കം പല പ്രമുഖരുമായും ബന്ധമുള്ളയാളാണെന്ന വിവരമാണ് പുറത്തുവരുന്നത്. ഇദ്ദേഹത്തിന്റെ പിതാവ് ഫരീദ് ഈയിടെ യു.എ.ഇയില്‍ മരിച്ചിരുന്നു.
മിതഭാഷിയായ ഫൈസല്‍ഫരീദ് എന്ന മുപ്പത്താറുകാരന്‍ മികച്ച കാര്‍ റേസറാണെന്നും ആഡംബരം ജീവിതം ഇഷ്ടപ്പെടുന്നയാളാണെന്നും പരിചയക്കാര്‍ പറയുന്നു. റാഷിദിയ്യയിലെ വില്ലയിലാണ് ഫൈസല്‍ ഫരീദ് താമസിക്കുന്നത്. ഖിസൈസില്‍ ആഡംബര വാഹന വര്‍ക് ഷോപ്പും ഒരു ജിംനേഷ്യവും ഇയാള്‍ നടത്തുന്നുണ്ട്. ആഡംബര കാറുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന വര്‍ക്‌ഷോപ്പില്‍ പല പ്രമുഖരുമെത്താറുണ്ട്.
മലയാളം, ബോളിവുഡ് സിനിമാ താരങ്ങള്‍ ദുബായിലെത്തിയാല്‍ ഇയാളുടെ ജിംനേഷ്യവും സന്ദര്‍ശിക്കും. കഴിഞ്ഞ നവംബറില്‍ പുതിയ ജിംനേഷ്യം ഉദ്ഘാടനം ചെയ്തത് ബോളിവുഡ് താരം അര്‍ജുന്‍ കപൂറാണ്.