കൊച്ചി- സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും റിമാന്റ് ചെയ്തു.എൻ.ഐ.എ പ്രത്യേക ജഡ്ജി എൻ.കൃഷ്ണകുമാറാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. രണ്ടാം പ്രതി സ്വപ്നയെ തൃശൂർ കോവിഡ് നിരീക്ഷണത്തിലേക്കും നാലാം പ്രതി സന്ദീപ് നായരെ അങ്കമാലി കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റും. പതിനാലു ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. കോവിഡ് പരിശോധന ഫലം വന്ന ശേഷമായിരിക്കും ഇവരെ എൻ.ഐ.എ കസ്റ്റഡിയിൽ വാങ്ങുക. ഇന്നലെ വൈകിട്ടാണ് ഇവരെ എൻ.ഐ.എ സംഘം ബംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്. രാവിലെ കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ എത്തിച്ച ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.